തിരുവനന്തപുരം: മാതൃഭൂമി ന്യൂസിൽ നിന്ന് ഹാഷ്മി താജ് ഇബ്രാഹിം രാജിവെയ്ക്കുന്നു. 24 ന്യൂസിലേക്കാണ് ഹാഷ്മി പോകുന്നത്. മാതൃഭൂമി ന്യൂസ് ചാനലിൽ നിന്ന് അസിസ്റ്റൻഡ് ന്യൂസ് എഡിറ്ററും വാർത്താ അവതാരകനുമായ ഹാഷ്മി ഉടൻ രാജിക്കത്ത് നൽകും.

ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിൽ നിന്നുള്ള ഓഫർ സ്വീകരിച്ചതായി ഹാഷ്മി പറഞ്ഞു. മാതൃഭൂമി ചാനലിലെ ചർച്ചാ അവതാരകരിൽ പ്രമുഖനാണ് ഹാഷ്മി. ഇതോടെ 10 മാസത്തിനുള്ളിൽ മാതൃഭൂമി ന്യൂസിൽ നിന്ന് പോകുന്ന അഞ്ചാമത്തെ പ്രധാന മുഖമായി ഹാഷ്മി. കുടുംബം കൊച്ചിയിലായതാണ് ചാനൽ മാറാൻ കാരണമെന്ന് ഹാഷ്മി പറഞ്ഞു. ഇപ്പോഴത്തേതിനേക്കാൾ മികച്ച ഓഫറുമാണ്.മന്റ്

രാജി തീരുമാനം ചാനലിനെ അറിയിച്ചിട്ടുണ്ട്. വൈകാതെ തന്നെ പുതിയ തട്ടകത്തിലേക്ക് മാറും. മലയാളം വാർത്താ ചാനലുകളിൽ പ്രമുഖ വാർത്താ അവതാരകരുടെ കൂടുമാറ്റം അടുത്തിടെ കൂടി വരികയാണ്. മാസങ്ങൾക്ക് മുമ്പ് മഞ്ജുഷ് ഗോപാൽ സീ കേരളയിലേക്കും സ്മൃതി പരുത്തിക്കാട് മീഡിയാ വണ്ണിലേക്കും മാറിയിരുന്നു. ചാനലിന്റെ മുഖമായിരുന്നു വേണു ബാലകൃഷ്ണനും മാതൃഭൂമി വിട്ടു. ഇതോടെ മുഖങ്ങളായി മാതൃഭൂമി ചാനൽ മുമ്പോട്ട് വയ്ക്കുന്നവരെല്ലാം ചാനൽ വിടുകയാണ്.

മീഡിയാ വണ്ണിൽ നിന്നെത്തിയ അഭിലാഷ് മോഹനാണ് നിലവിൽ ചാനലിന്റെ മുഖം. അഭിലാഷിനും മറ്റ് ചാനലുകളിൽ നിന്ന് നിരവധി ഓഫറുകൾ ഉണ്ടെന്നാണ് സൂചന. ഇതിനിടെ ചില ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സജീവമാകുന്നു. ഇതെല്ലാം പല പ്രമുഖരേയും കൂടു മാറ്റത്തിന് പ്രേരിപ്പിക്കും. ന്യൂസ് 18 കേരളയിൽ നിന്ന് ഈയിടെ സനീഷ് ഇളയിടത്ത് ഈയിടെ രാജിവച്ചിരുന്നു.

വേണു ബാലകൃഷ്ണനും ഉണ്ണി ബാലകൃഷ്ണനും നേതൃത്വം കൊടുക്കുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്കാണ് സനീഷ് പോകുന്നതെന്നാണ് സൂചന. മാതൃഭൂമി ചാനലിനെ നയിച്ചിരുന്നത് ഉണ്ണി ബാലകൃഷ്ണനാണ്. ഉണ്ണിയുടെ രാജിക്ക് പിന്നാലെയാണ് അഞ്ചു പ്രമുഖർ മാതൃഭൂമി വിടുന്നത്. നിലവിൽ രാജീവ് ദേവരാജാണ് മാതൃഭൂമി ചാനലിലെ മേധാവി.