തിരുവനന്തപുരം : കോവിഡ് കാലത്ത് മരുന്നുവാങ്ങിയ വകയിൽ മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് പേയിങ് കൗണ്ടറിന് സർക്കാർ കൊടുക്കാനുള്ളത് 6,09,91,245 (ആറ് കോടി ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തി ഇരുന്നുറ്റി നാൽപ്പത്തിയഞ്ച് രൂപ). സർക്കാരിന്റെ ആരോഗ്യപദ്ധതികൾക്കും ചികിത്സാ സഹായത്തിനും മരുന്നുകൾ എത്തിച്ചുനൽകാൻ നിയോഗിക്കപ്പെട്ട കെ.എം.എസ്.സി.എൽ വഴി ആവശ്യത്തിന് മരുന്ന് കിട്ടാതിരുന്ന സമയത്തായിരുന്നു എച്ച്.ഡി.എസ് പേയിങ് കൗണ്ടറിൽ നിന്ന് മരുന്നുകളും ചികിത്സാ സാധന സാമഗ്രികളും കടമായി നൽകിയത്.

ആറുകോടിയിലേറെ രൂപ കിട്ടാക്കടമായതോടെ എച്ച്.ഡി.എസ് പേയിങ് കൗണ്ടർ പൂട്ടലിന്റെ വക്കിലാണ്. സാധാരണക്കാർക്ക് ഉപകാരപ്പെടുന്നതിന് കുറഞ്ഞ വിലയ്ക്ക് മരുന്ന് സംഭരിച്ച് പൊതുജനങ്ങൾക്കും ആശുപത്രികൾക്കും നൽകുന്നതിനും കഴിയാതെ വന്നിരിക്കുകയാണ് ഇപ്പോൾ.

കേരള സർക്കാർ കോവിഡിനെ നേരിടാൻ പി.പി.ഇ കിറ്റുമുതൽ മരുന്നുകൾ വരെ വൻ തുകയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയിരുന്നു. മാർക്കറ്റ് വിലയേക്കാൾ ഇരട്ടിയിലേറെയും കൊള്ളവിലയ്ക്കും ഇവയൊക്കെ വാങ്ങിയിട്ട് ഉടനെ തന്നെ പണം നൽകി കണക്കുകൾ തീർത്ത സർക്കാർ ഇപ്പോൾ സർക്കാർ സംവിധാനമായ ഒരു സ്ഥാപനത്തിന് കൊടുക്കാനുള്ളത് കോടികളാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈയയച്ച് സഹായം ചെയ്ത സർക്കാർ എന്തുകൊണ്ട് സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന എച്ച്.ഡി.എസ് പേയിങ് കൗണ്ടറിനെ കടക്കെണിയിലേക്ക് തള്ളിവിടുന്നുവെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ചേർന്ന മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ യോഗത്തിൽ കിട്ടാക്കടമായി കിടക്കുന്ന കോടികൾ സർക്കാരിൽ നിന്ന് വാങ്ങിച്ചെടുക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് അവർക്കും ഉറപ്പില്ല.

കഴിഞ്ഞയാഴ്‌ച്ച ആരോഗ്യമന്ത്രി വീണ ജോർജ്ജ് തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശം നടത്തിയിരുന്നു. ഫാർമസികളിൽ മരുന്ന് സ്റ്റോക്ക് ചെയ്തില്ലെന്ന് കണ്ടെത്തിയതിനേത്തുടർന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും ഉടനടി സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇതൊക്കെ ലൈവായി നാട്ടുകാർ കാണുകയും ചെയ്തു. ആരോഗ്യമന്ത്രി നടത്തിയത് ഷോ ഓഫ് മിന്നൽ സന്ദർശനമാണെന്ന ആക്ഷേപം ഉയരുമ്പോഴാണ് മരുന്ന് വാങ്ങിയ വകയിൽ കോടികൾ കൊടുക്കാനുള്ള കാര്യങ്ങളും പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൃത്യമായി പണം കൊടുക്കുന്ന ആരോഗ്യവകുപ്പ് എന്തുകൊണ്ട് സർക്കാർ സംവിധാനമാണ് എച്ച്.ഡി.എസ് പേയിങ് കൗണ്ടറിനുള്ള പണം നൽകുന്നില്ലെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.