ന്യൂഡൽഹി: ജന്മനാൽ ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികിൽസയ്ക്കു ധനശേഖരണാർത്ഥം ദക്ഷിണ ഡൽഹിയിലെ റോട്ടറി ക്ലബ് 12 ദിവസത്തെ ഹൈബ്രിഡ് രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 'ഗോൾഫ് കളിക്കൂ, ജീവൻ സമ്മാനിക്കൂ' എന്ന സന്ദേശവുമായാണ് ആഗോള തലത്തിലുള്ള ഗോൾഫ് താരങ്ങളെ ഒന്നിപ്പിക്കുന്നതും സംഭാവന സ്വീകരിക്കുന്നതും. ജന്മനാലുള്ള ഹൃദ്രോഗത്തെക്കുറിച്ച് അവബോധം വളർത്തുകയും പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ ജന്മനാൽ ഹൃദ്രോഗമുള്ള കുട്ടികൾക്ക് ചികിൽസാ സൗകര്യം ഒരുക്കി ജീവിക്കാൻ ഒരവസരം നൽകുകയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം.

ഹൈബ്രിഡ് ഫോർമാറ്റിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗോൾഫർമാർക്ക് 9/18 തുളകൾവരെയുള്ള ഇഷ്ടമുള്ള കോഴ്സുകളിൽ കളിക്കാം. ഏപ്രിൽ 14 മുതൽ 25വരെയാണ് ടൂർണമെന്റ്. ഏപ്രിൽ 14ന് ഡൽഹി ഗോൾഫ് ക്ലബിൽ 12 ദിവസത്തെ ടൂർണമെന്റ് ആരംഭിക്കും. 28ന് വലിയൊരു അത്താഴ വിരുന്നോടെ വിജയികളെ പ്രഖ്യാപിക്കും.

സ്റ്റേബിൾ-ഫോർഡ് ഫോർമാറ്റിൽ പിഡബ്ല്യുസിയുടെ കീഴിലായിരിക്കും സ്‌കോറിങ്. ഗോൾഫർമാർക്ക് വിവിധ രാജ്യങ്ങളിൽ നിന്നും സ്‌കോറുകൾ ഓൺലൈനായി നൽകി മൽസരത്തിൽ പങ്കെടുക്കാം. 'ഗിഫ്റ്റ് ഓഫ് ലൈഫ്' സഹായം 20 യുഎസ് ഡോളർ/1500 രൂപയിൽ തുടങ്ങുന്ന വിവിധ സ്ലാബുകളിൽ സ്വീകരിക്കും പരമാവധി 40000 യുഎസ് ഡോളർ/30 ലക്ഷം രൂപ വരെ ഉയർത്താം. കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ഈ ദൗത്യത്തിലേക്ക് റോട്ടറി ക്ലബുകൾ, ഗോൾഫ് ക്ലബുകൾ, ആശുപത്രികൾ, വ്യവസായികൾ, മാധ്യമങ്ങൾ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർക്കെല്ലാം ക്ഷണമുണ്ട്.

ജീവിക്കാൻ ഒരവസരം കൂടി ലഭിക്കുന്ന കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുമ്പോൾ ലഭിക്കുന്ന ആനന്ദത്തേക്കാൾ വലുതായി മറ്റൊന്നില്ലെന്നും ഓരോ വർഷവും മാറ്റം വരുത്താനായി മുന്നോട്ട് വരുന്ന നല്ല സമരിയക്കാർക്ക് മാർഗം തെളിക്കുക മാത്രമാണ് തങ്ങളുടെ ദൗത്യമെന്നും ഗോൾഫർമാരിൽ നിന്നും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്നും നല്ല ഹൃദയാലുക്കൾ ഗിഫ്റ്റ് ഓഫ് ലൈഫിന് വേണ്ട ഫണ്ട് ഉയർത്തുമെന്നും ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികിൽസ അതുവഴി സാധ്യമാകുമെന്ന് ഉറപ്പുണ്ടെന്നും സൗത്ത് ഡൽഹി റോട്ടറി ക്ലബ് പ്രസിഡന്റ് പ്രദീപ് കുമാർ പറഞ്ഞു.

ഇന്ത്യയിൽ മാത്രം മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഹൃദ്രോഗവുമായി ജനിക്കുന്നത്. ഇതിൽ 25 ശതമാനം മാത്രമാണ് ഒരു വയസിന് അപ്പുറം ജീവിക്കുന്നത്. ഇതിൽ തന്നെ അഞ്ചിലൊന്ന് പേർക്കും ഗുരുതര കുഴപ്പങ്ങളായിരിക്കുമെന്നതിനാൽ ആദ്യ വർഷം തന്നെ ഇടപെടൽ ആവശ്യമായി വരുന്നു. രോഗ നിർണയവും ചികിൽസയും വളർന്നതോടെ വികസിത രാജ്യങ്ങളിൽ കൂടുതൽ കുട്ടികൾ ഇപ്പോൾ പ്രായപൂർത്തിയായിട്ടും ജീവിക്കുന്നുണ്ട്. ആധുനിക ചികിൽസാ സൗകര്യങ്ങളില്ലാത്ത വികസ്വര രാജ്യങ്ങളിൽ സ്ഥിതി ഇതല്ല. ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികളുടെ കുടുംബങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.