കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കോടതിക്ക് പ്രേരണയായത് പതിനഞ്ചോളം പത്രങ്ങളുടെ പഴയകട്ടിംഗുകൾ. ഈ കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രണ്ടു തവണ സർക്കാർ അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. തുടർന്നാണ് ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.

ഹർജി പരിഗണനയ്‌ക്കെടുത്തപ്പോൾ ഹാജരായ സിബിഐ. അഭിഭാഷകൻ ഷുക്കൂർ വധക്കേസ് സിബിഐ. ഏറ്റെടുക്കാൻ മാത്രം പ്രത്യേകതകളൊന്നുമില്ലെന്നു പറഞ്ഞുതള്ളുകയായിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്ത് ഹർജി നൽകി. അതിന് സോളിറ്റർ ജനറൽ നല്കിയ മറുപടിയിലും സിബിഐ.അന്വേഷണം നടത്താൻ പ്രാധാന്യമുള്ള കേസല്ല ഇതെന്നായിരുന്നു.

ഷുക്കൂർ വധക്കേസിൽ കോടതിയുടെ കണ്ണു തുറപ്പിച്ചത് പത്രക്കട്ടിംഗുകളായിരുന്നു. പൊലീസിനു കണ്ണൂരിലെ ചില പ്രദേശങ്ങളിൽ ശരിയായ നിലയിൽ കേസ് അന്വേഷിക്കാൻ കഴിയുന്നില്ലെന്നും ഷുക്കൂർ കേസിൽ, പൊലീസ് തികഞ്ഞ കൃത്യവിലോപമാണ് കാട്ടിയതെന്നും കൊല നടന്നതിനെത്തുടർന്നുള്ള ദിവസങ്ങളിലെ പത്രങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഷുക്കൂർ മരണം ഇരന്നുവാങ്ങുകയായിരുന്നുവെന്ന പി. ജയരാജന്റെ പ്രസ്താവനയും കോടതി മുമ്പാകെ ഷുക്കൂറിന്റെ അമ്മ സമർപ്പിച്ചിരുന്നു. രണ്ടു തവണ സർക്കാർ അപേക്ഷ നല്കിയിട്ടും കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്തിട്ടും തള്ളപ്പെട്ടുപോയതാണ് സിബിഐ അന്വേഷണാവശ്യം. എന്നാൽ ഷുക്കൂറിന്റെ അമ്മ ആത്തിക്ക കണ്ണൂരിന്റെ യഥാർത്ഥ ചിത്രം മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ഫലപ്രദമായി ബോധ്യപ്പെടുത്തിയതു കോടതിയുടേയും കണ്ണു തുറപ്പിച്ചിട്ടുണ്ടെന്നാണു കരുതുന്നത്.

ഷുക്കൂർ വധം നടന്നശേഷം, ഗുജറാത്ത് കലാപത്തിൽ രക്ഷപ്പെട്ട് ബംഗാളിൽ അഭയം തേടിയ കുത്ത്ബുദ്ദീൻ അൻസാരിയെന്ന സാംസ്‌കാരിക പ്രവർത്തകനെ ഒരിക്കൽ സിപിഐ.(എം). കണ്ണൂരിൽ കൊണ്ടുവന്നിരുന്നു. ഷുക്കൂർ ഉയർത്തിക്കാട്ടാനായിരുന്നു കൊല നടന്ന മണ്ഡലമായ തളിപ്പറമ്പിൽ തന്നെ അദ്ദേഹത്തിനു വേദി ഒരുക്കിയത്. ഗുജറാത്തിലെ ആർ.എസ്.എസ് വേട്ടയുടെ ക്രൂരതകളെക്കുറിച്ച് ദീർഘനേരം പ്രസംഗിച്ച കുത്ത്ബുദ്ദീൻ താൻ അവിടെനിന്നു രക്ഷപ്പെട്ടത് തൊഴുകൈയുമായി അപേക്ഷിച്ചതിനാലാണെന്ന് അവിടെ വച്ചു വിശദീകിരി്ച്ചിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഒരു നിവേദനം തയ്യാറാക്കി കുത്ത്ബുദ്ദീന് കൊടുത്തയച്ചിരുന്നു. താങ്കൾ കൈകൂപ്പി നിന്ന്് അപേക്ഷിച്ചപ്പോൾ ആർ.എസ്.എസ്സുകാർ താങ്കളെ വെറുതെ വിട്ടു. എന്നാൽ പ്രാണനു വേണ്ടി രണ്ടു മണിക്കൂറിലേറെ തന്റെ മകൻ സിപിഐ(എം) കാരുടെ മുന്നിൽ യാചിച്ചു നിന്നെങ്കിലും അവരുടെ ഹൃദയം അലിഞ്ഞില്ല. ഇങ്ങനെ വിശദമാക്കിയ നിവേദനമാണ് ഷുക്കൂറിന്റെ മാതാവ് നൽകിയത്. ഇതിനു ശേഷം കുത്ത്ബുദ്ദീൻ കേരളത്തിലെ സിപിഐ(എം). വേദികളിൽ പ്രസംഗിച്ചതായി അറിവില്ല.

അതിനിടെ ഷുക്കൂർ വധക്കേസിൽ സിപിഐ(.എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുമ്പാകെ അടുത്ത തിങ്കളാഴ്ച അപ്പീൽ ഹർജി സമർപ്പിക്കും. സുപ്രീം കോടതി മുമ്പാകെ അപ്പീൽ നല്കാൻ പാർട്ടി ആലോചിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ ഹർജി സമർപ്പിക്കാനാണ് ജയരാജന് ലഭിച്ചനിയമോപദേശം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് ഷെഫീക്ക് എന്നിവരുൾപ്പെടുന്ന ബഞ്ചിലാണ് ഹർജി സമർപ്പിക്കുക.

ഹൈക്കാടതിയാണ് ഷുക്കൂർ കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചിരുന്നു. ഇതിനെ കോടതി വിമർശിച്ചിരുന്നു. സിബിഐക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും പ്രതിസന്ധിഘട്ടങ്ങളിൽ കണ്ണകടയ്ക്കാതെ കേസ് അന്വേഷിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീർ കാണാതിരിക്കാൻ കഴിയില്ല. സ്വയം പ്രഖ്യാപിത ഗുണ്ടകൾ അഴിഞ്ഞാടുന്നു. ഇതു കണ്ടുനിൽക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.

2012 ഫെബ്രുവരി 20നാണ് സിപിഐ(എം) ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. എം.എസ്.എഫ് പ്രാദേശിക നേതാവായിരുന്നു ഷുക്കൂർ. ഇയാൾ കൊലചെയ്യപ്പെട്ട ദിവസം പട്ടുവത്ത് വച്ച് ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ഷുക്കൂറിനെ സിപിഐ(എം) പ്രവർത്തകർ തടഞ്ഞുവച്ച ശേഷം നേതാക്കളുടെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണു ആരോപണം.