മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ഒക്ടോബറിൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിവർത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. മികച്ച ക്യാഷ്ബാക്കും ഏറ്റവും മികച്ച റിവാർഡുകളും നൽകി കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഒക്ടോബറിൽ പുതിയ കാർഡുകൾ വിപണിയിലിറക്കാനാണ് കമ്പനികളുടെ തീരുമാനം. ഓൺലൈൻ ഫെസ്റ്റീവ് സീസണുകളിൽ ലാഭം കൊയ്യുകയെന്ന ലക്ഷ്യം ഇതിലുണ്ട്. ഇഎംഐ, വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പിന്നീട് പണം നൽകിയാൽ മതിയെന്ന ആനുകൂല്യം ഇതെല്ലാം ഇത്തരം കാർഡുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

രാജ്യത്ത് കാർഡ് വഴി നടക്കുന്ന ഇടപാടുകളിൽ മൂന്നിലൊന്നും എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കളാണ്. അതിനാൽ തന്നെ എച്ച്ഡിഎഫ്‌സിയുമായി പങ്കാളിത്ത ബിസിനസിലേക്ക് പോകുന്നത് തങ്ങൾക്കും കൂടുതൽ നേട്ടമാകുമെന്ന് പേടിഎമ്മും കാണുന്നു. ടയർ 2, ടയർ 3 വിപണികളിൽ മികച്ച വളർച്ച നേടാനും പേമെന്റിന്റെ ഡിജിറ്റൽവത്കരണം രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാനും സാധിക്കുമെന്നും കമ്പനികൾ കണക്കുകൂട്ടുന്നു.