- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഫ്ട് ചോദിച്ച് കയറിയത് തട്ട-അടൂർ റോഡിൽ നിന്ന്; ചേസിങ് ആരംഭിച്ചത് കൈപ്പട്ടൂരിലെത്തിയപ്പോൾ; കൊടുംക്രിമിനലിന്റെ വാഹനത്തിൽ പൊലീസുകാരി പെട്ടത് ഇങ്ങനെ; സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ക്ലീൻ ചിറ്റ്: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഹസീനയ്ക്ക് ആശ്വാസം
പത്തനംതിട്ട: പൊലീസ് പിന്തുടർന്ന കൊടുംക്രിമിനലിന്റെ വാഹനത്തിൽ പൊലീസുകാരി ചെന്നു കയറിയത് യാദൃശ്ചികമായി. ഫോണിന്റെ വിശദാംശങ്ങൾ അടക്കമെടുത്ത് ജില്ലാ സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസുകാരിക്ക് ക്ലീൻ ചിറ്റ്. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഹസീനയാണ് ലിഫ്ട് ചോദിച്ച് പുലിവാൽ പിടിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഏനാത്ത് സ്വദേശിയായ ഹസീന അടൂരിൽ വന്നിറങ്ങി പത്തനംതിട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങളിൽ ലിഫ്ട് ചോദിച്ച് പോകുന്ന പതിവുണ്ട്. തിങ്കളാഴ്ച സ്വാതന്ത്ര്യദിന പരേഡിന്റെ ഭാഗമായി പത്തനംതിട്ടയിലേക്ക് പോകാൻ വേണ്ടി തട്ട റോഡിൽ കാത്തു നിൽക്കുമ്പോഴാണ് ഒരു ടാറ്റാ സുമോ വന്നത്. കൈകാണിച്ച് ഇതിൽ കയറിയ ഹസീനയ്ക്ക് അറിയില്ലായിരുന്നു വാഹനം ഓടിക്കുന്നതുകൊടുംക്രിമിനലായ തിരുവല്ലം ഉണ്ണിയാണെന്ന്. വാഹനം കൈപ്പട്ടൂരിലെത്തിയപ്പോഴാണ് പിന്തുടർന്ന് മുണ്ടക്കയം ഇൻസ്പെക്ടറും സംഘവും എത്തിയത്.
പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ ഉണ്ണി വാഹനം അമിതവേഗതയിൽ പറപ്പിച്ചു. കാതോലിക്കേറ്റ് കോളജ് ജങ്ഷനിൽ വന്ന് നാലു വാഹനങ്ങളിലിടിച്ചു. തുടർന്ന് നന്നുവക്കാട് വാളുവെട്ടുംപാറയിൽ വഴി തീർന്നതിനാൽ വാഹനം ഇവിടെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. പിന്നാലെ വന്ന പൊലീസുകാർ വാഹനത്തിൽ നിന്ന് ഇറങ്ങി വരുന്ന ഹസീനയെ ആണ്. ഇത് പൊലീസുകാരിയാണെന്ന് ആദ്യം അവർക്ക് മനസിലായില്ല. വാഹനത്തിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടുവെന്ന് ഹസീന പൊലീസിനോട് പറഞ്ഞു. തൊട്ടടുത്ത വീട്ടിൽ നിന്ന് 100 രൂപയും ഒരു ബനിയനും വാങ്ങിയാണ് ഉണ്ണി രക്ഷപ്പെട്ടത്.
പിന്നെ ഹസീന പൊലീസിന് നൽകിയ മൊഴിയാണ് കുഴപ്പമുണ്ടാക്കിയത്. മൊഴി രണ്ടു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതോടെ അന്വേഷണം നടത്താൻ എസ്‌പി ഉത്തരവിട്ടു. കോൾ ഡീറ്റെയിൽസ് അടക്കം പരിശോധിച്ചതോടെ ഹസീനയ്ക്ക് കുറ്റവാളിയുമായി മുൻ പരിചയമില്ലെന്ന് മനസിലായി. ഇതോടെ ഹസീനയ്ക്ക് ക്ലീൻ ചിറ്റും ലഭിച്ചു. രക്ഷപ്പെട്ട ഉണ്ണിക്ക് വേണ്ടി നന്നുവക്കാട് ജീസസ് നഗർ മുഴുവൻ പൊലീസ് അരിച്ചു പെറുക്കി. വാഹനങ്ങളും കാമറകളും പരിശോധിച്ചു. ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്