സോനാപേട്ട്: ഹരിയാനയിലെ സോനാപേട്ടിൽ ജിവാനന്ദ് പബ്ലിക് സ്‌കൂളിന്റെ മേൽക്കൂര തകർന്ന് 25 കുട്ടികൾക്ക് പരിക്കേറ്റു. ഏഴ് പേരുടെ നില ഗുരുതരമാണ്. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

27 കുട്ടികളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. മൂന്ന് തൊഴിലാളികൾ കെട്ടിടത്തിന്റെ ടെറസിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റു. കുട്ടികളിൽ പലരും മേൽക്കൂരയ്ക്ക് അടിയിലായിരുന്നു. ഏഴ് കുട്ടികളെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിജിഐ രോഹ്തക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി കുട്ടികളെ ഗനൗർ കമ്യൂണിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

സംഭവത്തെ തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റും സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ്ജും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. അപകട സ്ഥലത്തെത്തിയ പൊലീസ് ദുരന്തത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു.