- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ നാടാർ സംവരണത്തിന് ഹൈക്കോടതി സ്റ്റേ; പുതിയ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ല; രാഷ്ട്രപതിക്ക് മാത്രം അധികാരമെന്ന് ഹൈക്കോടതി; തെക്കൻ കേരളത്തിലെ നാടാർ സമുദായ വോട്ട് ബാങ്ക് ലക്ഷ്യമിട്ട പിണറായി സർക്കാരിന് തിരിച്ചടി

കൊച്ചി: നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പടുത്തി സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹർജിയിലാണ് വിധി. സംവരണ വിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാഷളല്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.
2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പൻ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
73 സമുദായങ്ങൾ നിലവിൽ ഒബിസി പട്ടികയിൽ ഉണ്ട്. ഒരു സമുദായം കൂടി ഉൾപ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സർക്കാർ പ്രയോഗിച്ചിരിക്കുന്നത്- എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
സംസ്ഥാന പിന്നാക്ക കമ്മിഷൻ ശുാർശ അനുസരിച്ചാണ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എസ്‌ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. തെക്കൻ കേരളത്തിൽ നിർണായകമായ നാടാർ സമുദായത്തിന്റെ വോട്ടുബാങ്ക് മുമ്പിൽക്കണ്ടുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.
മോസ്റ്റ് ബാക് വേർഡ് കമ്യൂണിറ്റി ഫെഡറേഷൻ (എം.ബി.സി.എഫ്) നിലപാട് ഇങ്ങനെ
12 മുന്നാക്ക ക്രിസ്ത്യൻ സമുദായങ്ങളെ നാടാർ സമുദായമെന്നു പറഞ്ഞ് പിന്നാക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെടുത്താനും 80 പിന്നോക്ക സമുദായങ്ങൾക്ക് മൊത്തത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മൂന്നു ശതമാനം സംവരണം വീണ്ടും അട്ടിമറിക്കാനും, വെട്ടിക്കുറക്കാനുമാണ് സർക്കാർ തീരുമാനം. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടിയും പിന്നാക്കാവസ്ഥക്കു ശാശ്വതമായ പരിഹാരമുണ്ടാക്കാനുമായി നാടാർ സമുദായത്തിൽ നിന്നും മതം മാറി മലങ്കര, സുറിയാനി, ഓർത്തഡോക്‌സ് തുടങ്ങിയ 12 ക്രൈസ്തവ സഭകളിൽ അംഗങ്ങളായി മുന്നാക്ക സമ്പന്ന സവർണ വിഭാഗങ്ങളായി ഇക്കാലമത്രയും കഴിഞ്ഞു വന്നവരെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്ടീയ ലാഭത്തിനും വോട്ടുബാങ്ക് ലക്ഷ്യമിട്ടും ആണ്.
കേരള സർക്കാരിന്റെ പിന്നാക്ക സമുദായ ലിസ്റ്റിൽ ഇപ്പോൾ 87 സമുദായങ്ങൾ ഉണ്ട്. ഇവർക്കെല്ലാം കൂടി ഉദ്യോഗ വിദ്യാഭ്യാസ രംഗങ്ങളിൽ 40% സംവരണമാണ് അനുവദിച്ചിട്ടുള്ളത് (പട്ടിക ജാതി- പട്ടിക വർഗ്ഗങ്ങൾക്ക് 10% ഉൾപ്പെടെ ആകെ സംവരണം 50%. ഇതിൽ ഏഴു പിന്നാക്ക സമുദായങ്ങൾക്കായി - (ഈഴവ-, മുസ് ലിം -ലത്തീൻ കത്തോലിക്ക - വിശ്വകർമ്മ -ധീവര -നാടാർ കൺവർട്ടഡ് ക്രിസ്ത്യൻ) 37%. ബാക്കിയുള്ള 80 സമുദായങ്ങൾക്കെല്ലാം കൂടി വെറും 3% മാത്രം. 1979 വരെ ഇത് 10% ഉണ്ടായിരുന്നതാണ് അതിൽ നിന്നും 1979 ൽ വിശ്വ കർമ്മ സമുദായത്തിനും 1980 ൽ ധീവര സമുദായത്തിനും 1982 ൽ നാടാർ സമുദായത്തിനുമായി 7% വെട്ടിക്കുറച്ചാണു് 1982 മുതൽ മൂന്നു ശതമാനമാക്കിയത്.
1982ൽ മൂന്നു ശതമാനമാക്കിയപ്പോൾ 63 സമുദായങ്ങൾ മാത്രമാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത് എന്നാൽ അതിനു ശേഷം മാറി മാറി വന്ന സർക്കാരുകൾ പലപ്പോഴായി മുന്നോക്ക സമുദായങ്ങളായിരുന്ന പതിനേഴു സമുദായങ്ങളെ കൂടി പിന്നോക്ക സമുദായ പട്ടികയിൽ ഉൾപ്പെടുത്തി അതിനെ തുടർന്നാണ് ഈ ഗ്രൂപ്പിൽ ഇപ്പോൾ 80 സമുദായങ്ങൾ ആയത്. 12 സമുദായങ്ങളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ ഈ ഗ്രൂപ്പിലുള്ള സമുദായങ്ങളുടെ എണ്ണം 92 ആയി. ഉദ്യോഗ - വിദ്യാഭ്യാസ രംഗത്ത് ഈ 92 സമുദായങ്ങൾക്കും കൂടി 3% സംവരണം എന്നു പറഞ്ഞാൽ ഒരു സമുദായത്തിനും ഒരു പ്രയോജനവും ഉണ്ടാവുകയില്ല എന്നത് തർക്കമറ്റ കാര്യമാണ്. മുൻപു തന്നെ 2700 പേരെ പി.എസ്.സി നിയമിക്കുമ്പോഴാണ് റൊട്ടേഷൻ അനുസരിച്ച് ഒരു സമുദായത്തിലെ ഒരാളിന് ഒരു ഉദ്യോഗം കിട്ടിയിരുന്നത്. അതിന്റെ കൂടെ ക്രീമീലെയർ കൂടി ഏർപ്പെടുത്തിയപ്പോൾ അതും കിട്ടാതായി. 12 സമുദായങ്ങളെ കൂടി ഉൾപ്പെടുത്തുമ്പോഴുള്ള അവസ്ഥ പരമദയനീയമെന്നും എം.ബി.സി.എഫ് പറഞ്ഞിരുന്നു


