കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാജ്യാന്തര ഹവാല ശൃംഖലകളിലേക്കും. തട്ടിപ്പിന്റെ സ്വഭാവവും പണമിടപാടിന്റെ രീതിയും കണക്കിലെടുത്താണ് കേസിന് ഹവാല ബന്ധം ഉണ്ടെന്ന നിഗമനത്തിൽ സിബിഐ സംഘം എത്തിയതെന്നാണ് സൂചന.

തുടക്കത്തിൽ നികുതി നൽകാതെയുള്ള പണമിടപാട് എന്ന രീതിയിലായിരുന്നു അന്വേഷണമെങ്കിൽ പരാതികളും ചോദ്യം ചെയ്യലും പകുതി ഘട്ടത്തിലെത്തിയതോടെയാണ് അന്വേഷണത്തിന് പുതിയ ദിശാബോധം കൈവന്നത്. അൽ സറാഫ റിക്രൂട്ട്‌മെന്റ് ഏജൻസി വഴി നടത്തിയ പണമിടപാടിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടത്തിയതോടെ കള്ളപ്പണം വെളുപ്പിക്കുന്ന പ്രക്രിയ നടന്നിട്ടുണ്ടെന്ന് സിബിഐക്ക് ബോധ്യമായിട്ടുണ്ട്.

ആലുവയിലേയും എറണാകുളം പെന്റ മേനകയിലേയും ചില കടകൾ കേന്ദ്രീകരിച്ചാണ് കുവൈത്തിലെ അക്കൗണ്ടിലേക്ക് പണം ഉദ്യോഗാർത്ഥികളെ കൊണ്ട് അടപ്പിച്ചിരിക്കുന്നത്. കുവൈത്തിലെ ഈ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും സിബിഐ ശേഖരിച്ച് വരികയാണ്. ഈ അക്കൗണ്ട് നമ്പരുകളിൽ നിന്നാണ് പിന്നീട് പണമെല്ലാം ഇന്ത്യയിലെ അക്കൗണ്ടിലേക്ക് കൈമാറിയിരിക്കുന്നത്. കുവൈത്തിലെ മൂന്ന് അക്കൗണ്ട് നമ്പരിന്റെ ഉടമകളെ കണ്ടെത്തിയാൽ അന്വേഷണം കൂടുതൽ സുഗമമാകുമെന്ന വിലയിരുത്തലിലാണ് സിബിഐ സംഘം.

അൽ സറാഫ ഉടമ ഉതുപ്പ് വർഗീസിന്റെ കേസിലെ പങ്കാളിത്തവും പരിശോധിച്ച് വരികയാണെന്ന് സിബിഐ വൃത്തങ്ങൾ പറയുന്നു. റിക്രൂട്ട്‌മെന്റ് നടന്ന ദിവസങ്ങളിൽ മാത്രം കോടികളാണ് കുവൈത്തിലെത്തിയിരിക്കുന്നത്. ഇത് ഉതുപ്പിന് മാത്രമാണൊ ലഭിച്ചതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

അൽ സറാഫ കൂടാതെ മറ്റൊരു റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മാത്യൂ ഇന്റർനാഷണൽ ഉടമകളെയും കേസിൽ പ്രതി ചേർക്കാൻ സിബിഐ തീരുമാനിച്ചതായാണ് വിവരം. ഇവരുടെ ഇടപാടുകൾ നടന്നിരുന്നത് ആലുവയിലെ ചില മൊബൈൽ കടകൾ കേന്ദ്രീകരിച്ചായിരുന്നു എന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങുന്ന പണം കുവൈത്തിലെ ചിലരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് അവിടെ നിന്നും ആ പണം വീതം വയ്ക്കുക എന്ന രീതി തന്നെയാണ് ഇവിടെയും പിന്തുടർന്ന് പോരുന്നത്. രാജ്യാന്തര ബന്ധങ്ങളുള്ള ഏജന്റുമാർ മുഖേനയാണ് കൊച്ചിയിൽ നിന്ന് ഇത്തരത്തിൽ പണമിടപാട് നടത്തുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഗൾഫിൽ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്ക് വ്യക്തമായി കാണിക്കേണ്ട എന്നതാണ് ഹവാല ഇടപാടിനെ ഇത്തരക്കാരെല്ലാം ആശ്രയിക്കാനുള്ള പ്രധാന കാരണം.

പണം തുല്യമായി വീതിച്ച് കുവൈത്തിലെ ഓരൊ അക്കൗണ്ടിലേക്കും അടക്കുന്നതിനാൽ വൻതോതിലുള്ള നികുതി ഒഴിവാക്കാനും ഈ ഇടപാടിലൂടെ കഴിയുന്നു. നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മറുനാടൻ മലയാളി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് സിബിഐ ഇപ്പോൾ എത്തിച്ചേർന്നിക്കുന്ന നിഗമനങ്ങളും കണ്ടെത്തലുകളും. ഹവാല ഇടപാടിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാലാണ് ഉതുപ്പിന്റെ അറസ്റ്റ് വൈകുന്നതെന്നാണ് സൂചന.

കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണം ഒരുപരിധിവരെ പൂർത്തിയായശേഷം മതി ഉതുപ്പിനെ കസ്റ്റഡിയിൽ എടുക്കാനെന്നും സിബിഐ തീരുമാനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. കേസിലെ മറ്റൊരു പ്രതിയായ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിനേയും ഉടൻ അറസ്റ്റ് ചെയ്‌തേക്കില്ല. ഉതുപ്പിനേയും ഇയാളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം മാത്രമായിരിക്കും കേസിൽ അറസ്റ്റ് എപ്പോൾ വേണമെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.

ജാമ്യാപേക്ഷ തള്ളിയാൽ ഉതുപ്പ് കീഴടങ്ങുമെന്ന് തന്നെയാണ് സിബിഐയുടെ വിലയിരുത്തൽ. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ വഴി നടത്തിയ പണമിടപാട് അന്വേഷിക്കുക വഴി അന്താരാഷ്ട്ര ഹവാല ഇടപാടുകാരുടെ ഇവിടുത്തെ കണ്ണികളെ പിടികൂടാമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് സിബിഐ. ഇവരെ കൂടാതെ കേരളത്തിലെ മറ്റു ചില റിക്രൂട്ട്‌മെന്റ് ഏജൻസികളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.