കണ്ണൂർ: കണ്ണൂർ കന്റോൺമെന്റിൽ നാൽപതോളം കടകൾ ഒഴിപ്പിച്ചതോടെ പെരുവഴിയിലായത് ജില്ലാആശുപത്രിയിലെത്തുന്ന സാധാരണക്കാരും ബസ് തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെയുള്ള ആയിരത്തോളം പേർ. കഴിഞ്ഞ നാലുപതിറ്റാണ്ടായി കച്ചവടം നടത്തിയിരുന്നവർ വരെ ഇന്നലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സാധനങ്ങൾ വാരിപൊറുക്കി കൂട്ടി കുടിയിറങ്ങേണ്ടി വന്നു.

ഹോട്ടലുകൾ, അനാദികടകൾ, ടയർ റീസോളിങ് കടകൾ എന്നിവ ഉൾപ്പെടെയുള്ള നാൽപതോളം കടകളാണ് ഒഴിപ്പിച്ചത്. കന്റോൺമെന്റ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ അനുകൂലവിധിയുണ്ടായതോടെയാണ് തൊഴിലാളികൾ പെരുവഴിയിലായത്.
വ്യാപാരികളും തൊഴിലാളികളുമടങ്ങുന്ന ഇരുന്നൂറോളം പേരാണ് ഇതോടെ പെരുവഴിയിലായത്.

ജില്ലാ ആശുപത്രിക്ക് സമീപം വ്യാപാരസ്ഥാപനങ്ങൾ പൂട്ടിയതിനാൽ ഇവിടെ ബസ് സ്റ്റാൻഡിലെത്തുന്ന ബസുകളിലെ ഡ്രൈവർമാരും ദുരിതത്തിലായി. ഇവർക്ക് കുടിവെള്ളം പോലുംകിട്ടാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ടയർ റീസോളിങ് ആൻഡ് പഞ്ചറിങ് കട പൂട്ടിയതിനാൽ ഇനി ഇവിടെ നിന്നും സർവീസ് നടത്തുന്ന ബസുകൾക്ക് നഗരത്തെ ആശ്രയിക്കേണ്ടിവരും. പരമ്പരാഗതമായി ലഭിച്ചിരുന്ന വാടക വർധിച്ചുകിട്ടുന്നതിനാണ് കന്റോൺമെന്റ് ഭരണസമിതി ഹൈക്കോടതിയിൽ ഹരജി നൽകിയത്.

തുടക്കത്തിൽ വ്യാപാരികൾ നൽകിയ എതിർഹർജിയിൽ തൽസ്ഥിതി തുടരാൻ അനുകൂലവിധിയുണ്ടായിരുന്നുവെങ്കിലും വീണ്ടും കന്റോൺമെന്റ് നൽകിയ ഹരജിയിൽ കഴിഞ്ഞയാഴ്‌ച്ച അനുകൂലവിധി ലഭിക്കുകയായിരുന്നു. ഇനി നിയമപരമായി ഇതിലൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായവസ്ഥയിലാണ് വ്യാപാരികൾ. സുപ്രീം കോടതിയിൽ പോയി കേസ് നടത്താൻ ശേഷിയില്ലാത്ത ചെറുകിട വ്യാപാരികളാണ് ഇവിടെയുള്ളത്. മാത്രമല്ല കോടതി വേനൽ അവധിക്ക് അടയ്ക്കുന്നതിനാൽ ഇതുകൊണ്ടു വലിയ പ്രയോജനമില്ലെന്നും ഇവർ പറയുന്നു.

ഹൈക്കോടതി വിധിയുടെ പശ്ചാലത്തിൽ വീണ്ടും പുനർലേലം നടക്കുമെങ്കിലും, നിലവിൽ ഇവിടെ കച്ചവടം ചെയ്യുന്ന സാധാരണ വ്യാപാരികൾക്ക് ഇതിലേക്ക് എത്തിനോക്കാൻ പോലും കഴിയില്ല. 20,000 രൂപനിരതദ്രവ്യം കെട്ടിവച്ചു നടക്കുന്ന ഈ ലേലത്തിൽ പങ്കെടുത്താൽ 15,000 മുതൽ മുകളിലോട്ടാണ് വാടക നൽകേണ്ടി വരിക.

ആശുപത്രി ബസ് സ്റ്റാൻഡിലെ കടകൾ അടച്ചുപൂട്ടുന്നത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതമാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ട്രാൻസ്പോർട്ട് എംപ്ളോയിസ് യൂനിയൻ സിറ്റി ഡിവിഷൻ കമ്മിറ്റി ഭാരവാഹികൾ ജില്ലാകലക്ടർക്ക് നിവേദനം നൽകി. ആവശ്യത്തിന് വെള്ളമോ, ഭക്ഷണമോ ഇവിടെ നിന്നും ബസ് തൊഴിലാളികൾക്കും രോഗികളുടെ കൂട്ടിരുപ്പുകാർക്കുംലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇതുകൂടാതെ സ്പെയർ പാർട്സ് കടകൾ പൂട്ടിയത് ബസ് സർവീസിനെ പ്രതികൂലമായി ബാധിക്കുമെന്നുംഭാരവാഹികൾ നിവേദനത്തിൽ പറഞ്ഞു.