നാഗ്പുർ: ബലാത്സംഗത്തിനിരയായ മാനസികമായി വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി ബോംബെ ഹൈക്കോടതി. പ്രത്യേക സാഹചര്യം പരിഗണിച്ച്, മെഡിക്കൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് പെൺകുട്ടിയുടെ 23 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.

25കാരിയായ യുവതിയുടെ പിതാവിന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സുനിൽ ശുക്രെ, അവിനാഷ് ഗരോട്ട് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

ഗർഭച്ഛിദ്രത്തിനുശേഷം ഭ്രൂണത്തിന്റെ ഡിഎൻഎ ഒരു വർഷത്തേക്ക് മുദ്രവച്ച് സൂക്ഷിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായാണിത്. ആശ വർക്കറാണ് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.

20 ആഴ്ചയിലേറേ പ്രായമായ ഗർഭം അലസിപ്പിക്കുന്നതിന്, പ്രസവം മൂലം കുട്ടിയുടേയോ അമ്മയുടേയോ ജീവനു ഭീഷണിയുണ്ടെന്ന് ഒന്നിലധികം ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ കമ്മിറ്റിയുടെ സാക്ഷ്യപ്പെടുത്തൽ വേണം.