ഡെറാഡൂൺ: ഉത്തരാഖണ്ഡ്, ഹരിദ്വാറിലെ ഹിന്ദുത്വ വർഗീയ പ്രസംഗത്തിലേതടക്കം വിദ്വേഷപ്രസംഗം നടത്തിയ എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് ആർ.എസ്.എസ്. മുതിർന്ന ആർ.എസ്.എസ് നേതാവും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ ഇന്ദ്രേഷ് കുമാർ. വർഗീയ-വിദ്വേഷ പ്രസ്താവനകൾ ആര് നടത്തിയാലും ശിക്ഷിക്കപ്പെടണമെന്നും, ഹരിദ്വാറിലെ ഹിന്ദുത്വ സംഘടനയായ ധർമ സൻസദും ശിക്ഷയ്ക്ക് അതീതരല്ലെന്നും ഇന്ദ്രേഷ് കുമാർ ചൂണ്ടിക്കാട്ടി. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''ഏത് തരത്തിലുള്ള വിദ്വേഷ പ്രസംഗവും അപലപനീയമാണ്. എല്ലാ വിദ്വേഷ പ്രസംഗങ്ങളും അപലപിക്കപ്പെടുകയും നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും വേണം. ഒരാളും അതിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതില്ല''-വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രേഷ് കുമാർ പറഞ്ഞു.

ഗാന്ധിജിയെ കൊലപ്പെടുത്തിയത് ഹിന്ദുത്വവാദിയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും വിദ്വഷപ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടിയിൽ നിന്ന് അദ്ദേഹത്തെയും ഒഴിവാക്കരുതെന്നും ഇന്ദേഷ് കുമാർ ആവശ്യപ്പെട്ടു.

വിദ്വേഷരാഷ്ട്രീയം അഴിമതിക്ക് സമമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഇത്തരത്തിൽ വർഗീയത വളർത്തുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾ മറ്റൊരു വിഭാഗം ജനങ്ങളെ ശത്രുതാ മനോഭാവത്തോടെ കാണുന്നത് ഒഴിവാക്കണമെന്നും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു.

സമൂഹത്തിലെ ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് പകരം സാഹോദര്യത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നന്മയെ കരുതിയായിരിക്കണം നേതാക്കൾ രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടതെന്നും ഇന്ദ്രേഷ് കൂട്ടിച്ചേർത്തു.

എല്ലാ തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളും അപലപിക്കപ്പെടേണ്ടതാണെന്നും, ഇത്തരത്തിലുള്ള പ്രസ്താവനകൾ നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരും നിയമത്തിന് അതീതരല്ലെന്നും ഹരിദ്വാറിലെ ഹിന്ദു സംഘടനയും നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ വധത്തെക്കുറിച്ച് കോൺഗ്രസും മറ്റു പാർട്ടികളും കാരണമില്ലാതെ ആർ.എസ്.എസ്സിനെ പഴിക്കുകയാണെന്നും, അവരുന്നയിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങൾ സത്യമാണെങ്കിൽ എന്തുകൊണ്ട് ഇതുവരെ ആർ.എസ്.എസ്സിനെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

ഒരു ഹിന്ദുത്വവാദിയാണ് ഗാന്ധിയെ കൊന്നത് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെയും ഇന്ദ്രേഷ് ചോദ്യം ചെയ്തു. രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശവും വർഗീയവും വിദ്വേഷമുണർത്തുന്നതാണെന്നും, ഇത്തരത്തിലുള്ള പരാമർശങ്ങളും എല്ലാവരും അവസാനിപ്പിക്കണമെന്നും ഇന്ദ്രേഷ് പറഞ്ഞു.

ഹരിദ്വാറിൽ നടന്ന മതപരിപാടിയിലായിരുന്നു മുസ്ലിങ്ങൾക്കെതിരെ ഹിന്ദുത്വ പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കിൽ മുസ്ലിങ്ങൾക്കെതിരെ പോരാടുകയും അവരെ കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുൾപ്പെടെ ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവർത്തകർ ആഹ്വാനം ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.ഡിസംബർ 17 മുതൽ 20വരെ ഹരിദ്വാറിൽ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.