സൗദിയിൽ സന്ദർശന വിസയിലത്തെുന്നവർക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാക്കുന്ന നിയമം ഡിസംബർ ആദ്യവാരം പ്രാബല്യത്തിൽ വരും. വിദേശി ജോലിക്കാരായി രാജ്യത്തത്തെുന്ന ആശ്രിതർക്കും നിയമം ബാധകമായിരിക്കും. വിദേശി തൊഴിലാളികൾക്കും അവരുടെ ആശ്രിതരായി റസിഡൻസ് പെർമിറ്റിൽ രാജ്യത്ത് കഴിയുന്നവർക്കും ഇൻഷൂറൻസ്നടപ്പാക്കി യതിന്റെ അടുത്തപടിയായാണ് സന്ദർശകർക്ക് നിയമം ബാധകമാക്കുന്നത്.

സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ എല്ലാ താമസക്കാർക്കും മെഡിക്കൽ ഇൻഷൂറൻസ് ഉറപ്പുവരുത്തുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2014 മാർച്ച് മൂന്നിന് ചേർന്ന മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദർശന വിസയിലത്തെുന്നവർക്ക് ഇൻഷൂറൻസ് നിർബന്ധമാക്കുന്നത്. ഹജ്ജ്, ഉംറ, നയതന്ത്ര വിസയിലത്തെുന്നവർക്ക് നിയമം ബാധകമാവില്ല.

1ലക്ഷം റിയാൽ നഷ്ടപരിഹാരമോ ചികിൽസ ചെലവോ ഉറപ്പുരുത്തുന്ന ഇൻഷൂറൻസിന് അതിനനുസരിച്ച് പ്രീമിയം ചുമത്തുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ ഏഴ് ഇൻഷൂറൻസ് കമ്പനികളാണ് സേവനം നൽകുക. പ്രായക്കൂടുതലുള്ളവർക്ക് മെഡിക്കൽ ഇൻഷൂറൻസ് സംഖ്യയിൽ വർധനവുണ്ടാവും. സാധാരണ അസുഖങ്ങൾക്ക് പുറമെ ഗൾഭധാരണം, പ്രസവം, പല്ല്, കണ്ണ്, കിഡ്‌നി രോഗങ്ങൾ, ഡയാലിസിസ്, വാഹന അപകടം, മരണം, മൃതദേഹം സ്വദേശത്തേക്ക് തിരിച്ചയക്കൽ തുടങ്ങിയവയും ഇൻഷൂറൻസ് കവറേജിൽ ഉൾപ്പെട്ടിരിക്കും.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ സന്ദർശന വിസയിൽ അടുത്ത ബന്ധുക്കളെയും ആശ്രിതരെയും സൗദിയിലേക്ക് കൊണ്ടുവരുന്നത് ചെലവേറിയതാവുമെന്നതിനാൽ വിസിറ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന വിദേശി ജോലിക്കാരുടെ വരുമാനത്തെ നിയമം പ്രതികൂലമായി ബാധിച്ചേക്കും.