കോട്ടയം : താഴത്തങ്ങാടിയിലെ ദമ്പതികൾ എവിടെപ്പോയി. റംസാനിലെ നോമ്പ് ദിനങ്ങൾ അവസാനിക്കുന്നതിന് മുമ്പ് എങ്കിലും എന്തെങ്കിലും തുമ്പ് ലഭിക്കുമോ? തിരോധാനം അറുപതാം ദിവസത്തിലേക്ക് അടുക്കുമ്പോഴും ഹർത്താൽ ദിനത്തിൽ കഴിഞ്ഞ ഏപ്രിൽ ആറിന് താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതികളെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് ഇരുട്ടിലാണ്. സൈബർ ടിമും ക്രൈംബ്രാഞ്ചും നിരീക്ഷണ ക്യാമറകളും ഉണ്ടെങ്കിലും ദമ്പതികളുടെ പൊടിപോലും പൊലീസിന് കണ്ടെത്താനായില്ല. ഇവർ പോയ പുതിയ കാറു പോലും കണ്ടെത്താനായില്ലെന്നതാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്.ഇതിൽ ബന്ധുക്കൾ അതീവ വേദനയിലാണ്.

കഴിഞ്ഞ ദിവസം ഡിജിപി സെൻകുമാർ നേരിട്ട് ഇവിടെ എത്തി അന്വേഷണം നടത്തിയതാണ്. അന്ന് ബന്ധുക്കൾ ചില സംശയം അദ്ദേഹത്തെ അറിയിച്ചു. ആ വഴിക്ക് അന്വേഷണം നീങ്ങുമോ എന്നാണ് അറിയാനുള്ളത്. എന്താണ് ബന്ധുക്കൾ കൈമാറിയ സംശയം. അത് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘം ഉണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ലുക്ക് ഔട്ട് നോട്ടീസും പതിച്ചതായി അവകാശപ്പെടുന്നു.

എന്നിട്ടും അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല, ഇവർ പോയ പുതിയ കാറു പോലും കണ്ടെത്താനായില്ലെന്നതാണ് എല്ലാവരെയും കുഴക്കുന്നത്. കാണാതായ ദിവസം രാത്രി 9.15ന് ഇവർ സഞ്ചരിച്ച വാഗൺ ആർ കാർ ഇല്ലിക്കൽ കടന്നു പോയി എന്ന ഒരു തെളിവ് മാത്രമാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. ഒരു വീടിന്റെ സി സി ടി വിയിലാണ് കാർ കടന്നു പോകുന്ന ദൃശ്യമുള്ളത്. അറുപറ മുതൽ കുമളിവരെയുള്ള സിസിടിവികൾ പൊലീസ് പരിശോധിച്ചു. ഒരിടത്തും ദമ്പതികൾ സഞ്ചരിച്ച കാർ കണ്ടെത്താനായില്ല.

കോട്ടയത്തു നിന്ന് തെക്കോട്ടും വടക്കോട്ടുമുള്ള റോഡിൽ പുലർച്ചെ അഞ്ചുവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ട് ഒരിട്ടത്തു നിന്നും ദമ്പതികളുടെ കാർ കണ്ടെത്താനായില്ല. അതിനാൽ വീണ്ടും ആറ്റിലും കായലിലും തെരച്ചിൽ നടത്തി . നേവി എത്തി മുങ്ങി തപ്പി.അന്വേഷണത്തിന്റെ ഭാഗമായി കോട്ടയത്തും പരിസരങ്ങളിലുമുള്ള ആറും തോടും പരിശോധിച്ചു. പാതാളകരണ്ടി ഉപയോഗിച്ചാണ് വെള്ളത്തിൽ പരിശോധന നടത്തിയത്. കാർ അപകടത്തിൽപ്പെട്ട് ആറ്റിൽ വീണോ എന്നറിയുന്നതിനാണ് പരിശോധന. വേമ്പനാട് കായലിലും പരിശോധന നടത്തി എന്നിട്ടും ഒന്നും ലഭ്യമായില്ല.

കഴിഞ്ഞ ഏപ്രിൽ ആറിന് രാത്രി ഒമ്പതോടെ കോട്ടയം ടൗണിലേക്ക് ഭക്ഷണം വാങ്ങാനെന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. ഇരുവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. വീടിനുസമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകൾക്കു മുമ്പു വാങ്ങിയ മാരുതി വാഗൺ ആർ ഗ്രേ കളർ കാറിലാണ് പോയത്. കെഎൽ അഞ്ച് എജെ 7183 എന്ന താത്കാലിക രജിസ്‌ട്രേഷൻ നമ്പരാണു കാറിന്.

കോട്ടയം സെൻട്രൽ ജംഗ്ഷനു സമീപമുള്ള രണ്ടു ഹോട്ടലുകളിൽ ദമ്പതികൾ പലപ്പോഴും ഭക്ഷണം വാങ്ങാൻ എത്താറുണ്ടായിരുന്നു. എന്നാൽ അന്നേ ദിവസം ഇവർ ഹോട്ടലിൽ എത്തിയിട്ടില്ല എന്നാണ് അന്വേഷണത്തിൽ അറിവായത്.