കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് വിമർശനം. വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് അതിജീവിതയ്ക്കു ഹൈക്കോടതിയുടെ താക്കീത്. വിചാരണ കോടതി ജഡ്ജിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകും എന്ന മുന്നറിയിപ്പാണ് കോടതി നൽകിയത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിമർശനം.

സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പെൻഡ്രൈവ് വിചാരണ കോടതിയിൽ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹർജിയിൽ പറഞ്ഞിരുന്നു. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്. അതേസമയം, പ്രോസിക്യൂഷൻ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നൽകി. ഇതിനുപിന്നാലെ പ്രോസിക്യൂഷൻ അന്വേഷണ വിവരങ്ങൾ ചോർത്തുകയാണോയെന്ന മറുചോദ്യവും ഹൈക്കോടതി ആരാഞ്ഞു.

കേസിൽ നിർണായകമായ ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എവിടെനിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണം പൂർത്തിയാകുംമുമ്പ് വിചാരണ കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ചാൽ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടല്ലേയെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹർജിയിൽനിന്നു പിന്മാറണോ എന്നു തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു. ഹർജിയിൽനിന്നു പിന്മാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമർശനം ഉയർത്തിയിരുന്നു. ഈ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ ദിലീപിനെ കക്ഷി ചേർക്കുന്നതിനെ അതിജീവിത എതിർത്തിരുന്നു. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ എന്തിന് എതിർക്കണമെന്നു കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദിലീപിനെ കക്ഷി ചേർത്തിരിക്കുന്നത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി.