വാഷിങ്ടൺ/ ഹൊണോലുലു: യുഎസിന്റെ നിയന്ത്രണത്തിലുള്ള ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈൽ വരുന്നെന്ന് സന്ദേശം വന്നതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലായി. 10 മിനിറ്റിനകം ഇക്കാര്യം തെറ്റാണെന്നു കാണിച്ച് അടുത്ത സന്ദേശം വന്നതോടെ ആശ്വാസമായെങ്കിലും ആശങ്കയൊഴിഞ്ഞില്ല ആർക്കും. എങ്ങോട്ടു പോകുമെന്നറിയാതെ പരിഭ്രാന്തിയിൽ ജനങ്ങൾ അന്വേഷണം തുടങ്ങി. ഉത്തരകൊറിയയുടെ മിസൈൽ ഭീഷണിയിൽ പേടിച്ചു നിൽക്കെയാണ് ഇത്തരമൊരു സന്ദേശം അധികൃതരിൽ നിന്നും വരുന്നത്. ഇതോടെ ഇക്കാര്യം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടിരിക്കുകയാണ്.

പ്രാദേശിക സമയം രാവിലെ 8.07 നായിരുന്നു ആദ്യത്തെ എമർജൻസി സന്ദേശം ഹവായ് നിവാസികളുടെ ഫോണിലെത്തിയത്. 'ബാലിസ്റ്റിക് മിസൈൽ ഹവായിക്കു നേരെ വരുന്നു. എത്രയും പെട്ടെന്ന് അഭയസ്ഥാനത്തേക്കു മാറുക. ഇത് 'ഡ്രിൽ' അല്ല' എന്നതായിരുന്നു സന്ദേശം.

എന്നാൽ എങ്ങോട്ടേക്കു പോകണമെന്നറിയാതെ ജനങ്ങൾ പരിഭ്രാന്തരായി. നിരവധി പേർ വീടുവിട്ടിറങ്ങി. പക്ഷേ, അഭയകേന്ദ്രങ്ങൾ ഇല്ലാത്തിടത്തെല്ലാം തദ്ദേശ വാസികൾ ആശങ്കയിലായി. എങ്ങോട്ടു പോകണമെന്ന് അറിയാതെ നിൽക്കുമ്പോൾ അടുത്ത സന്ദേശം വന്നു. 8.45 ആയപ്പോൾ ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ അടുത്ത സന്ദേശം വന്നത് ഇങ്ങനെ: 'ഹവായ്ക്കു നേരെ മിസൈൽ ഭീഷണിയില്ല. അതൊരു തെറ്റായ സന്ദേശമായിരുന്നു'. മിസൈൽ ഭീഷണിയില്ലെന്ന് യുഎസ് പസഫിക് കമാൻഡും വ്യക്തമാക്കി. ഇതോടെ ആശ്വാസമായെങ്കിലും ആശങ്കയൊഴിയുന്നില്ല ഹവാസ് നിവാസികൾക്ക്. ഇനിയങ്ങോട്ട് ഭീതിനിറഞ്ഞ ഇത്തരമൊരു കാലം വരുന്നെന്നതിന്റെ മുന്നറിയിപ്പാണ് ഇന്നുണ്ടായതെന്ന് വിശ്വസിക്കുകയാണ് പലരും.

ഓപറേഷൻസ് സെന്ററിലെ ജീവനക്കാരനു പറ്റിയ കയ്യബദ്ധമാണ് സന്ദേശത്തിനു പിന്നിലെന്ന് ഏമർജൻസി മാനേജ്‌മെന്റ് ഏജൻസി അഡ്‌മിനിസ്‌ട്രേറ്ററുടെ ഓഫിസും അറിയിച്ചു. ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻസ് (എഫ്‌സിസി) യുടെയും ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെയും നിർദേശപ്രകാരമാണ് ഇത്തരം സന്ദേശങ്ങൾ അയയ്‌ക്കേണ്ടത്. തെറ്റുപറ്റിയ സാഹചര്യത്തിൽ സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി എഫ്‌സിസി ചെയർമാൻ അജിത് പൈ അറിയിച്ചു. സംഭവത്തെപ്പറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു വിശദീകരണം നൽകിയതായി വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി ലിൻഡ്‌സേ വാൾട്ടേഴ്‌സ് പറഞ്ഞു.

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഹവായിയെ ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള മിസൈൽ പരീക്ഷണങ്ങളെപ്പറ്റി അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന്, ശീതയുദ്ധകാലത്ത് ദ്വീപിൽ നിലനിന്നിരുന്ന സൈറൻ മുന്നറിയിപ്പു സംവിധാനവും പുനഃസ്ഥാപിച്ചു. സന്ദേശം തെറ്റായിരുന്നെങ്കിലും മിസൈൽ ഭീഷണി സൃഷ്ടിക്കുന്ന പരിഭ്രാന്തി എത്രത്തോളമുണ്ടെന്ന് ജനങ്ങളെ മനസ്സിലാക്കിക്കാൻ ഇതുകൊണ്ടു സാധിച്ചെന്ന് ഹവായിയിൽ നിന്നുള്ള ഡെമാക്രാറ്റിക് പാർട്ടി പ്രതിനിധി ടൽസി ഗാബർഡ് പറഞ്ഞു.

'15 മിനിറ്റു മാത്രമേ മിസൈലിൽ നിന്ന് രക്ഷപ്പെടാൻ ഉള്ളൂവെന്ന് ഹവായിയിലെ 10 ലക്ഷത്തിലേറെ വരുന്ന ജനങ്ങൾക്കു മനസ്സിലായി. പക്ഷേ എവിടേക്കാണ് രക്ഷപ്പെടുക? അണുബോംബിൽനിന്ന് ഞങ്ങളെ രക്ഷിക്കാൻ എവിടെയാണ് അഭയസ്ഥാനമുള്ളത്? എവിടെയുമില്ല എന്നതാണു സത്യം'- ടൽസി വിമർശിച്ചു. മുൻവിധികളില്ലാതെ ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് ട്രംപ് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. കൊറിയൻ പെനിൻസുല ആണവായുധ മുക്തമാക്കേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടൽസി ആവശ്യപ്പെട്ടു. അമേരിക്കൻ കേന്ദ്രമെന്നാണ് ഹവായി അറിയപ്പെടുന്നെങ്കിലും അവിടത്തെ ജനങ്ങളെ രക്ഷിക്കാൻ അമേരിക്ക ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തേണ്ട സാഹചര്യം വന്നാൽ ആദ്യം ഹവായിയെ ഉത്തരകൊറിയ ആക്രമിക്കുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതാണ് ജനങ്ങളുടെ ഭീതിക്ക് കാരണവും.