കൊച്ചി: പുകവലി ആരോഗ്യത്തിന് ഹാനികരം എന്നത് സിഗററ്റ് പാക്കറ്റുകളിൽ നിയമപ്രകാരം കാണുന്ന മുന്നറിയിപ്പാണ്. പുകവലി കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിൽപ്പന നിരോധിച്ചില്ലെങ്കിലും പാക്കറ്റുകളിൽ മുന്നറിയിപ്പ് നൽകുന്നത്. മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്നു മദ്യക്കുപ്പികളുടെ പുറത്തെഴുതുന്നതുപോലെ.

നാളെ ഈ മുന്നറിയിപ്പ് നമ്മൾ വാങ്ങുന്ന കറിപൗഡർ പാക്കറ്റുകളിൽ കൊടുക്കാമെന്നാണു ഹൈക്കോടതി പറയുന്നത്. പക്ഷെ ഉപയോഗിച്ചാൽ ഹാനികരമെന്നു കണ്ടെത്തുന്ന പൊടികളിലും ഭക്ഷ്യവസ്തുക്കളിലും 'ഇതു ഹാനികരം' എന്ന വാക്കുണ്ടാവില്ല. പകരം, 'നിലവാരം കുറഞ്ഞത്' എന്നു കൊടുക്കാമെന്നു കോടതി വ്യക്തമാക്കുന്നു. നിരോധിക്കുകയും ചെയ്യില്ല. പക്ഷേ നിലവാരം കുറഞ്ഞത് എന്ന മുന്നറിയിപ്പ് ഏതെങ്കിലും കമ്പനിക്കാർ കൊടുക്കാൻ തയാറാവുമോ എന്നു ചോദിക്കരുത്. ഏതായാലും നിറപറയുടെ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവയുടെ നിർമ്മാണവും വിപണനവും തടഞ്ഞ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതിയിൽ നിയമം തലനാരിഴ കീറി പരിശോധിച്ചപ്പോൾ ജനത്തിനല്ല വൻകിട കമ്പനികാർക്കു വേണ്ടിയാണെന്നു വ്യക്തമാക്കുകയായിരുന്നു.

വീട്ടിൽ കൊച്ചു കുട്ടികൾ മുതൽ എല്ലാവരും ഉപയോഗിക്കുന്ന കറിപൗഡർ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിനു ഹാനികരമായത് കണ്ടെത്താൻ വകുപ്പില്ല. നിലവിലെ നിയമം വച്ച് അത്തരം പരിശോധനക്ക് കഴിയില്ല. കണ്ടെത്താൻ പറ്റാത്തതു കൊണ്ട് നിരോധിക്കാനാവില്ല. നിറപറയുടെ മുളക്, മല്ലി, മഞ്ഞൾ എന്നി പൊടി ഉൽപ്പന്നങ്ങളുടെ നിർമ്മാണവും സംഭരണവും വിതരണവും നിരോധിച്ചുകൊണ്ടുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് ഇതു പ്രകാരമാണു ഹൈക്കോടതി ഹൈക്കോടതി റദ്ദാക്കിയത്്.

2011 ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ 34-ാം വകുപ്പ് അനുസരിച്ചുള്ള അധികാരം ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കൾ മാത്രമാണ് നിരോധിക്കാനാവുക. ഹാനികരമാകുന്നതെങ്ങനെയെന്നു നിർവചിച്ചിട്ടില്ല. ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി നിരോധിക്കപ്പെട്ടു കഴിഞ്ഞ ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലിറങ്ങിയാൽ മാത്രമെ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നടപടികൾ സ്വീകരിക്കാനാകൂ. ആരോഗ്യപ്രശ്‌നം ഉണ്ടാക്കാത്ത ഉൽപന്നങ്ങൾ ഗുണമേന്മയോ നിലവാരമോ ഇല്ലെങ്കിലും നിരോധിക്കാനാവില്ല. നിർമ്മാതാവ് കാട്ടിയ കുറ്റക്യത്യത്തെ കുറിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് പ്രചാരണം നടത്താം, ഉപഭോക്താക്കളുടെ നന്മക്ക് വേണ്ടി ഈ ഉൽപ്പന്നം നിലവാരം കുറഞ്ഞതാണെന്നു വേണമെങ്കിൽ ഉൽപന്നത്തിൽ രേഖപ്പടുത്താം. ഇത്രയൊക്കെ മാത്രമേ നിലവിലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെയ്യാനാവു എന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. നിറപറ നൽകിയ ഹർജിയെ തുടർന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്.

ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയാലും പൊതുജനങ്ങൾക്ക് ജാഗ്രത നൽകി കമ്പനികൾക്കു നിയമപ്രകാരമായി ഒരവസരം കൂടി നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒറ്റ നോട്ടത്തിൽ പൊതുജനങ്ങളുടെ സുരക്ഷക്ക് വേണ്ടി നിർമ്മിച്ചതെന്നു കരുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഒരു വകുപ്പാണ് ഹൈക്കോടതിയിൽ തലനാരിഴ കീറി പരിശോധിച്ചപ്പോൾ നിയമം ജനത്തിനല്ല വൻകിട കമ്പനികാർക്കു വേണ്ടിയെന്ന് വ്യക്തമായത്. നിയമപ്രകാരം നിറപറക്കെതിരെ നടപടിയെടുത്ത ഭക്ഷ്യസുരക്ഷാ കമ്മീഷണർ പോലും ഇവിടെ പ്രതിയാകുന്ന അവസ്ഥയുണ്ടായി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി ദുരുദ്ദേശ്യപരമെന്ന് കോടതി അഭിപ്രായപ്പെടാതിരുന്നതു മാത്രമാണ് ആശ്വാസം.

ഭക്ഷ്യ വസ്തുക്കളും പച്ചക്കറി, പഴവർഗങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കാനാവുമെങ്കിലും അത് ശരീരത്തിന് ഹാനികരമാണോയെന്നു നിർവചിക്കാൻ നിലവിലെ നിയമത്തിൽ വകുപ്പുകളില്ല. ചില കീടനാശിനികൾ പ്രത്യേക അളവിൽ കൂടുതൽ ഉപയോഗിച്ചാൽ മാത്രമേ അത് ശരീരത്തിനു ഹാനികരമെന്നു നിർവചിക്കാനാവൂ. ഒരു കീടനാശിനി എത്ര അളവിലാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തുക പ്രയാസമാണ്. നിയമത്തിൽ നിർവചിച്ചിട്ടില്ലാത്ത കീടനാശിനികളും നിറങ്ങളും മറ്റു രാസവസ്തുക്കളും ഭക്ഷണത്തിൽ ചേർത്താൽ അത് ശരീരത്തിന് ഹാനികരമെന്നു പറയാനാവില്ലത്ര, കുറ്റകരവുമല്ല.

ഓരോ മാസവും പുതിയ മായങ്ങളും വിഷങ്ങളും ഭക്ഷണത്തിൽ കലർത്തിവരുന്നുണ്ടെന്നതാണ് വാസ്തവം. പഴയ നിയമത്തിൽ ഈ വസ്തുക്കളെകുറിച്ച് പറയുന്നില്ലെങ്കിൽ അത് തെളിയിക്കാനോ ശിക്ഷാർഹമെന്നു വിധിക്കാനോ കഴിയില്ല. സംസ്ഥാനത്ത് നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയമത്തിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ വരുത്തിയില്ലെങ്കിൽ നിയമം കൊണ്ട് ജനങ്ങളെ വിഷം തീറ്റിക്കുന്ന കമ്പനികൾക്കു മാത്രമേ ഗുണമുണ്ടാവു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.