കൊച്ചി: യൂണിയനുകളും സർക്കാരും തള്ളിക്കളഞ്ഞ കെഎസ്ആർടിസിയിലെ എം പാനലുകാർക്ക് ഒടുവിൽ തുണയാകുന്നതും കോടതി തന്നെ. എംപാനലുകാരെ സങ്കടങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കുണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിശ്ചിത കാലം പണിയെടുത്ത എംപാനൽ ജീവനക്കാരുടെ സ്ഥിര നിയമനം സംബന്ധിച്ച കാര്യങ്ങൾ നിയമാനുസൃതമാണെങ്കിൽ തീർച്ചയായും പരിഗണിക്കുമെന്നും ആവശ്യത്തിന് പിഎസ്‌സിക്കാർ എത്തിയില്ലെങ്കിൽ പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ ജോലിയിൽ പുനർപ്രവേശിപ്പിക്കുന്ന കാര്യമടക്കമുള്ള കാര്യങ്ങൾ നാളെ തീർപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. യൂണിയനുകളും സർക്കാരും തള്ളിക്കഞ്ഞ എംപാനലുകാർക്ക് ഒടുവിൽ തുണയായതും അവരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയ അതേ കോടതി തന്നെയാണ്.

പാലായിലെ എംപാനൽ കണ്ടക്ടറായിരുന്ന പി ആർ സതീശ് കുമാർ അഡ്വ. ജോൺസൺ മനയാനി, അഡ്വ. ജീവൻ മാത്യു മനയാനി എന്നിവർ വഴി ഫയൽ ചെയ്ത WPC 41457/18 കേസ് ഇന്നലെ ജഡ്ജി അനിൽ കെ നരേന്ദ്രൻ ചീഫ് ജസ്റ്റീസിന്റെ പരിഗണന്ക്ക് വിട്ടിരുന്നു. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎസ്ആർടിസിയുടെ പിരിച്ചുവിടൽ നോട്ടീസിൽ തന്നെയുള്ളതിനാൽ, പുതിയ ഹർജി ഏത് ഡിവിഷൻ ബഞ്ച് കേൾക്കണമെന്ന കാര്യത്തിൽ ചീഫ് ജസ്റ്റീസ് തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു കോടതി വിധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ,കെഎസ്ആർടിസി പിരിച്ചുവിടൽ വിധിപ്രഖ്യാപിച്ച ജസ്റ്റീസ് പി ചിദംബരന്റെയും ജസ്റ്റീസ് നാരായണ പിഷാരടിയുടെയും ഡിവിഷൻ ബെഞ്ചിലേയ്ക്ക് തന്നെ ഈ കേസ് ചീഫ് ജസ്റ്റീസ് റഫർ ചെയ്യുകയായിരുന്നു. ആർ സതീശ് കുമാർ ഫയൽ ചെയ്ത ഈ കേസിലാണ് എംപാനൽ ജീവനക്കാർ നിയമാനുസൃത ജീവനക്കാരാണെന്നും 5 വർഷ കാലാവധി പൂർത്തിയാക്കിയ (600 തൊഴിൽ ദിനങ്ങൾ) എല്ലാ എംപാനൽ ജീവനക്കാരെയും സ്ഥിരപ്പെടുത്താമെന്ന കരാർ കെഎസ്ആർടിസിയിൽ നിലവിലുണ്ടെന്നും വ്യക്തമാക്കുന്നത്. 2013 ൽ ഇങ്ങനെ 3000ലധികം എംപാനലുകാരെ സ്ഥിരമാക്കിയിട്ടുണ്ടെന്നും അഡ്വ. മനയാനി ചൂണ്ടിക്കാട്ടി.

എംപാനൽ ജീവനക്കാരെ മൊത്തത്തിൽ പിരിച്ചുവിടാനുള്ള വിധിയിൽ തന്റെ കക്ഷിയടക്കമുള്ള എംപാനൽ കണ്ടക്ടർമാർ കക്ഷിയായിരുന്നില്ലെന്നും അവർക്ക് ഒരു നോട്ടീസ് പോലും കൊടുക്കാതെ പാതിരാത്രിയിൽ പിരിച്ചുവിട്ടത് നീതിരഹിതമാണെന്നും ഈ കേസ് മനുഷ്യത്വപരമായി കാണണമെന്നും അഡ്വ മനയാനി ചൂണ്ടിക്കാട്ടി. നിശ്ചിത കാലം പണിയെടുത്ത എംപാനൽ ജീവനക്കാരുടെ സ്ഥിര നിയമനം സംബന്ധിച്ച കാര്യങ്ങൾ നിയമാനുസൃതമാണെങ്കിൽ തീർച്ചയായും പരിഗണിക്കുമെന്നും, ആവശ്യത്തിന് പിഎസ്‌സിക്കാർ എത്തിയില്ലെങ്കിൽ പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ ജോലിയിൽ പുനർപ്രവേശിപ്പിക്കുന്ന കാര്യമടക്കമുള്ള കാര്യങ്ങൾ നാളെ തീർപ്പാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഏതായാലും തൊഴിലാളി സൗഹൃദ സർക്കാരെ യൂണിയനുകളോ കെഎസ്ആർടിസി മാനേജ്‌മെന്റോ കാണിക്കാത്ത ഒരു നീതിയാണ് ഇന്നത്തെ നിരീക്ഷണത്തിലൂടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കാട്ടിയത്. എംപാനൽ ജീവനക്കാരുടെ സങ്കടങ്ങൾ കോടതിയെ യഥാസമയം അറിയിക്കാത്തതിനാലായിരുന്നു പിരിച്ചുവിടൽ നടന്നതെന്നതാണ് സത്യം. തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ഇതിനിടെ ഇത്തരമൊരു എംപാനൽ ജീവനക്കാർക്കനുകൂലമായ കോടതി നിരീക്ഷണമുണ്ടായത് തങ്ങൾ കൊടുത്ത കേസിലാണെന്ന് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ പ്രസ്ഥാപന ഇറക്കിയെങ്കിലും അങ്ങനെയൊരു യൂണിയൻ കേസ് ഇന്നത്തെ കോടതി ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നു എംപാനൽ ജീവനക്കാർ ചൂണ്ടിക്കാട്ടി. അതോടെ യൂണിയൻ അവകാശവാദം പൊളിയുകയും ചെയ്തു. യൂണിയനുകളൊക്കെ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും കെഎസ്ആർടിസി തൊഴിലാളികൾ ചൂണ്ടിക്കാട്ടി.