മൂന്നാർ: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തുടരും. മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് സബ് കളക്ടർക്കുള്ള അംഗീകാരമാണ്. സർക്കാർനീക്കത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ഇതോടെ കൈയേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

ശക്തമായ നടപടികളെടുക്കാനും സബ് കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സ്ഥലത്ത് നേരത്തെ അനുവദിച്ച മൂന്നാർ വില്ലേജോഫീസ് തുടങ്ങാൻ റവന്യൂമന്ത്രിയുടെ ഓഫീസിൽനിന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് നിർദ്ദേശം നൽകി. കോടതിവിധിയുടെ പകർപ്പ് കിട്ടിയാലുടൻ ഒഴിപ്പിക്കൽനടപടി ഉണ്ടാകും. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹത്തിന് വിരുദ്ധമായി സർക്കാരിൽ ഫയലുകൾ നീങ്ങുകയാണ്. ഭരണമുന്നണിയിലെ പ്രബലർ തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിന് വഴിതുറന്ന കേസിൽ നിർണ്ണായകമായത് ഹോക്കോടതി ഉത്തരവാണ്.

ലവ് ഡെയ്ൽ സ്ഥിതിചെയ്യുന്ന 22 സെന്റ് സ്ഥലവും കെട്ടിടവും സർക്കാർ വകയാണെന്ന് നേരത്തെ ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടർന്ന്, 48 മണിക്കൂറിനുള്ളിൽ കെട്ടിടവും സ്ഥലവും ഒഴിയണമെന്നാവശ്യപ്പെട്ട് ജൂൺ ഒമ്പതിന് സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകി. സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്തതിനെത്തുടർന്ന് ബലമായി ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് 12-ന് നടപടി തുടങ്ങി. തുടർന്നാണ് ഉടമ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ശ്രീറാം വെങ്കിട്ടരാമന് ആവേശം നൽകുന്ന വിധിയെത്തിയത്. മണർകാട് പാപ്പന് പാട്ടത്തിന് കൊടുത്തതാണ് ഈ ഭൂമി. പാപ്പന്റെ മകനാണ് അബ്കാരിക്ക് കൈമാറിയത്.

ലവ് ഡെയ്ൽ ഹോം സ്റ്റേ സ്ഥിതിചെയ്യുന്ന സ്ഥലം സ്വന്തമാക്കാൻ ഉടമകൾ വ്യാജരേഖ ചമച്ചെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റവന്യൂ രേഖപ്രകാരം പുറമ്പോക്കു ഭൂമിയാണിത്. ഇതിലുള്ള കെട്ടിടങ്ങൾ പൊതുമരാമത്തുവകുപ്പിന്റെതും. മൂന്നാർ പഞ്ചായത്തിലെ വസ്തുനികുതിനിർണയ രജിസ്റ്ററിൽ ഇക്കാര്യം വ്യക്തമാണ്. ഈ ഭൂമി പാട്ട ഉടമ്പടിപ്രകാരം ദേവികുളം തഹസിൽദാർ തോമസ് മൈക്കിൾ എന്ന അബ്കാരിക്ക് നൽകി. ഇതിനോട് ചേർന്നുകിടക്കുന്ന മൂന്നരസെന്റ് സ്ഥലം തോമസ് മൈക്കിളിന് ടാറ്റാ ടീ വാടകയ്ക്കും നൽകി. കാലാവധി കഴിഞ്ഞിട്ടും സ്ഥലം തിരിച്ച് സർക്കാരിന് ലഭിച്ചില്ല. പകരം വി.വി. ജോർജ് എന്നയാളിന് അനധികൃതമായി കൈമാറി.

ജോർജ് ഈ സ്ഥലത്ത് ലൗ ഡെയ്ൽ എന്ന പേരിൽ ഹോം സ്റ്റേ തുടങ്ങി. ഇതിന് മൂന്നാർ ഗ്രാമപ്പഞ്ചായത്തിൽനിന്ന് നിയമവിരുദ്ധമായി ലൈസൻസും നേടി. റവന്യൂവകുപ്പ് സ്ഥലം ഒഴിപ്പിക്കുന്നതിന് നോട്ടീസ് നൽകിയപ്പോൾ സ്ഥലത്തിന്റെ കൈവശക്കാരൻ താനാണെന്നു പറഞ്ഞ് ജോർജ് ഹൈക്കോടതിയെ സമീപിച്ചു. റവന്യൂ വകുപ്പിൽനിന്നുള്ള കത്തിടപാടുകളെല്ലാം തോമസ് മൈക്കിളിന്റെ പേരിലാണ് അയച്ചിരുന്നതെങ്കിലും അതെല്ലാം ജോർജിനാണ് വില്ലേജ് ഓഫീസ് ജീവനക്കാർ നൽകിയത്. യഥാർഥ കൈവശക്കാരനിൽനിന്നും മറുപാട്ടത്തിന് സ്ഥലം ലഭിച്ച വ്യക്തിയെ കൈവശക്കാരനായി പരിഗണിക്കാൻ കഴിയില്ല.

നിശ്ചിത ആവശ്യത്തിന് പാട്ടത്തിനും മറ്റും നൽകുന്ന ഭൂമി അതിനായി ഉപയോഗിക്കുമ്പോഴേ സാധുതയുള്ളൂ. വിവാദത്തിലായ ഭൂമി മണർക്കാട് പാപ്പിന് പാട്ടത്തിന് നൽകിയതായിരുന്നു. അത് റിസോർട്ട് ഉടമയ്ക്ക് കൈമാറി. ഇതോടെ പാട്ടത്തിന്റെ പ്രസക്തിയും ഇല്ലാതായി. ഈ ഭൂമിയെയാണ് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് ശ്രീറാം വെങ്കിട്ടരാമൻ കണ്ടെത്തിയത്. എന്നാൽ മൂന്നാറിലെ രാഷ്ട്രീയക്കാരെല്ലാം സബ് കളക്ടർക്കെതിരെ വാളെടുത്തു. ഈ ആയുധത്തിന്റെ മൂർച്ഛ ഇല്ലാതാക്കുന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്.

ലവ് ഡെയ്ൽ ഹോംസ്റ്റേ പ്രവർത്തിക്കുന്ന സ്ഥലത്ത് സർക്കാർഭൂമികൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് റവന്യൂവകുപ്പ് കോടതിയിൽ വ്യക്തമാക്കി. വില്ലേജോഫീസ് നിർമ്മാണത്തിനായി ഉദ്ദേശിച്ച ഭൂമിയാണിത്. ലവ് ഡെയ്ൽ ഹോംസ്റ്റേ അനധികൃതമായി കൈയേറിയിരിക്കുന്ന സ്ഥലം വില്ലേജോഫീസ് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് തഹസിൽദാർ കണ്ടെത്തിയിരുന്നു. സർക്കാരാവശ്യത്തിനുള്ള ഭൂമിയായതിനാൽ ഒഴിപ്പിക്കലുമായി സർക്കാരിന് മുന്നോട്ടുപോകാവുന്നതാണ്. ഇക്കാര്യത്തിൽ പുനഃപരിശോധനയ്ക്ക് കളക്ടർക്ക് അധികാരമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

2014-ൽ കെ.ഡി.എച്ച്. വില്ലേജ് വിഭജിച്ച് മൂന്നാർ വില്ലേജോഫീസ് അനുവദിച്ചിരുന്നു. വില്ലേജോഫീസ് തുടങ്ങാൻ മൂന്നാറിൽ അനുയോജ്യമായ സ്ഥലം കിട്ടാഞ്ഞതിനാൽ തുടങ്ങാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് സർക്കാർ സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ച് അവിടെ വില്ലേജോഫീസ് തുടങ്ങാൻ റവന്യൂ അധികൃതർ തീരുമാനിക്കുന്നത്.