- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധാരാളം നട്സും സീഡ്സും പ്ലാന്റ് ഓയിലും കഴിക്കുക; ആയുസ്സ് നീട്ടിയെടുക്കാം; ആവശ്യത്തിനു കൂൺ കഴിച്ചാൽ ഡിപ്രഷൻ പിടിപെടാതിരിക്കും; ഏറ്റവും പുതിയ രണ്ട് ഹെൽത്ത് ടിപ്പുകൾ
ആരോഗ്യവും ആയുസ്സും എന്നും മനുഷ്യമനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന രണ്ട് വ്യഥകളാണ്. മറ്റെന്തൊക്കെ ഉണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ ജീവിതം പാഴായി എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെയാണ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പുതിയ പുതിയ പരീക്ഷണങ്ങൾ എല്ലാക്കാലത്തും നടക്കുന്നതും പുതിയ പുതിയ പോംവഴികൾ നിർദ്ദേശിക്കപ്പെടുന്നതും. ഏറ്റവും പുതിയ രണ്ട് ഹെൽത്ത് ടിപ്പുകളാണ് ഇവിടെ നൽകുന്നത്.
നട്സും വിത്തുകളും അതുപോലെ സസ്യ എണ്ണകളും ധാരാളമായി ഉപയോഗിച്ചാൽ ആയുസ്സ് നീട്ടിക്കിട്ടുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി വിവിധ ഭക്ഷണ ക്രമങ്ങളും മരണനിരക്കുകളും താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി പഠനങ്ങൾക്ക് ശേഷം ഇറാനിയൻ ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. സൊയാബീൻസ് പോലുള്ള വിത്തുകളിൽ ധാരളമായി കാണപ്പെടുന്ന ആൽഫ ലിനോലെനിക് ആസിഡ് (ഒരു തരം ഒമേഗ 3) ആണ് ഇവർ പ്രധാനമായും പഠനവിധേയമാക്കിയത്.
ഈ പോഷകം ദിവസേന 1.6 ഗ്രാം വരെയെങ്കിലും ഉപയോഗിക്കുന്നവർ എളുപ്പം മരിക്കുന്നതിനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 10 ശതമാനം വരെ കുറവാണെന്നാണ് ഈതെളിഞ്ഞത്. ആൽഫ ലിനോലെനിക് ആസിഡ് ധാരാളമായുള്ള നട്ടുകളും മറ്റും ധാരാളമായി ഭക്ഷിക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയും തീരെ കുറവാണെന്ന് അവർ കണ്ടെത്തി. പ്രതിദിന ഉപയോഗത്തിൽ ഇതിന്റെ അളവ് 1 ഗ്രാം വീതം വർദ്ധിപ്പിക്കുമ്പോൾ കാർഡിയോവാസ്‌കുലാർ രോഗങ്ങളിൽ നിന്നും മരണം സംഭവിക്കാനുള്ള സാധ്യത 5 ശതമാനം കണ്ട് കുറയുന്നു എന്നാണ് പഠനത്തിൽ വ്യക്തമായത്.
അതേസമയം, അമിതമായ ഉപയോഗം അർബുദത്തിനു വഴിതെളിക്കുമെന്നും പഠനത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഇനിയും പഠനങ്ങൾ ആവശ്യമാണെന്നും ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
വിഷാദരോഗം മാറ്റുവാൻ കൂണുകൾ ഏറെ സഹായകമാകുമെന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നത്. 24,000 പേരിൽ നിന്നും ശേഖരിച്ച മനോ ആരോഗ്യ വിവരങ്ങളെ ആസ്പദമാക്കി നടന്ന പഠനത്തിലാണ് ഇത് തെളിഞ്ഞത്. പെൻ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകരായിരുന്നു ഈ പഠനം നടത്തിയത്. ഏകദേശം ഒരു പതിറ്റാണ്ടു നീണ്ട പഠനത്തിൽ തെളിഞ്ഞത് കൂൺ ഒഴിവാക്കിയവരിൽ വിഷാദരോഗം വരുവാൻ സാധ്യത ഏറെയുണ്ടെന്നായിരുന്നു.
കൂണുകൾ ഉദ്പാദിപ്പിക്കുന്ന ഒരു ആന്റി-ഇൻഫ്ളമേറ്ററി അമിനോ ആസിഡാണ് ഇതിനു കാരണം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. എർഗോതിയോനൈൻ എന്ന അമിനോ ആസിഡ് കൂണുകളിൽ ധാരാളമായി കാണപ്പെടുന്നു. ഇത് മനുഷ്യനാൽ നിർമ്മിക്കുവാൻ സാധ്യമല്ലാത്ത ഒന്നാണ്. ഇത് ഉയർന്ന അളവിൽ ഉള്ളതായിരിക്കും വിഷാദം ഇല്ലാതെയാക്കുവാൻ സഹായിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. എർഗോതിയോനൈന് ഷിസോഫ്രെനിയ, ബൈപോളാർ ഡിസോർഡർ എന്നിവയേയും ചെറുക്കാൻ കഴിവുണ്ടെന്ന് നേരത്തേ മറ്റൊരു പഠനത്തിൽ തെളിഞ്ഞിരുന്നു.
വെളുത്ത, വൃത്താകൃതിയിലുള്ള കൂണുകളിൽ ധാരാളമായി കാണുന്ന പൊട്ടാസ്യവും ഉത്കണ്ഠ കുറയ്ക്കുവാൻ സഹായിക്കുന്നു. എന്നാൽ, വിവിധ തരം കൂണുകളെ വേർതിരിച്ച് പഠനം നടത്താതിനാൽ, ഏതു തരം കൂണാണ് മികച്ചതെന്ന് കണ്ടെത്താനായില്ല.
മറുനാടന് മലയാളി ബ്യൂറോ