കോഴിക്കോട്: രണ്ടു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ കാർ വിട്ടയ്ക്കാൻ നേരം വീണ്ടും പൊലീസ് പരിശോധിച്ചപ്പോൾ രഹസ്യഅറയിൽ നാൽപത്തിയെട്ടു ലക്ഷം രൂപ. കോഴിക്കോട് കുന്നമംഗലം പൊലീസാണ് കുഴൽപണ കടത്തു സംഘത്തിന്റെ വാഹനത്തിൽനിന്ന് അരക്കോടി രൂപയുടെ കുഴൽപ്പണം കണ്ടെത്തിയത്. നാലു ദിവസം മുമ്പു പിടികൂടിയ കാർ വിട്ടയയ്ക്കുന്നതിനു തൊട്ടുമുമ്പു ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് രഹസ്യ അറയിലെ പണം കണ്ടെത്താൻ സഹായിച്ചത്.

കോഴിക്കോട് കുന്നമംഗലം എസ്‌ഐ വി.വി.വിമലും സംഘവും വാഹന പരിശോധനയ്ക്കിടെ കാറിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത് നാലു ദിവസം മുമ്പായിരുന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ ജംഷീറിനേയും യൂനിസിനേയും അന്നുതന്നെ ജാമ്യത്തിൽവിട്ടു. കാർ കോടതിയിൽ നൽകിയിരുന്നു. പിന്നീട്, കാർ വിട്ടുകൊടുക്കാൻ കോടതി നടപടിക്രമങ്ങളും തുടങ്ങി. ഇതിനിടെ, നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ ഇ.പി. പൃഥ്വിരാജിന് ലഭിച്ച അജ്ഞാത ഫോൺ കോളായിരുന്നു വഴിത്തിരിവായത്.

കാറിന്റെ രഹസ്യഅറയിൽ വൻകുഴൽപ്പണം ഉണ്ടെന്നായിരുന്നു വിവരം. കോടതിയുടെ അനുമതിയോടെ കാർ പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി. മുൻവശത്തെ രഹസ്യഅറയിൽ 48 ലക്ഷം രൂപ. രണ്ടു ബാഗുകളിലായാണ് പണം ഒളിപ്പിച്ചത്.

പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരും. കാർ വീണ്ടും പരിശോധിക്കാതെ വിട്ടിരുന്നെങ്കിൽ 48 ലക്ഷം രൂപ വീണ്ടും കുഴൽപ്പണ സംഘത്തിന് ലഭിക്കുമായിരുന്നു. ഈ കണക്കുകൂട്ടലാണ് അജ്ഞാത ഫോൺ കോൾ പൊളിച്ചത്.