ചണ്ഡീഗഡ്: ഭർത്താവ് ഉൾപ്പെടെ എട്ടുപേർക്കെതിര വ്യാജ മാനഭംഗ പരാതി നൽകിയ യുവതിക്ക് ഏഴുവർഷം തടവുശിക്ഷ. ഹരിയാനയിലെ റോത്തക്കിലുള്ള ഒരു കോടതിയാണ് ഇരുപത്തിയെട്ടുകാരിയായ മീനാക്ഷി എന്ന യുവതിയെ വ്യാജപരാതി നൽകിയതിന് ശിക്ഷിച്ചത്.

2010 ജൂണിലാണ് യുവതി പരാതി നൽകിയത്. വീടിനടുത്തുള്ള ഒരാളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ചേർന്ന് കൂട്ടമാനഭംഗം ചെയ്‌തെന്നായിരുന്നു പരാതി. കാറിൽ കയറ്റിയായിരുന്നു പീഡനം. പീഡിപ്പിച്ചയാളെ കൊണ്ട് നിർബന്ധപൂർവം തന്നെ വിവാഹം കഴിപ്പിച്ചു. വിവാഹശേഷവും പീഡനം തുടർന്നതായും മീനാക്ഷി പരാതിയിൽ ചൂണ്ടിക്കാട്ടി.

17 സാക്ഷികളെ വിസ്തരിച്ച കോടതി, പരാതി വ്യാജമാണെന്നു കണ്ട് 2015ൽ യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും വെറുതെ വിട്ടിരുന്നു. തെറ്റായ തെളിവുകൾ നൽകിയതിന് യുവതിക്കെതിരെ കേസെടുക്കാൻ കോടതി തുടർന്ന് നിർദേശിക്കുകയായിരുന്നു.