ന്യൂഡൽഹി: എച്ച്ഡിഎഫ്സി ലിമിറ്റഡ് (ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ)- എച്ച്ഡിഎഫ്സി ബാങ്ക് ലയനമാണ് ധനകാര്യ രംഗത്തെ ചൂടുള്ള വാർത്ത. എച്ച്ഡിഎഫ്‌സിയുടെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ഓഹരികൾ 15.02 ശതമാനവും, 13.61 ശതമാനവും കുതിപ്പ് രേഖപ്പെടുത്തി. ഇന്ത്യൻ ബാങ്കിങ് മേഖല സമീപകാലത്ത് കണ്ട ഏറ്റവും വലിയ ഇടപാടാണ് ഈ ലയനം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും ഭവന വായ്പ രംഗത്തെ ഭീമനും ഒന്നിക്കുമ്പോൾ അത് സമ്പദ് വ്യവസ്ഥയ്ക്കും കരുത്തു പകരും.

തീരുമാനം എടുക്കുന്നതിന് മുന്നോടിയായി താൻ രണ്ടുരാത്രി ഉറങ്ങിയില്ലെന്ന് എച്ച്ഡിഎഫ്‌സി ചെയർമാൻ ദീപക് പരേഖ് പറയുമ്പോൾ തന്നെ അറിയാം അതിന്റെ പ്രാധാന്യം. 45 വർഷം ഭവന വായ്പാ രംഗത്ത് പ്രവർത്തിക്കുകയും ഇന്ത്യാക്കാർക്ക് 90 ലക്ഷം വീടുകൾ നൽകുരയും ചെയ്ത ശേഷം ഞങ്ങൾക്ക് സ്വന്തം വീട് കണ്ടെത്തണമായിരുന്നു. ഞങ്ങളുടെ സ്വന്തം കുടുംബത്തിന് അകത്ത്, ഞങ്ങളുടെ തന്നെ ബാങ്കിൽ അത് കണ്ടെത്തി, ദീപക് പരേഖ് പറഞ്ഞു.

ലയനം കഴിയുമ്പോൾ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരികൾ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് ആയിരിക്കും. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലോ, മൂന്നാം പാദത്തിലോ ലയനത്തിന് അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ' ഇത് തുല്യരുടെ ലയനമാണ്. റെറയുടെ വരവും, എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ഭവന നിർമ്മാണം, തുടങ്ങിയ സർക്കാർ സംരംഭങ്ങൾ ഭവന വായ്പാ ബിസിനസിന് കുതിപ്പ് നൽകുമെന്നാണ് വിശ്വസിക്കുന്നതെന്നും ദീപക് പരേഖ് പറയുന്നു.

ലയനം കൊണ്ട് ആർക്കാണ് ഗുണം?

ലയനം കൊണ്ടുള്ള നേട്ടം ഉപഭോക്താവിന് ആണെന്ന് എച്ചഡിഎഫ്‌സി വൈസ് ചെയർമാനും, സിഇഒയുമായ കേകി മിസ്രി പറയുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന് 6.8 കോടി ഉപഭോക്താക്കളുടെ അടിത്തറയുണ്ട്. തീർച്ചയായും രണ്ടു കമ്പനികൾക്കും ലയനം ഗുണം ചെയ്യും. എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എച്ച്ഡിഎഫ്‌സി ബാങ്കിൽ ലയിക്കുന്നതോടെ, ബാങ്കിന്റെ ഓഹരി ഉടമകൾ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ 100 ഓഹരി ഉടമകളായി മാറും. ഭവന വായ്പാ രംഗത്തെ എച്ചഡിഎഫ്‌സി ലിമിറ്റഡിന്റെ മികവും ബാങ്കിന്റെ വിതരണ ശേഷിയും കൂടി ചേരുമ്പോൾ, ഉപഭോക്താക്കൾക്കും അത് മികച്ച സേവനം കിട്ടാനുള്ള അവസരങ്ങൾ തുറക്കുന്നു.

കൂടുതൽ വൈവിധ്യമാർന്ന ഭവന വായ്പ പദ്ധതികൾ വരും

വെറൈറ്റി ഈസ് ദ സ്‌പൈസ് ഓഫ് ദ ലൈഫ് എന്നാണല്ലോ. കൂടുതൽ വൈവിധ്യമാർന്ന ഭവന വായ്പ പദ്ധതികൾ അവതരിപ്പിക്കാൻ എച്ച്ഡിഎഫ്സിക്ക് സാധിക്കും. നിലവിൽ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വായ്പകൾ ഉപഭോക്താക്കൾക്ക് നൽകി ഫീസ് ഈടാക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക് ചെയ്യുന്നത്. ലയനത്തിലൂടെ സ്വന്തം ഭവന വായ്പാ സ്‌കീമുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബാങ്കിന് കഴിയും.

കുറഞ്ഞ ചെലവിൽ കൂടുതൽ വായ്പകൾ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആണ് എച്ച്ഡിഎഫ്സി. ലയനത്തിലൂടെ ബാങ്കിന് കീഴിലെത്തുന്ന ഫണ്ടുകളുടെ വലുപ്പം വർധിക്കും. ഇത് കുറഞ്ഞ ചെലവിൽ കൂടുതൽ വായ്പകൾ നൽകാൻ ബാങ്കിനെ സഹായിക്കും.

ക്രോസ് സെല്ലിങ് സൗകര്യം കൂടും

എച്ച്ഡിഎഫ്സി ലിമിറ്റഡിന് രാജ്യത്തുടനീളം 445 ഓഫീസുകളുണ്ട്. ഈ ഓഫീസുകളിലൂടെ ഇനിമുതൽ എച്ച്ഡിഎഫ്സിക്ക് ബാങ്കിങ് സേവനങ്ങൾ കൂടി നൽകാനാവും. കൂടാതെ ഭവന വായ്പ രംഗത്ത് സ്പെഷ്യലൈസ് ചെയ്ത എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ജീവനക്കാർ എച്ച്ഡിഎഫ്സി ബാങ്കിന് മുതൽക്കൂട്ടാവും.

സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കും

ലയനം പൂർത്തിയാവുന്നതോടെ ബാങ്കിന്റെ ബാലൻസ് ഷീറ്റ് 25.61 ലക്ഷം രൂപയായി ഉയരും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ ബാലൻസ് ഷീറ്റ് 45.34 ലക്ഷം കോടിയാണ്. ഐസിഐസി ബാങ്കിന്റേത് 17.74 ലക്ഷം കോടിയും. ഇപ്പോൾ തന്നെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആയ എച്ച്ഡിഎഫ്സിക്ക് ബാലൻസ് ഷീറ്റിലൂടെ ഉണ്ടാകുന്ന നേട്ടം സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കാൻ കരുത്തേകും.

ഉടമസ്ഥാവകാശ മാറ്റം

ലയനത്തിനുശേഷം, എച്ച്ഡിഎഫ്സി ബാങ്കിലെ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഷെയർ ഹോൾഡിങ് ഇല്ലാതാവും. എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ നിലവിലുള്ള ഓഹരി ഉടമകൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരി കൈവശം വയ്ക്കും.

രാജ്യത്തിന്റെ വളർന്നുവരുന്ന സാമ്പത്തിക വിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എസ്.ബി.ഐ പോലുള്ള വലിയ ബാങ്കുകൾ ഇനിയും ആവശ്യമാണെന്ന് കഴിഞ്ഞ വർഷം ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ബാങ്കിങ് ശേഷി വർധിപ്പിക്കണം. എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നാലോ അഞ്ചോ ബാങ്കുകൾ എങ്കിലും നമുക്ക് പുതുതായി വേണം' - ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ സംയോജനം കൂടുതൽ വലിയ ബാങ്കുകൾ സൃഷ്ടിക്കാൻ സഹായകരമായിട്ടുണ്ട്. രാജ്യത്ത് ബാങ്കിങ് സേവനങ്ങൾ ഇല്ലാത്ത മേഖലകൾ കണ്ടുപിടിക്കാൻ കഴിയണം. എല്ലാ സ്ഥലങ്ങളിലും ബാങ്ക് ഓഫീസുകൾ ആരംഭിച്ചില്ലെങ്കിലും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങൾ ഉറപ്പുവരുത്താനാകണം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നർണായകമായ പുനക്രമീകരണത്തിലൂടെ കടന്നുപോകുകയാണെന്നും മികച്ച സാമ്പത്തിക സേവനങ്ങൾ ഉറപ്പുവരുത്തി ബാങ്കുകൾ അതിന് എല്ലാ പിന്തുണയും നൽകണമെന്നും നിർമലാ സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. ഈ ദിശയിൽ നോക്കിയാൽ, എസ്‌ബിഐയോളം വരില്ലെങ്കിലും, എച്ച്ഡിഎഫ്‌സി ലയനം വലിയൊരു ചുവട് വയ്പാണ്.