സേലം : സുപ്രീം കോടതിയിൽ നിയമയുദ്ധം തുടരുന്നതിനിടെ ഹാദിയയ്ക്കും,ഷെഫീൻ ജഹാനും വിവാഹവാർഷികം. സേലത്ത് ഹാദിയ ആയുർവേദ പഠനം നടത്തുന്ന കോളേജിലെത്തി ഷെഫിൻ വിവാഹ വാർഷിക സമ്മാനം നൽകി. ഇത് രണ്ടാം വട്ടമാണ് ഷെഫിൻ ഹാദിയയെ കാണാൻ എത്തുന്നത്.

ഡിസംബർ 19 ആണ് ഇരുവരുടെയും വിവാഹ വാർഷികം തനിക്കു സ്വാതന്ത്ര്യം വേണമെന്ന ഹാദിയയുടെ ആവശ്യം സുപ്രീംകോടതി ഭാഗികമായി അംഗീകരിച്ചതോടെയാണ് മുടങ്ങി കിടന്ന വിദ്യാഭ്യാസം പുനരാരംഭിച്ചത്

.സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി പഠനം പൂർത്തിയാക്കാൻ ഹാദിയക്ക് സുപ്രീംകോടതി അനുമതി നൽകി.

പഠനകാലയളവിൽ മെഡിക്കൽ കോളേജിലെ ഡീനിനോട് രക്ഷകർത്താവാകാനും കോടതി നിർദ്ദേശിച്ചു. ഇക്കാലയളവിൽ ഹാദിയയുടെ സുരക്ഷ ചുമതല തമിഴ്‌നാട് സർക്കാർ വഹിക്കണം. മാതാപിതാക്കളുടെ സംരക്ഷണം ഒഴിവാക്കി കൊണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം.

അതേസമയം ഹാദിയയും ഷെഫീൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും സുപ്രീംകോടതി തയ്യാറായില്ല. ഫലത്തിൽ വിവാഹം റദ്ദാക്കുന്നതിന് മുൻപുള്ള അവസ്ഥയിൽ തുടരാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. അതേസമയം ഹാദിയയെ ഭർത്താവിനൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ വിടുന്ന കാര്യത്തിൽ സുപ്രീംകോടതി അന്തിമതീരുമാനം പിന്നീട് വ്യക്തമാക്കും. ജനുവരി മൂന്നാം വാരം കേസ്് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

നേരത്തെ തനിക്കു സ്വാതന്ത്ര്യം വേണമെന്നും സ്വന്തം മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് തുറന്ന കോടതിയിൽ ഹാദിയ കോടതിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്.

തനിക്കു മനുഷ്യനെന്ന പരിഗണന ലഭിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. തന്റെ പഠനം പൂർത്തിയാക്കാൻ അനുവദിക്കണം. മാതാപിതാക്കളുടെ സമ്മർദം മൂലമാണ് വീടുവിട്ടതെന്ന് ഹാദിയ കോടതിയിൽ വ്യക്തമാക്കി. പഠനം പൂർത്തിയാക്കാൻ സർക്കാർ സഹായം വേണ്ട, പഠന ചെലവ് ഭർത്താവ് വഹിക്കുമെന്ന് ഹാദിയ പറഞ്ഞു.