മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ നീക്കാനുള്ള തീരുമാനം ടാറ്റ ഗ്രൂപ്പ് എടുത്തതു മാസങ്ങൾക്കു മുമ്പ്. ചെയർമാൻ സ്ഥാനത്തേക്ക് മിസ്ത്രിയെ എത്തിച്ചതു മാസങ്ങൾ നീണ്ട ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ശേഷമായിരുന്നു. എന്നാൽ, പുറത്താക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടർ ബോർഡു യോഗം വെറും അരമണിക്കൂർ മാത്രമാണു നീണ്ടത്. അതിനർഥം മിസ്ത്രിയെ പുറത്താക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നാണ്.

അതേസമയം, മിസ്ത്രിയെ പുറത്താക്കിയത് എന്തിനാണ് എന്ന് ഇതുവരെ ടാറ്റ ഡയറക്ടർ ബോർഡോ മിസ്ത്രിയോ വ്യക്തമാക്കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ അത്തരത്തിലൊരു വെളിപ്പെടുത്തൽ ഇനിയുണ്ടാകാനുമിടയില്ല.

മൂല്യങ്ങളും വ്യവസായ തന്ത്രങ്ങളുടെയും സമന്വയം പാളി

ലിയൊരു തീരുമാനം വളരെ വേഗം എടുക്കാൻ രാജ്യത്തെ ഏറ്റവുംവലിയ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടർമാർക്കു കഴിഞ്ഞപ്പോൾ തന്നെ ഈ തീരുമാനം മുമ്പേ നിശ്ചയിച്ചുറപ്പിച്ചതാണെന്നു വ്യക്തമാണ്. അതിന് ഔപചാരിക അംഗീകാരം വാങ്ങാൻ മാത്രമുള്ളതായിരുന്നു ഡയറക്ടർബോർഡ് യോഗം.

148 വർഷത്തെ പൈതൃകമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മൂല്യങ്ങളിൽനിന്നും വ്യവസായ തന്ത്രങ്ങളിൽനിന്നും വ്യതിചലിച്ചതാണ് മിസ്ത്രിക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായതെന്നാണ് നിരീക്ഷകർ കരുതുന്നത്. ഇതേച്ചൊല്ലി ടാറ്റാ കുടുംബത്തിന്റെ കാരണവരായ രത്തൻ ടാറ്റയും കുടുംബത്തിനുപുറത്തുനിന്നെത്തി ചെയർമാനായ സൈറസ് മിസ്ത്രിയും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയുമുണ്ടായിരുന്നു.

ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച

വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളാണു ടാറ്റ ഗ്രൂപ്പിന്റേതായി വിപണിയിലുള്ളത്. ആറുലക്ഷം ജീവനക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യവുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയാണ് ടാറ്റാ സൺസ്. ടാറ്റാ സൺസ് ചെയർമാനാണ് ഫലത്തിൽ ഗ്രൂപ്പിന്റെ ചെയർമാനാവുക. ഇത്രയും വലിയൊരു സാമ്രാജ്യം നിയന്ത്രിക്കാൻ മാനേജ്മെന്റ് പാടവത്തിനൊപ്പം ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളും വേണം. അത് മിസ്ത്രിക്കില്ലായിരുന്നെന്നാണ് രത്തൻ ടാറ്റയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഭാവിപരിപാടികളുടെ ദർശനരേഖ അവതരിപ്പിക്കാൻ ഡയറക്ടർമാർ പലവട്ടം മിസ്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ലെന്ന് കമ്പനിവൃത്തങ്ങൾ പറയുന്നു.

ഇന്ത്യൻകമ്പനിയെന്ന നിലയിൽനിന്ന് ടാറ്റയെ ആഗോള സ്ഥാപനമാക്കിയത് മിസ്ത്രിക്കുമുമ്പ് ചെയർമാനായിരുന്ന രത്തൻ ടാറ്റയാണ്. യൂറോപ്പിലെ കമ്പനികൾ ഏറ്റെടുത്തത് അതിന്റെ ഭാഗമായിരുന്നു. എന്നാൽ, ചില മേഖലകളിൽനിന്ന് പിന്മാറി ലാഭമുണ്ടാക്കുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു മിസ്ത്രിയുടെ നിലപാട്. 2007-ൽ രത്തൻ ടാറ്റ മുൻകൈയെടുത്ത് വാങ്ങിയ യൂറോപ്പിലെ ഉരുക്കുശാലകൾ മിസ്ത്രി വിറ്റൊഴിച്ചത് അതിന്റെ ഭാഗമായിരുന്നു. യൂറോപ്പിലെ ഹോട്ടലുകൾ പലതും അദ്ദേഹം കൈയൊഴിഞ്ഞു. ടാറ്റാ സ്റ്റീൽ രണ്ടു വർഷം തുടർച്ചയായി നഷ്ടമുണ്ടാക്കുകയുംചെയ്തു.

ഐ.ടി. രംഗത്തുള്ള ടാറ്റാ കൺസൾട്ടൻസിയും യു.കെ.യിലെ ആഡംബര വാഹന നിർമ്മാണ സ്ഥാപനമായ ജാഗ്വാർ ലാൻഡ്റോവറും മാത്രമാണ് മിസ്ത്രിയുടെ കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചത്. 2008-ൽ ടാറ്റ ഏറ്റെടുത്ത ജാഗ്വാറിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ മിസ്ത്രി ശ്രമിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. പാരമ്പര്യേതര ഊർജ രംഗത്തെ പ്രമുഖരായ വെൽസ്പൺ റിന്യൂവബിൾസ് ആൻഡ് സോളാർ പവറിനെ ഏറ്റെടുക്കാൻ മിസ്ത്രി തീരുമാനിച്ചത് ടാറ്റാ സൺസ് ബോർഡുമായി ആലോചിക്കാതെയാണ്.

ഡോക്കോമോക്കെതിരായ നിയമയുദ്ധം ശവപ്പെട്ടിയിലെ അവസാനത്തെ ആണി

പ്പാനിലെ ടെലികോം കമ്പനിയുമായി ചേർന്ന് ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ആരംഭിച്ച ടാറ്റ ഡോകോമോയിൽനിന്നു പിന്മാറാൻ ആഗ്രഹിച്ച ഡോകോമോയെ നിയമ യുദ്ധത്തിലേക്കു വലിച്ചിഴച്ചത് സൈറസ് മിസ്ത്രിയുടെ പതനത്തിന് ആക്കം കൂട്ടി. സംയുക്ത സംരംഭം നഷ്ടം നേരിടുകയും ഡോകോമോ പിന്മാറാൻ തീരുമാനിക്കുകയും ചെയ്താൽ മുടക്കുമുതലിന്റെ പകുതി തിരികെ നൽകാമെന്ന് രത്തൻ ടാറ്റ നയിച്ച കാലത്ത് ടാറ്റ ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് 117 കോടി ഡോളർ ആവശ്യപ്പെട്ടത് സൈറസ് മിസ്ത്രി അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ നിയമ പ്രശ്‌നങ്ങൾക്കു കാരണം. യുഎസിലെ കോടതിയെ ആണു ഡോകോമോ സമീപിച്ചിരിക്കുന്നത്, രത്തൻ ടാറ്റയുമായി ഇടപെടാനേ താൽപര്യമുള്ളൂ എന്നാണു ഡോകോമോ ടാറ്റ സൺസിനെ അറിയിച്ചിരിക്കുന്നത്.

ഭിന്നതയ്ക്കു പിന്നിൽ വ്യക്തിപരമായ പ്രശ്‌നങ്ങളും?

വ്യവസായ വളർച്ചയുടെ മാത്രം പേരിലല്ല മിസ്ത്രിയുമായി ഭിന്നതയുണ്ടായതെന്നാണു സൂചന. അദ്ദേഹത്തിന്റെ കാലത്തും ടാറ്റ വളരുകയാണ് ചെയ്തത്. മിസ്ത്രി ചെയർമാനായി ചുമതലയേൽക്കുമ്പോൾ ടാറ്റയുടെ വിപണി മൂല്യം 4.97 ലക്ഷം കോടി രൂപയായിരുന്നു. തിങ്കളാഴ്ച മിസ്ത്രിയെ പുറത്താക്കാൻ തീരുമാനിക്കുമ്പോൾ അത് 8.71 ലക്ഷം കോടിയായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളും രത്തൻ ടാറ്റയും മിസ്ത്രിയും തമ്മിലുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. രണ്ടുവർഷം മുമ്പ് മിസ്ത്രിയുടെ പിതാവ് ഷപുർജി പല്ലോൻജിയുടെ ശതാബ്ദി ആഘോഷിച്ചപ്പോൾ ആ ചടങ്ങിൽ രത്തൻ ടാറ്റ പങ്കെടുത്തിരുന്നില്ല. ഇത് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓഹരി വിപണിയിൽ ടാറ്റയ്ക്ക് ഇടിവ്

സൈറസ് മിസ്ത്രിയുടെ പുറത്താകൽ ടാറ്റയ്ക്ക് ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണു നൽകിയത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങി ഗ്രൂപ്പിലെ പ്രമുഖ കമ്പനികളുടെ ഓഹരികളിൽപ്പോലും കനത്ത വിൽപന സമ്മർദം അനുഭവപ്പെട്ടു. ടാറ്റ സൺസിലെ ഏറ്റവും വലിയ ഓഹരിയുടമകളാണു 18.4% പങ്കാളിത്തമുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പ് എന്നതിനാൽ കോർപറേറ്റ് രംഗത്തെ നീണ്ടുനിന്നേക്കാവുന്ന യുദ്ധത്തിന്റെ കാഹളമാണു മുഴങ്ങിയിരിക്കുന്നത് എന്നു കരുതുന്നവരും ഏറെയാണ്. തലപ്പത്തെ അസ്വസ്ഥതകൾ തുടർക്കഥയായാൽ അതു കമ്പനികളുടെ നടത്തിപ്പിനെ ബാധിക്കുമോ എന്നാണ് ഓഹരി നിക്ഷേപകരുടെ ഭയം. എന്നാൽ, രത്തൻ ടാറ്റ ഇടക്കാല ചെയർമാനാകുമെന്നതു നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാൻ മതിയായ കാരണമാണെന്നും ഒരുവിഭാഗം പറയുന്നു.

ചർച്ചകളെല്ലാം പിൻഗാമിയെക്കുറിച്ച്

ടാറ്റയിൽ സൈറസ് മിസ്ത്രി യുഗം അവസാനിച്ചതോടെ വ്യവസായ ലോകം ചർച്ച ചെയ്യുന്നത് ടാറ്റയെ നയിക്കാൻ ഇനി ആരെന്നാണ്. പെപ്സിയുടെ ഇന്ദ്ര നൂയി, വോഡാഫോൺ മേധാവിയായിരുന്ന അരുൺ സരിൻ, ടാറ്റാ ഇന്റർനാഷണലിലെ നോയൽ ടാറ്റ, ടി.സി.എസിന്റെ സിഇഒ. എൻ. ചന്ദ്രശേഖരൻ, ടാറ്റാഗ്രൂപ്പിലെ തന്നെ ഇഷാത് ഹുസൈൻ, ബി. മുത്തുരാമൻ എന്നിവരാണു പരിഗണനയിൽ. ടാറ്റാ സൺസിലെ 66 ശതമാനം ഓഹരി കൈയാളുന്നത് ടാറ്റാ കുടുംബത്തിന്റെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ്. ട്രസ്റ്റുകളെ മാറ്റിനിർത്തിയാൽ ഏറ്റവുംവലിയ ഓഹരിയുടമയായ ഷപുർജി പല്ലോൻജി മിസ്ത്രിയുടെ ഇളയമകനാണ് ഇന്ത്യയിൽ ജനിച്ച് അയർലൻഡ് പൗരത്വം നേടിയ സൈറസ്. 18 ശതമാനം ഓഹരിയാണ് അവർക്കുള്ളത്. രണ്ടുട്രസ്റ്റുകളും ഫലത്തിൽ രത്തൻ ടാറ്റയുടെ നിയന്ത്രണത്തിലായതിനാൽ ടാറ്റാ സൺസിന്റെ ഭാവിയിൽ അദ്ദേഹത്തിന്റെ തീരുമാനമായിരിക്കും നിർണായകം.