- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര കോടിയുടെ കുഴൽപ്പണം കടത്താൻ ശ്രമിച്ചത് പഴക്കൂടകളിൽ ഒളിപ്പിച്ച്; കോയമ്പത്തൂരിൽ നിന്നും വരികയായിരുന്ന മിനി ലോറിയിൽ പണം ഒളിപ്പിച്ചത് കോട്ടക്കൽ സ്വദേശികൾ; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ച പണമാണോ എന്ന് സംശയം; അന്വേഷണം തുടങ്ങി പൊലീസ്
മലപ്പുറം: രേഖകളില്ലാത്ത ഒന്നര കോടിരൂപയുമായി രണ്ടുപേരെ കോട്ടക്കൽ പൊലീസ് പിടികൂടി. മിനി ലോറിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ പുത്തൂർ ചെനക്കൽ ബൈപ്പാസിൽ വച്ചാണ് പ്രതികൾ പൊലീസ് പിടിയിലായത്. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടിൽ അഷ്‌റഫ്. കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബ്ദുൾ റഹ്മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും 1,53, 50000 രൂപ പൊലീസ് കണ്ടെടുത്തു. കോയമ്പത്തൂരിൽ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയിലാണ് പണം ഒളിപ്പിച്ചുകടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്‌പി കെ.സുദർശൻ , കോട്ടക്കൽ സിഐ എം.സുജിത്ത്, എസ്‌ഐ അജിത്, പ്രത്യേക അന്വേഷണ സംഘം എന്നിവരാണ് പ്രതികളെ പിടികൂടിയത്.
തിരഞ്ഞെടുപ്പ് സമയത്ത് ജില്ലയിൽ അനധികൃത പണമിടപാടുകൾ നടക്കുന്നത് തടയിടാൻ വേണ്ടി ശക്തമായ പരിശോധന തുടരുന്നതിനിടയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ ഇവർ സഞ്ചരിച്ചിരുന്ന അശോക് ലെയ്ലാൻഡ് ദോസ്ത് വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേ സമയം പിടികൂടിയ പണം തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിക്കാൻ കൊണ്ടുവന്നതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജില്ലയിലേക്ക് വ്യാപകമായ പണം ഒഴുകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.