- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് പിന്തുടരുന്നത് കണ്ട് ടാറ്റാ സുമോ നിർത്തി ഇറങ്ങിയോടിയത് 42 ക്രിമിനൽ കേസുകളിലെ പ്രതി; പിന്നെ വാഹനത്തിലുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ പൊലീസുകാരി; ലിഫട് ചോദിച്ച് കയറിയതാണെന്നും അതല്ല തന്റെ വാഹനത്തലിടിച്ചതിനാൽ സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നും വിശദീകരണം; ഹസീനയുടെ മൊഴികളിൽ വൈരുദ്ധ്യം
പത്തനംതിട്ട: പൊലീസുകാർ പിന്തുടർന്ന് ഓടിച്ചു കൊണ്ടു വന്ന കൊടുംക്രിമിനൽ, താൻ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു നിർത്തി ഇറങ്ങിയോടി. ഇതേ വാഹനത്തിൽ നിന്ന് ഇറങ്ങിയത് പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഓ ഹസീന.
മുണ്ടക്കയം പൊലീസാണ് തിരുവല്ലം ഉണ്ണിയെ പിന്തുടർന്ന് പാഞ്ഞത്. സ്വാതന്ത്ര്യദിനത്തിലാണ് സംഭവം. അടൂരിൽ നിന്ന് ഉണ്ണി ടാറ്റാ സുമോയിൽ പത്തനംതിട്ടയിലേക്ക് കടന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് പിന്തുടർന്നത്. ഇതു മനസിലാക്കിയ ഉണ്ണി അതിവേഗതയിൽ വാഹനം വിട്ടു. പത്തനംതിട്ട കോളജ് ജങ്ഷനിൽ നാലു വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ മുന്നോട്ടു പോയി. പൊലീസും പിന്നാലെ കൂടി.
വാളുവെട്ടും പാറയിൽ റോഡ് തീർന്ന സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് ഉണ്ണി രക്ഷപ്പെട്ടു. പിന്നാലെ വന്ന പൊലീസ് കാണുന്നത് വാഹനത്തിൽ നിന്നിറങ്ങുന്ന വനിതയെയാണ്. പ്രതി എങ്ങോട്ടു പോയെന്ന് ചോദിച്ചപ്പോൾ രക്ഷപ്പെട്ടെന്നായിരുന്നു മറുപടി. സ്വാതന്ത്യ ദിന പരേഡിൽ പങ്കെടുക്കാൻ പോകുന്നതിന് വാഹനം കാത്തു നിന്നപ്പോൾ ലഭിക്കാതെ വരികയും തുടർന്ന് ലിഫ്ട് തേടുകയുമായിരുന്നുവെന്ന് കോൺസ്റ്റബിളിന്റെ ആദ്യ വിശദീകരണം.
വാഹനത്തിൽ കയറാനുണ്ടായ സാഹചര്യം ഇവർ വിശദീകരിച്ചത് പരസ്പര വിരുദ്ധമായതാണ് വിവാദമായിരിക്കുന്നത്. ട്രാഫിക് പൊലീസ് തന്നെ ഈ വാഹനത്തിൽ കയറ്റി വിടുകയായിരുന്നുവെന്നാണ് പറയുന്നത്. കോളജ് ജങ്ഷനിൽ ഇറക്കി വിടണമെന്ന് പറഞ്ഞാണ് കയറിയതത്രേ. കോളജ് ജങ്ഷനിൽ നിർത്തിയില്ലെന്ന് മാത്രമല്ല, തന്നെ നന്നുവക്കാട് കൊണ്ടിറക്കി വിട്ടുവെന്നുമാണ് ഹസീന പറഞ്ഞതെന്ന് പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാർ പറഞ്ഞു.
എന്നാൽ പ്രതിയെ പിന്തുടർന്ന് വന്ന മുണ്ടക്കയം ഇൻസ്പെക്ടറോട് ഹസീന പറഞ്ഞത് മറ്റൊരു കഥയാണ്. തന്റെ വാഹനത്തിൽ തട്ടിയ ടാറ്റാ സുമോ കസ്റ്റഡിയിലെടുത്ത് വരികയായിരുന്നുവത്രേ. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ നേടിയ ഉദ്യോഗസ്ഥയാണ് ഹസീന. ഇവർക്കെതിരേ ഡിപ്പാർട്ട്മെന്റ് തല അന്വേഷണം തുടങ്ങി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്