കൊച്ചി: ചാനൽ ചർച്ചകളിൽ തന്റെ നിലപാട് പറയുന്ന മാധ്യമ പ്രവർത്തകനാണ് ഹാഷ്മി താജ് ഇബ്രാഹിം. ഇടതു പക്ഷ മനസ്സാണ് ഹാഷ്മിയുടേതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അപ്പോഴും സത്യം പറയുന്നതിന് മടികാട്ടത്ത മാധ്യമ പ്രവർത്തകൻ. ഏഷ്യാനെറ്റിലും മാതൃഭൂമിയിലും നിറഞ്ഞ ഹാഷ്മി ഇപ്പോൾ ട്വന്റി ഫോർ ന്യൂസിലാണ്. അവിടേയും ഇടതുപക്ഷത്തെ തിരുത്താനാണ് ശ്രമം. പക്ഷേ ആ വാക്കുകൾക്ക് വില കൊടുക്കേണ്ടവർ വില കൊടുക്കുന്നില്ല. ആർക്കും യോജിക്കാൻ കഴിയാത്തതായിരുന്നു എസ് എഫ് ഐ അക്രമിക്കൂട്ടത്തിന്റെ വയനാട്ടിലെ ചെയ്തികൾ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്ക് പ്രചോദനമെന്തായിരുന്നുവെന്നതിന് കൃത്യമായ മറുപടിയാണ് ഹാഷ്മി നൽകുന്നത്. പക്ഷേ അതും വെറും ട്രോളായി മാറുന്നു.

സോഷ്യൽ മീഡിയയിൽ അടിയൻ ലച്ചിപ്പോ എന്ന പേരിൽ ഞാനാണ് പാർട്ടി എന്ന അഹങ്കാരത്തിൽ ജനത്തെ എതിരാക്കുന്ന ഈ ചുവരു താങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലിങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാകുന്ന ഡാമേജ് ചെറുതാകില്ലെന്ന മുന്നറിയിപ്പാണ് തന്റെ ശൈലിയിൽ ഹാഷ്മി പകർന്നു നൽകിയത്. കഴിഞ്ഞ ദിവസം 24 ന്യൂസിന്റെ ചാനൽ ചർച്ചയിൽ വൈകാരികമായിട്ടാണ് സിപിഎമ്മിനോട് ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. സിപിഎമ്മിനെ ശബരിമല പ്രക്ഷോഭ കാലത്ത് തെറ്റായ വഴികളിലൂടെ നയിച്ച സൈബർ സഖാക്കൾ. അവർ ലോക്‌സഭയിൽ സമ്പൂർണ്ണ തോൽവി നൽകിയെന്നത് വസ്തുതയാണ്. ആ കൂട്ടം തുടർഭരണ കാലത്ത് വീണ്ടും സജീവമാകുന്നു. മലയാളിയുടെ മനസ്സിലേക്ക് ഇവർ ഇടുന്ന വിഷം വലുതയാണ്. ഇത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തന്നെയാണ് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന ഹാഷ്മിയും പറയുന്നത്.

ഹാഷ്മിയെ പരിവാറുകാരനും സംഘിയുമായി ചത്രീകരിക്കാൻ ആർക്കും കഴിയില്ല. നിലപാടുകളിലൂടെ തന്നെ തന്റെ പക്ഷം വിശദീകരിച്ച മാധ്യമ പ്രവർത്തകനാണ് ഹാഷ്മി. വയനാട്ടിലെ സംഭവങ്ങൾ കണ്ടും കേട്ടും വേദനയിൽ ഈ മാധ്യമ പ്രവർത്തന്റെ തന്റെ നിലപാട് പറയുമ്പോൾ അത് സിപിഎം തെരഞ്ഞെടുക്കേണ്ട ശരിപക്ഷമാണ്. അപ്പോഴും ഹാഷ്മിയെ കളിയാക്കുകയാണ് സൈബർ സഖാക്കൾ. ഹാഷ്മിയുടെ ചാനൽ അവതരണ വീഡിയോയ്‌ക്കൊപ്പം ജഗതിയുടെ പഴയ മയിലെണ്ണ വിൽപ്പനയുടെ ഓഡിയോ എഡിറ്റ് ചെയ്തു ചേർത്താണ് സൈബർ സഖാക്കളുടെ പ്രതികരണം. സത്യം പറയുന്നവരെ കളിയാക്കാൻ ഉപയോഗിക്കാൻ കിട്ടുന്നതിൽ പരമാവധി കോമഡി. ലെഫ്റ്റ് സൈബർ വിങ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഈ കളിയാക്കൽ ട്രോൾ എത്തുന്നത്.

ഏതായാലും ഹാഷ്മിയുടെ പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിപിഎമ്മിന് ഇപ്പോൾ സംഭവിക്കുന്നത് എന്തെന്ന് ഹാഷ്മി ഭയമില്ലാതെ പറയുന്നു. അത് തന്നെയാണ് പ്രധാനപ്പെട്ടതും.

ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞത് ഇങ്ങനെ

രാഹുൽ ഗാന്ധിയുടെ കൽപ്പറ്റിയിലെ ഓഫീസ് ആക്രമിച്ച്.. ജീവനക്കാരുടെ മണ്ട അടിച്ച് കീറി... എംപിയുടെ ഓഫീസിലെ കസേരയിൽ ഒരു വാഴവച്ച് പൊലിപ്പിച്ച അക്രമി കൂട്ടത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട് എസ് എഫ് ഐ. അങ്ങനെ പാർട്ടി അറിയാതെ നേതൃത്വം അറിയാതെ കമ്മറ്റികൾ അറിയാതെ അക്രമാകരമായ ഗൂളിക സംഘം തെരുവിൽ പൊടുന്നനെ പൊട്ടിവീണ് അഴിഞ്ഞാടിയങ്കിൽ സമാനതകളില്ലാത്ത ആ വെറുപ്പിന്റെ പ്രഭവ കേന്ദ്രം പാർട്ടി പരിശോധിക്കണം. ആ അന്വേഷണത്തിന്റെ പല പഴവഴികളിൽ ഒന്ന് ചെന്നു കേറുക ഹിംസാത്മകമായ ചോര നാറുന്ന സൈബർ വഴികളിലാണ്. അവിടെ ഇടതുപക്ഷ പ്രതിരോധമെന്ന വ്യാജത്തിൽ വിയോജിക്കുന്നവന്റെ വ്യക്തിഹത്യയാണ്.

വിമർശനമെന്ന വ്യാജത്തിൽ വിയോജിക്കുന്നവനെ തൊലി ഉരിച്ച് തൂക്കിലേറ്റുന്ന പ്രതീകാത്മക കൊലമുറികളാണ്. രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ച് ഇല്ലാതാക്കുന്ന പ്രൊപ്പഗന്റയുടെ ഭാഗമാണ് ആ വാഴ.. ഹിംസാത്മക ഭാഷയിൽ വിയോജിപ്പിക്കുന്നവരെ അപമാനിക്കുന്നവരുടെ പേര് ഇടതുപക്ഷം എന്നല്ല.. അധമ പക്ഷം എന്നാണ്..... കെ റെയിൽ സമയത്തും കണ്ടു. വിയോജിച്ച പരിസ്ഥിതി പ്രവർത്തകനെ റെയ്ഷ്യൽ പ്രൊഫൈൽ നടത്തുന്ന ഭീഷണി എന്ന തരത്തിലേക്ക് അത് മാറി.

അടിയൻ ലച്ചിപ്പോ എന്ന പേരിൽ ഞാനാണ് പാർട്ടി എന്ന അഹങ്കാരത്തിൽ ജനത്തെ എതിരാക്കുന്ന ഈ ചുവരു താങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലിങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാക്കുന്ന ഡാമേജ് ചെറുതാകില്ല. എതിർക്കുന്നവനെ വെറുക്കാൻ പഠിപ്പിക്കുന്ന സൈബർ ലിഞ്ചിങ് നടത്തുന്ന മുഖമില്ലാ കൂട്ടത്തെ ചെറുത്തില്ലെങ്കിൽ ഇനിയും ഇനിയും തെരുവിൽ അവതരിപ്പിക്കും. ഇടതുപക്ഷം എന്തെന്ന് അറിയാത്ത ബാലസംഘം സഖാക്കളുടെ ബോധം പോലുമില്ലാത്ത അക്രമി കൂട്ടങ്ങൾ. ഉറക്കമില്ലാത്ത വിദ്വേഷ കടന്നലുകൾ ഉറക്കമിളച്ച് ചെയ്യുന്നത് ഉദക ക്രിയയ്ക്ക് എണ്ണ സംഭരണമാണ്. നാട്ടു മനസ്സിൽ അവ ഊറ്റത്തോടെ പാകുന്നത് ഇടതു പക്ഷത്തിന്റെ അന്തക വിത്തുകളാണ്.