ബെംഗളുരു: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവിനെ വിമർശിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് കുമാരസ്വാമി ആരോപിക്കുന്നത്. സ്ത്രീ ഉൾപ്പെടെയുള്ള മൂന്നം​ഗ സംഘം തന്റെ വീട്ടിലുമെത്തി ഭീഷണിപ്പെടുത്തി എന്നാണ് കമാരസ്വാമി ആരോപിക്കുന്നത്.

സ്ത്രീയുൾപ്പടെയുള്ള മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ക്ഷേത്ര നിർമ്മാണത്തിനായി പണം നൽകാത്തതിനെ തുടർന്ന് ഭീഷണിമുഴക്കിയതായും കുമാരസ്വാമി പറയുന്നു. 'ആരാണ് വിവരം നൽകുന്നത് ? തെരുവിലുള്ള നിരവധി ആളുകൾ പലരേയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുണ്ട്. ഞാനും ഒരു ഇരയാണ്. ഒരു സ്ത്രീ ഉൾപ്പടെയുള്ള മൂന്നംഗ സംഘം എന്റെ വീട്ടിലെത്തി എന്തുകൊണ്ടാണ് നിങ്ങൾ പണം നൽകാത്തതെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.' മാധ്യമങ്ങളോട് സംസാരിക്കവേ കുമാരസ്വാമി പറഞ്ഞു.

സംഭാവന നൽകുന്നവരുടേയും നൽകാത്തവരുടേയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിറകേയാണ് ഭീഷണിയുള്ളതായി അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. 'അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് നാസികൾ ജർമനിയിൽ ചെയ്തതിന് സമാനമാണ് ഈ നടപടി.'-കുമാരസ്വാമി ട്വീറ്റ് ചെയ്തു. രാജ്യത്തെ പുതിയ ഈ മാറ്റങ്ങൾ എവിടേക്കാണ് രാജ്യത്തെ എത്തിക്കുകയെന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നുണ്ട്.

ജർമനിയിൽ നാസി പാർട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയിൽ ആർഎസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു. 'നാസികളിൽ നിന്നും കടംകൊണ്ട നയങ്ങൾ നടപ്പാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. രാജ്യത്ത് ജനങ്ങളുടെ കൈയിൽ നിന്ന് അവരുടെ മൗലികാവാശങ്ങൾ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്.'

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എന്നാൽ കുമാരസ്വാമിയുടെ പരാമർശം പ്രതികരണം പോലും അർഹിക്കുന്നില്ലെന്നായിരുന്നു ആർഎസ്എസ്സിന്റെ മറുപടി.

അതിനിടെ, കേരളത്തിൽ രാമക്ഷേത്ര നിർമ്മാണത്തിനായി പണം സംഭാവന നൽകരുതെന്ന പ്രചാരണവുമായി കേരള യുക്തിവാദി സംഘം രം​ഗത്തെത്തി. രാമക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കേരള യുക്തിവാദസംഘത്തിന്റെ ക്യാമ്പെയിൻ. സംഘപരിവാറിന്റെ ഭവന സന്ദർശനം ഫാസിസത്തിന്റെ സർവ്വേയാണെന്ന മുദ്രാവാക്യമുയർത്തിയാണ് സംഘടന പ്രചരണം നടത്തുന്നത്. ഭവനസന്ദർശനം വഴി സംഘപരിവാർ ആവശ്യപ്പെടുന്ന രാമക്ഷേത്രഫണ്ട് നൽകരുതെന്നാണ് സംഘടനയുടെ പ്രചരണം. ഗോവിന്ദ് പൻസാരെ ദിനമായ ഫെബ്രുവരി 20ന് ഫാസിസ്റ്റ് വിരുദ്ധ ദിനാചരണം നടത്തുമെന്നും യുക്തിവാദി സംഘം അറിയിച്ചു.