തിരുവനന്തപുരം: ആരോഗ്യ രംഗത്തെ എല്ലാ തലത്തിലും രോഗീസൗഹൃദമാക്കുന്നതിനും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യകേന്ദ്രങ്ങൾ ഒരുങ്ങുന്നു. ആരോഗ്യ മേഖലയിലെ സമഗ്രമാറ്റമാണ് കുടുംബാരോഗ്യകേന്ദ്രങ്ങൾ. ഓരോ കുടുംബത്തിലേയും അംഗങ്ങളുടെ രോഗവിവരങ്ങളെക്കുറിച്ച് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് വ്യക്തമായ ധാരണയുണ്ടാക്കാനും അതുവഴി മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ഒ.പി. വിഭാഗത്തിലെ തിരക്കു കുറയ്ക്കുന്നതിനായി ആധുനികവൽക്കരിച്ച രജിസ്ട്രേഷൻ, ടോക്കൺ സംവിധാനങ്ങൾ, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന കൺസൾട്ടേഷൻ റൂമുകൾ, അംഗപരിമിതർക്കു വേണ്ടിയുള്ള പ്രത്യേക ടോയ്ലറ്റ്, കാത്തിരിപ്പു സ്ഥലം, കുടിവെള്ളം, സൂചന ബോർഡുകൾ എന്നിവ ക്രമീകരിക്കും.

ജില്ലയിൽ 16 ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഓഗസ്റ്റ് 15നകം കുംബാരോഗ്യ കേന്ദ്രങ്ങളാകും. വാമനപുരം, ചെമ്മരുതി, കടകംപള്ളി, അരുവിക്കര, ബാലരാമപുരം, പള്ളിച്ചൽ, കിളിമാനൂർ, തോന്നക്കൽ, കീഴാറ്റിങ്ങൽ, വട്ടിയൂർക്കാവ്, കോട്ടുകൽ, പരണിയം, പൂഴനാട്, കരകുളം, ആമച്ചൽ, ജഗതി എന്നീ ആരോഗ്യ കേന്ദ്രങ്ങൾ് കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. ഇതിൽ വാമനപുരം, ചെമ്മരുതി, കടകംപള്ളി, അരുവിക്കര, ബാലരാമപുരം, പള്ളിച്ചൽ എന്നിവയെ ഓഗസ്റ്റ് 15നകം കുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ് പ്രവർത്തനം നടത്തുന്നത്.

കിളിമാനൂർ, തോന്നക്കൽ, കീഴാറ്റിങ്ങൽ, വട്ടിയൂർക്കാവ്, കോട്ടുകൽ, പരണിയം, പൂഴനാട്, കരകുളം എന്നീ ആരോഗ്യകേന്ദ്രങ്ങൾ സെപ്റ്റംബർ 15ന് മുൻപും ആമച്ചൽ, ജഗതി എന്നിവ നവംബർ 15ന് മുൻപും കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പദവി ഉയർത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകിട്ട് 6വരെ ആയിരിക്കും.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ് എന്നിവർ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന്റെ മേൽനോട്ടം വഹിക്കും. ഇതിനുപുറമേ വിവിധ മേഖലയിൽ നിന്നുള്ള പണം കൂടി സമാഹരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ആർദ്രം പദ്ധതിയിൽപ്പെടുത്തിയാണിത് പ്രാവർത്തികമാക്കുന്നത്.
ഭാവിയിൽ കുടുംബ ഡോക്ടർ സംവിധാനത്തിലേക്ക് മാറുന്ന രീതിയിലാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്. രണ്ട് ഡോക്ടർ, രണ്ട് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയവരുടെ സേവനങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉറപ്പാക്കും. കൂടാതെ ആശുപത്രിയിലെത്തുന്ന രോഗികളോട് ഡോക്ടർമാരും ജീവനക്കാരും സൗമ്യമായി പെരുമാറുന്നതിനായി ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകും.

മാതൃ-ശിശു ആരോഗ്യകാര്യങ്ങൾക്കും പകർച്ചവ്യാധി പ്രതിരോധത്തിനുമൊപ്പം ജീവിതശൈലി രോഗ ചികിത്സയ്ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുൻഗണന നൽകുന്നുണ്ട്. രക്തസമ്മർദ്ദം , പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സംവിധാനമൊരുക്കും. ഇതിനായി ലാബ് സൗകര്യങ്ങൾ തുടങ്ങും. ആശപ്രവർത്തകരുടെ സേവനം ഊർജ്ജിതമാക്കി വാർഡ്തല ആരോഗ്യശുചിത്വസമിതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഉയർന്ന തലത്തിലുള്ള പങ്കാളിത്തം ആർദ്രം ദൗത്യം ഉറപ്പാക്കുന്നു. ആരോഗ്യസ്ഥാപനങ്ങളെ രോഗി സൗഹൃദമാക്കാനും അവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കാനുമുള്ള ഈ ദൗത്യത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും മുഖ്യ പങ്കുണ്ട്.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതിനോടകം തന്നെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ 11 ഡോക്ടർമാരെയും 9 ആരോഗ്യ കേന്ദ്രങ്ങളിൽ 10 സ്റ്റാഫ് നഴ്സിനേയും 15 ആരോഗ്യ കേന്ദ്രങ്ങളിലായി 15 ഫാർമസിസ്റ്റുകളേയും നിയമിച്ചു കഴിഞ്ഞു.