ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു ഡൽഹി ഹൈക്കോടതി. മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡൽഹി പൊലീസിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സുനന്ദ പുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയാണ് അന്വേഷണം ഇഴയുന്നതിനെതിരെ കോടതിയെ സമീപിച്ചത്.

നീതിന്യായ മേഖലയിലെ മെല്ലെപ്പോക്കിന്റെ ഉത്തമ ഉദാഹരണമായി സുനന്ദ കേസ് മാറുകയാണെന്നും കോടതികളിൽ നിന്നും ഉദാസീന സമീപനം ഉണ്ടാകുന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡൽഹി പൊലീസിനെയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും സിബിഐയെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് ഹർജികൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

ഐബി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റോ, ഡൽഹി പൊലീസ്. സിബിഐ എന്നിവരെ ഉൾപ്പെടുത്തിയ സംഘം കേസന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.2014 ജനുവരി 17 നാണ് കോൺഗ്രസ് നേതാവായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകർ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല.കേസിൽ ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമായേക്കും.