'ഇവൻ മര്യാദരാമൻ' എന്ന ജനപ്രിയനായകന്റെ പുതിയ ചിത്രത്തിന് പോവുകയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഒരു സുഹൃത്ത് പറഞ്ഞു. 'നിങ്ങൾക്കിത് റിവ്യൂചെയ്യാൻ വളരെ എളുപ്പമായിരിക്കും. പഴയ ദിലീപ് ചിത്രങ്ങളായ 'ശൃംഗാരവേലന്റെയും', 'വില്ലാളിവീരന്റെ'യുമൊക്കെ റിവ്യൂ, കോപ്പി പേസ്റ്റ്‌ചെയ്ത് കഥാപാത്രങ്ങളുടെ പേര് മാത്രം മാറ്റിയാൽ മതിയല്ലോ'. പക്ഷേ അതൊന്നും പോരെന്ന് ഈ പടപ്പ് കണ്ടപ്പോൾ ബോധ്യമായി. ഇതുവച്ചുനോക്കുമ്പോൾ ആ മാരണങ്ങളൊക്കെ സ്വർഗമായിരുന്നു. ഒറ്റസീൻപോലും ഓർക്കത്തക്കരീതിയിൽ ചിത്രീകരിക്കാൻ കഴിയാതെ, മുഴവൻ സമയ അസംബന്ധങ്ങളും കോപ്രായങ്ങളും നിറഞ്ഞ അസഹനീയമായ കലാവ്യഭിചാരമാണ് ഈ സിനിമ. ഈ പൊട്ടപ്പടത്തിന് സെറ്റിട്ട ഒരു കോടി രൂപയുണ്ടായിരുന്നെങ്കിൽ ഹോം സിനിമ പിടിക്കുന്ന സ്‌കൂൾകുട്ടികൾപോലും എത്രയോ നല്ല പടമെടുത്തേനെ. പ്രമുഖ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണനും സിബി.കെ തോമസും എഴുതി, പുതുമുഖമായ സുരേഷ് ദിവാകർ സംവിധാനിച്ച 'ഇവൻ മര്യാദരാമൻ' സത്യത്തിൽ മലയാളത്തിൽ എടുത്ത ആദ്യത്തെ തെലുങ്കുചിത്രമെന്ന വിശേഷണത്തിന് അർഹമാണ്. ഒരുകാര്യവുമില്ലാതെ കോടികളുടെ സെറ്റിട്ട് പണം തുലച്ച ഒരു കലാവ്യഭിചാരം എന്ന പേരിലായിരിക്കും മര്യാദരാമൻ ഭാവിയിൽ അറിയപ്പെടുക.

തെലുങ്ക് മസാല അതേപടി മലയാളമാവുമ്പോൾ!

ലോകത്തിലെ തന്നെ ഏറ്റവും ലോ ക്ലാസ് ഓഡിയൻസുള്ള ഒരു മേഖലയാണ് തെലുങ്ക് പോപ്പുലർ സിനിമ. ( സമാന്തര തെലുങ്ക് സിനിമയും നാടകവും ഒന്നുവേറെതന്നെയാണ്.) ചിരംജീവിയുടെയും, അല്ലുഅർജുന്റെയും, രാം ചരൺ തേജയുടെയുമൊക്കെ യുക്തിരഹിതമായ കത്തി സിനിമകൾ കണ്ടാലേ മലയാളം എത്ര സ്വർഗമാണെന്ന് ബോധ്യമാവൂ. (ആശുപത്രിക്ക് പുറത്തനിന്ന് ഒരു ഹൃദയം വലിച്ചെറിഞ്ഞ് അത് ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന രോഗിയിൽ ഒട്ടിച്ചേരുന്ന ഒരു തെലുങ്കുപടത്തിന്റെ ക്‌ളിപ്പിങ്ങ് ഈയിടെ കാണാനായി!).

പക്ഷേ അവിടെയുണ്ടായ കണ്ടിരിക്കാവുന്ന ചിത്രമായ, ഹിറ്റ്‌മേക്കർ രാജമൗലിയുടെ 'മര്യാദരാമണ്ണ' അതേ പടി തർജ്ജമചെയ്ത് മലയാളത്തിലേക്ക് മാറ്റിയിരിക്കയാണ്. സ്വിറ്റേഷ്വൻ കോമഡി നന്നായി തെലുങ്കിൽ വർക്കൗട്ട് ചെയ്തിരുന്നെങ്കിൽ മലയാളത്തിൽ അതുമില്ല. അതും എന്തും വിമർശനബുദ്ധിയോടെ കാണുന്ന, സദാ പുഛം സ്ഥായീഭാവമായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിലേക്ക്. തമിഴിലും കന്നടയിലുമൊക്കെ മര്യാദരാമണയുടെ റീമേക്ക് വിജയിച്ചെന്നുകരുതി മലയാളത്തിൽ അങ്ങനെയായിക്കൊള്ളണമെന്നില്ലല്ലോ? സാധാരണ ഈ കൊച്ചുകേരളത്തിൽ ഒരുപടം വിജയിച്ചാൽ അത് മറ്റെല്ലായിടത്തും കൊണ്ടാടപ്പെടും എന്നാണ് സിനിമക്കാർ പറയാറ്. ഇവിടെ തെലുങ്ക് പടമെടുത്ത്, അതിനേക്കാൾ ബോറാക്കിയവരുടെ പ്രതിഭയ്ക്കും കൊടുക്കണം ഒരു അവാർഡ്.

രാജമൗലി തന്റെ സിനിമക്കായി അഡാപ്റ്റ് ചെയ്ത അമേരിക്കൻ ഫിലംമേക്കർ, ബസ്റ്റർ കീറ്റൺ ഒരുക്കിയ 'അവർ ഹോസ്പിറ്റാലിറ്റ്' പഴയ നിശബ്ദ ചിത്രം ഇപ്പോഴും യൂ ട്യൂബിലുണ്ട്. 19-ാം നൂറ്റാണ്ടിലെ അമേരിക്കൻ തലമുറകളുടെ കുടിപ്പക നർമ്മത്തിൽ ചാലിച്ചു പറയുന്ന ഈ ചിത്രം കണ്ടാലറിയാം, പ്രതിഭയുടെ കാര്യത്തിൽ നാം എത്ര നൂറ്റാണ്ട് പിന്നിലാണെന്ന്! അളിഞ്ഞ തെലുങ്ക് മസാലയുടെ വാട 'മര്യാദരാമനിൽ' ഉടനീളം ഉണ്ട്. സിബിയുടെയും ഉദയന്റെയും കഥകളിൽ ആയിരം വട്ടം കണ്ടപോലെ, എന്തെല്ലാമോ പേരിന്റെ കൂടെ കുറെ സിംഹൻ ചേർത്ത കുറെ തറവാട്ട് ചട്ടമ്പികളും, ഉത്സവതർക്കവും, തറവാട്ടുമഹിമയുമൊക്കെ കലർന്ന കൂട്ടപ്പൊരിച്ചിൽ തന്നെയാണ് ഇതിലെയും വിഷയം.പഴയ കുടിപ്പകയിൽ കൊല്ലപ്പെട്ട ഒരു ജന്മിയുടെ മകനാണ് ദിലീപ് അവതരിപ്പിക്കുന്ന നായകൻ രാമു. പൂണെയിലെ ഒരു അരിമില്ലിൽ തൊഴിലാളിയായ രാമു, ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള കാശിനായി നാട്ടിലേക്ക് വരികയാണ്. ഒരു വൻ തുക പിതാവ് തന്റെ പേരിൽ അവിടുത്തെ പോസ്റ്റ് ഓഫീസിൽ ഇട്ടിട്ടുണ്ടെന്ന് വൈകിയാണ് രാമു അറിയുന്നത്. അതുവാങ്ങാനായി നാട്ടിലേക്ക് തീവണ്ടി കയറുന്ന അയാൾ, പറഞ്ഞുറപ്പിച്ചെന്നോണം നായികയെ (നിക്കി ഗൽറാണി) പരിചയപ്പെടുന്നു. സ്വാഭാവികമായിട്ടും അവർ വില്ലന്റെ മകളുമായിരിക്കുമല്ലോ?


ഗ്രാമത്തിൽ രാമു എത്തിയതോടെ, അവരുടെ ഇളയച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ നരസിംഹന്മാർ കുതിച്ചത്തെുകയാണ്. എന്നാൽ ഇതറിയായെ രാമു ആ രാജാപ്പാർട്ട് വില്ലന്മാരുടെ വീട്ടിൽ അതിഥിയായി എത്തുന്നു.കൊട്ടാരസദൃശ്യമായ ആ വീടിന്റെ അകത്ത് ദേവീ പ്രതിഷ്ഠയുള്ളതുകൊണ്ട്, അവിടെ മനുഷ്യരക്തം വീഴരുതെന്ന് നരസിംഹന്മാർക്ക് നിർബന്ധമുണ്ട്. അങ്ങനെചെയ്താൽ ദേവി ഭദ്രകാളിയായിപ്പോവും. (എത്ര വിചിത്രമായ വിശ്വാസങ്ങൾ) അതുകൊണ്ടുതന്നെ വീട്ടിനകത്ത് രാമു 'സെയ്ഫാണ്'. പുറത്തിറങ്ങിയാൽ അപ്പോൾ കൊല്ലാൻ നരസിംഹനും കൂട്ടരും റെഡിയാണ്. തെലുങ്ക് മസാലയ്ക്ക് പറ്റിയ ഈ പൊട്ട അകത്തോ പുറത്തോ കളിയാണ് സിനിമയുടെ പ്രമേയം. ഈ കുടുക്കിൽനിന്ന് രക്ഷപ്പെടാൻ പിന്നീടങ്ങോട്ട് നായകന്റെ വക അരോചക കോമഡികൊണ്ടുള്ള ആക്രമണമാണ്. ഇതുകാണാനുള്ള സമയദോഷമുള്ളവർ കണ്ടുതന്നെ സഹിക്കുക.

പെരുംകത്തിയുടെ പെരുങ്കളിയാട്ടം!

റിയ കത്തിയും നാം കണ്ടിട്ടുണ്ട്. എന്നാൽ 25 വെടിയുണ്ടയും 150 വെട്ടുമേറ്റിട്ടും കൊടിനാട്ടിയപോലെ നിൽക്കുന്ന രാം ചരൺ തേജപോലും തോറ്റുപോകുന്ന ചില കത്തികൾ ഇതിലുണ്ട്. വില്ലന്മാരിലൊരുത്തൻ, രാമുവിനെ പിടിച്ച് ഒരു മുറിയിൽ പൂട്ടിയിട്ട് വെട്ടാനൊരുങ്ങുന്നു. അപ്പോൾ നമ്മുടെ ജനപ്രിയ നായകൻ രക്ഷപ്പെട്ട വിധം, മലയാളസിനിമയുടെ ചരിത്രം എഴുതുന്നവർ ഓർത്തുവെക്കേണ്ടതാണ്. വില്ലന്റെ തലയ്ക്കുമുകളിലൂടെ ഒരൊറ്റ ചാട്ടത്തിന് വെന്റിലേറ്ററിനുള്ളിലൂടെ ഒരു പക്ഷിയെപ്പോലെ അയാൾ പുറത്തത്തെുന്നു! എന്റമ്മോ, കട്ട ദിലീപ് ഫാൻസ്‌പോലും ഉറക്കെ കൂവുകയാണ്. ക്ലൈമാക്‌സിലും കാണിക്കുന്നുണ്ട്, തെലുങ്ക് മസാലകളിൽ കാണുന്നപോലെ കൂറ്റൻ പാലവും വലിയൊരു പുഴയും. ഈ പുഴയുടെ പാലത്തിന്റെ നടുവിലത്തെ തടി ഒരറ്റത്തേക്ക് വലിച്ചുവച്ചാൽ മതി, ആർക്കും അക്കരെ കടക്കാനാവില്ല. സിനിമയിൽ ഈ കഥ നടന്നത് കേരളത്തിലാണെന്ന് ഓർക്കണം. കുലംകുത്തി ഒഴുകുന്ന പുഴകാണുമ്പോൾതന്നെ നമുക്കറിയാം നായിക അതിൽ ചാടുമെന്നും നായകൻ രക്ഷിക്കുമെന്നും. രണ്ടുമിനുട്ടുനേരത്തെ ഡയലോഗുകൊണ്ട് ഒരു കല്യാണം നടത്തിച്ചുകാണിക്കുന്നതും, ഡപ്പാക്കുത്ത് ശൈലിയിലെ പാട്ടുമൊക്കെ കാണേണ്ടതുതന്നെയാണ്.[BLURB#1-H]സംസാരിക്കുന്ന സൈക്കിളാണ് മറ്റൊരു അത്ഭുദം. 'സിഐഡി മൂസയിൽ' ഒരു നായയുടെ സംഭാഷണമൊക്കെ ചിത്രീകരിക്കുമ്പോൾ അതിന്റെ ആഖ്യാന പ്രത്യേകതമൂലം പുതുമയുള്ളതും രസകരവുമായാണ് പ്രേക്ഷകന് തോന്നിയത്. എന്നാൽ ഇവിടെ ഒരു പഴഞ്ചൻ ഹെർക്കുലീസ് സൈക്കിൾ, സുരാജ് വെഞ്ഞാറമൂടിന്റെ കേട്ട് മടുത്ത സ്ഥിരം 'തിരുവന്തോരം സ്‌ളാങ്ങിൽ' ചില ആത്മഗതങ്ങൾ നടത്തുന്നുണ്ട്. പുകഴ്‌ത്തുകയാണെന്ന് കരുതരുത്. അതും ശുദ്ധബോറായിട്ടുണ്ട്. മത്തിക്കറികൂട്ടി ഹലുവ തിന്നാൽ എങ്ങനെയിരിക്കും. അതുപോലെ.

ഉദയനും സിബിയും ചെയ്യുന്നത് സാമൂഹികദ്രോഹം

[BLURB#2-VL] ടൻ പ്രഥ്വീരാജ് ഒരിക്കൽ ചൂണ്ടിക്കാട്ടിയിരുന്നു. 'ഒരു നല്ല പടം പരാജയപ്പെടുന്നതിനേക്കാൾ ദൂഷ്യഫലങ്ങൾ ഉണ്ടാക്കുക, ഒരു മോശം സിനിമ ഹിറ്റായാൽ ആണെന്ന്'. സിബിയുടെയും ഉദയന്റെയും സർഗാത്മക ജീവിതത്തിലുടെ കടന്നുപോവുന്ന ആർക്കും ഇക്കാര്യം ശരിക്കും ബോധ്യമാവും. ഫോർമുല സിനിമകളും തറവളിപ്പുകളും ഹിറ്റാക്കിമാറ്റാനുള്ള ഉൽസവ വിപണിയുടെ ടെക്ക്‌നിക്ക് നന്നായി അറിയാവുന്നവരാണ് ഇവർ. പക്ഷേ ഇത് മലയാള സിനിമയുടെ പ്രമേയത്തെ അരനൂറ്റാണ്ട് പിറികോട്ടു വലിക്കയാണ് ചെയ്തത്. പ്രശസ്ത ബ്‌ളോഗർ ബെർലി തോമസ് ചൂണ്ടിക്കാട്ടിയപോലെ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ക്ഷേത്രങ്ങളിലെ ഉൽസവത്തർക്കവും, തറവാട്ട്മഹിമയും ഒക്കെയാണെന്നാണ് ഇവരുടെ ചിത്രം കണ്ടാൽ തോന്നുക. ഇവർ എഴുതിയ ഭൂരിഭാഗം ചിത്രങ്ങളും ഭാഗ്യത്തിന് വിജയിച്ചതോടെ മറ്റുള്ളവരും ഇതേ ട്രാക്ക് അനുകരിക്കാൻ തുടങ്ങി. ഫലമോ മലയാള സിനിമ ഒന്നിനൊന്ന് മോശമായി. ആ രീതിയിൽ നോക്കുമ്പോൾ ശരിക്കും സാമൂഹിക ദ്രോഹംതന്നെയാണ് ഈ രചനാ ഇരട്ടകൾ ചെയ്യുന്നത്. ഹീനമായ വംശീയത, കടുത്ത സ്ത്രീവിരുദ്ധത എന്നിവയൊക്കെ മുട്ടിനുമുട്ടിന് ചേർത്ത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ചേരാത്തവയാണ് ഇവരുടെ സിനിമകളെന്നും ഇതോടൊപ്പം കൂട്ടിവായിക്കണം.

ഇപ്പോൾ കിട്ടിയ ഒരു സന്തോഷവാർത്ത ഈ വളിപ്പന്മാർ പിരിയുകയാണെന്നതാണ്. ഒരാൾ സംവിധാനത്തിലേക്ക് നീങ്ങുമ്പോൾ, മറ്റവൻ എഴുത്തിൽതന്നെ നിൽക്കുമത്രേ. എന്തായാലും ഇരട്ട വിഷം ഒഴിവായി കിട്ടിയല്ലോ. ഫേസ്‌ബുക്കിലും മറ്റും വരുന്ന രൂക്ഷമായ വിമർശനം കണക്കിലെടുത്ത് ഇനിയെങ്കിലും മാറാനുള്ള അവസരമായി അവർ ഈ പിരിയലിനെ എടുക്കട്ടെ.അല്‌ളെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നല്ല സിനിമ എടുക്കണണെന്ന് ഏത് ഫിലംമേക്കറാണ് ആഗ്രഹിക്കാത്തത്.

ഓണത്തിനിടക്ക് ഒരു പുട്ടുകച്ചവടം!

ക്കണക്കിനാണ് കാര്യങ്ങളെങ്കിൽ ദിലീപ് തന്റെ പുട്ടുകച്ചവടത്തിൽതന്നെ ശ്രദ്ധിക്കുന്നതാവും നല്ലത്. അടിക്കടി സിനിമകൾ പൊട്ടി കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നത് ഈ സ്വയംപ്രഖ്യാപിത ജനപ്രിയനായകൻ അറിയുന്നില്ല. മഞ്ജുവാര്യരുമായി പരിഞ്ഞതിനുശേഷം ഒരു വിഭാഗം ഫാമിലി ഓഡിയൻസും ദിലീപിൽനിന്ന് അകന്നുപോയിട്ടുണ്ട്. ഇത്തരം ഗോഷ്ടികൾകാട്ടി അവരുടെ പ്രീതി തിരിച്ചുപടിക്കാമെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. ദിലീപ് ഫാൻസിൽ ഏറെയും കുട്ടികൾ ആയതുകൊണ്ടാണത്രേ ഈ രീതിയിലൊക്കെ പടച്ചുവിടുന്നത്. കേരളത്തിലെ കുട്ടികളെന്താ അന്യഗ്രഹ ജീവികളാണോ? സാങ്കേതിക വിദ്യയുടെ ഈ കുത്തെഴുക്കിന്റെ കാലത്ത് മുതിർന്നവരെക്കാളും അപ്‌ഡേറ്റാണ് ഇന്ന് കുട്ടികൾ. പലരംഗങ്ങളിലും കുട്ടികൾ ഈ സിനിമ കണ്ട് കൂവുകയാണ്. എന്തുകൊണ്ട് തന്റെ ചിത്രങ്ങൾ അടിക്കടി ബോറാവുന്നുവെന്ന് ദീലീപ് തന്നെ ആത്മ പരിശോധന നടത്തട്ടെ. ഇനി ഈ പടത്തിൽ ദിലീപിന്റെ പ്രകടനവും ആവറേജ് എന്നല്ലാതെ, തന്റെ മുൻകാല കരിസ്മയിലേക്ക് ഒരിക്കലും എത്തിയിട്ടില്ല. കുറ്റിമീശയും താടിയുമൊക്കെയായി പന്തംകണ്ട പെരുച്ചാഴിയെപ്പോലൊരു കോലം! തമിഴ് റീമേക്കിൽ പ്രശസ്ത നടൻ സന്താനം ചെയ്തതിന്റെ പകുതിയെങ്കിലും എത്തിക്കാൻപോലും നമ്മുടെ ദിലീപേട്ടന് ആയിട്ടില്ല.

വാൽക്കഷ്ണം: എതാനും ചില കോക്കസുകൾ നിയന്ത്രിക്കുന്ന സാറ്റലൈറ്റ് മാഫിയ എന്നൊന്ന് മലയാളത്തിൽ ഉണ്ടായിരുന്നെന്നും അതിനെ നിർമ്മാർജനം ചെയ്തു കഴിഞ്ഞുവെന്നുമാണ് കേട്ടിരുന്നത്. പക്ഷേ ഈ പടം കണ്ടപ്പോൾ ആ ധാരണമാറി. അഞ്ചുനയാപ്പെസക്കില്ലാത്ത ഈ പടം അഞ്ചരക്കോടിയോളം മുടക്കിയാണത്രേ ഒരു ചാനൽ എടുത്തത്! (ഇത് പബ്‌ളിസിറ്റി സ്റ്റണ്ടാണോ എന്നും അറിയില്ല) അത്യാവശ്യം കൊള്ളാവുന്ന സിനിമകൾപോലും സാറ്റലൈറ്റ് റൈറ്റ് കിട്ടാതെ കെട്ടിക്കിടക്കുന്ന കാലത്താണ് ഇതെന്ന് ഓർക്കണം.അതുപോലെതന്നെ പ്രമുഖപത്രങ്ങളുടെ ഓൺലൈനുകളിൽ ഈ സിനിമയുടെ നിരൂപണം നോക്കുക. ഉത്സവ സീസണുവേണ്ടി തയാറാക്കിയ ആഘോഷ ചിത്രമാണത്രേ ഈ ആറ്റൻ വളിപ്പ്. ഇത് പെയ്ഡ് ന്യൂസ് അല്ലെങ്കിൽ പിന്നെന്താണുസാർ പെയ്ഡ് ന്യൂസ്!