- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ കുഴിയടയ്ക്കണമെങ്കിൽ കെ റോഡ് എന്നുപേരിടണോ? ആറ് മാസത്തിനകം റോഡ് താറുമാറായാൽ വിജിലൻസ് കേസെടുക്കണം; പശ വച്ച് ഒട്ടിച്ചാണോ റോഡുകൾ നിർമ്മിച്ചത് എന്ന പരിഹാസത്തിന് പിന്നാലെ സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി; റോഡിൽ മുതലക്കുഴികളെന്ന് നിയമസഭയിൽ പ്രതിപക്ഷം
കൊച്ചി: പശ വച്ച് ഒട്ടിച്ചാണോ റോഡുകൾ നിർമ്മിച്ചത് എന്ന് ഹൈക്കോടതി പരിഹസിച്ചത് ഈ മാസം ആദ്യമാണ്. ഇന്നും റോഡുകളുടെ ശോച്യാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ കോടതി എടുത്തിട്ട് കുടഞ്ഞു. റോഡുകളിലെ കുഴിയടയ്ക്കണമെങ്കിൽ കെ റോഡ് എന്ന് പേരിടണമോ എന്നാണ് ഹൈക്കോടതി ചോദിച്ചത്.
നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ആറ് മാസത്തിനകം റോഡ് താറുമാറായാൽ വിജിലൻസ് കേസെടുക്കണം. ഒരു വർഷത്തിനുള്ളിൽ ആഭ്യന്തര അന്വോഷണം പൂർത്തിയാക്കണം. എൻജിനീയർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദിനം പ്രതി റോഡപകടങ്ങൾ വർദ്ധിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഹർജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥ സംബന്ധിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
നേരത്തെ കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് പശ വച്ച് ഒട്ടിച്ചാണോ റോഡുകൾ നിർമ്മിച്ചതെന്ന് ജസ്ര്‌റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചത്. എൻജിനിയർമാരും കരാറുകാരുമാണ് ഇതിന് ഉത്തരവാദികളെന്നും മറുപടി പറയാൻ ഇവർ ബാദ്ധ്യസ്ഥരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ആദ്യമഴയിൽ തകരുന്ന റോഡുകൾ പശ വച്ച് ഒട്ടിച്ച് ഉണ്ടാക്കിയതാണോയെന്നും ജഡ്ജി ചോദിച്ചിരുന്നു. മഴ ശക്തമായതോടെ കൊച്ചി നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
റോഡിൽ മുതലക്കുഴികളെന്ന് നിയമസഭയിൽ പ്രതിപക്ഷം
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. റോഡിലെ കുഴികൾ പെരുകിയതിനെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എൽദോസ് കുന്നപ്പള്ളിയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
കേരളത്തിലെ ദേശീയ-സംസ്ഥാന പാതകളിലെല്ലാം സഞ്ചരിക്കാൻ കഴിയാത്തവിധം മുതലക്കുഴികളാണെന്നും മഴക്കാലത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടെന്നും വിഷയം അവതരിപ്പിച്ച എൽദോസ് കുന്നപ്പള്ളി പറഞ്ഞു. റോഡുകളിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റോഡിലെ കുഴിയടയ്ക്കാൻ ആത്മാർഥമായ ശ്രമമുണ്ടായെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അംഗത്തിന്റെ മണ്ഡലമായ പെരുമ്പാവൂരിൽ മാത്രം 16 കോടി രൂപയാണ് അനുവദിച്ചത്. റോഡ് നവീകരണത്തിന് റെക്കോഡ് തുകയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
അനുവദിച്ച പണത്തിന്റെ കണക്ക് സംസ്ഥാനത്തെ റോഡിലെ കുഴികൾക്കുള്ള മറുപടിയല്ലെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തൃശൂർ തളിക്കുളത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് ഇന്ന് പുലർച്ചെ മരിച്ച സംഭവവും സതീശൻ സഭയുടെ ശ്രദ്ധയിൽപെടുത്തി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.