ചെന്നൈ: ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന ശേഷം മൃതദേഹം കത്തിച്ച തമിഴ്‌നാട്ടിലെ യുവ എഞ്ചിനീയറെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 23 വയസ്സുകാരനായ ദഷ്വന്തിനെയാണ് കോടതി വധ ശിക്ഷയ്ക്കും 46 വർഷത്തെ കഠിന തടവിനും ശിക്ഷിച്ചത്. ചെങ്കൽപ്പേട്ട് കോടതിയാണ് ഏഴു വയസ്സുകാരിയെ കൊന്ന് കത്തിച്ചതിന് ദഷ്വന്തിനെ ശിക്ഷിച്ചത്.

ഇയാൾ അമ്മയെ കൊന്ന കേസിലും പ്രതിയാണ്. കഴിഞ്ഞവർഷം ഫെബ്രവരി 5 നായിരുന്നു ഇയാൾ ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പുതിയതായി വാങ്ങിയ നായ്ക്കുട്ടിയെ ഉപയോഗിച്ച് പെൺകുട്ടിയെ തന്റെ മുറിയിലേയ്ക്ക് കയറ്റിയ ഇയാളഅ പീഡനത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ബാഗിൽ മൃതദേഹം വച്ച് കത്തിക്കുകയായിരുന്നു.

ഏഴു വയസുകാരിയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ അമ്മയെ കൊന്നത്. പിന്നീട് ഇയാളുടെ അച്ഛൻ തന്നെയാണ് ഇയാളെ ജാമ്യത്തിൽ ഇറക്കിയത്. ജാമ്യത്തിലിറങ്ങിയ ദഷ്വന്ത് അമ്മയേയും കൊല്ലുകയായിരുന്നു. പണത്തിനും സ്വർണ്ണത്തിനും വേണ്ടിയായിരുന്നു ഇയാൾ അമ്മയെ കൊന്നത്.

അമ്മയെ കൊന്ന് അലമാരിയിലിരുന്ന പണവും സ്വർണ്ണവും കൈക്കലാക്കിയ ശേഷം ഇയാൾ മുംബൈക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഈ കൊലപാതക കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.