- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി അവധിയെടുത്തു മുങ്ങിയത് ഡോക്ടർമാർ അടക്കം നാനൂറിൽ അധികം ജീവനക്കാർ; കാരണം കാണിക്കൽ നോട്ടീസു നൽകിയിട്ടും തിരികെ സർവീസിൽ കയറിയില്ല; പിരിച്ചുവിട്ടുകൊണ്ട് ആരോഗ്യവകുപ്പ് അന്തിമ നോട്ടീസ് നൽകി ആരോഗ്യ വകുപ്പു; സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയിട്ടുള്ളവരിൽനിന്ന് ബോണ്ട് തുകയും തിരിച്ചുപിടിച്ചു
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ അവധികൃത അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി സർക്കാർ. അനധികൃതമായി അവധിയെടുത്ത് മുങ്ങിയ ആരോഗ്യവകുപ്പിലെ 380 ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കാരണം കാണിക്കൽ നോട്ടീസും മറ്റും നടപടിക്രമങ്ങളും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ട് ആരോഗ്യവകുപ്പ് അന്തിമ നോട്ടീസ് നൽകിയത്. പട്ടികയിൽ ഉൾപ്പെട്ട പലർക്കും ചൊവ്വാഴ്ചതന്നെ ഉത്തരവ് നൽകിയിട്ടുണ്ട്. സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയിട്ടുള്ളവരിൽനിന്ന് ബോണ്ട് തുക തിരിച്ചുപിടിച്ചാണ് നടപടി പൂർത്തിയാക്കുന്നത്. ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
കോവിഡ് അടക്കമുള്ള പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സർവീസിൽ നിയമിതരായ ജീവനക്കാർ അനധികൃതമായി വിട്ടുനിൽക്കുന്നതാണ് പ്രധാന പ്രശ്നമെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് അനധികൃതാവധിയിലുള്ളവർക്ക് തിരികെ സർവീസിൽ പ്രവേശിക്കാൻ പ്രത്യേക നോട്ടീസും ദൃശ്യമാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും നൽകിയിരുന്നു. ഒരുവർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ടുതവണ അവസരം നൽകിയിട്ടും തിരികെ എത്താത്ത ജീവനക്കാരെ നീക്കംചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സർവീസ് ചട്ടം 15 പ്രകാരം അച്ചടക്കനടപടിക്രമങ്ങളിലെ വ്യവസ്ഥകൾ പാലിച്ച് ഇവരെ ഒഴിവാക്കി പകരം നിയമനം നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയവരിൽ പലരും മറുപടിപോലും നൽകിയിരുന്നില്ല.
സർവീസിൽ നിന്ന് വിട്ടു നിൽകുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ഒഴിവാക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ നേരത്തെ അറിയിച്ചിരുന്നു. 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെയാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടത്. ഇവരിൽ കുറച്ചു പേർ മാത്രമാണ് തിരികെ ജോലിയിൽ കയറിയ്. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ പുറത്താക്കിയിരുന്നു. ഡോക്ടർമാരെ കൂടാതെ കൂടാതെ 5 ഹെൽത്ത് ഇൻസ്പെക്ടർമാർ, 4 ഫാർമിസ്റ്റുകൾ, 1 ഫൈലേറിയ ഇൻസ്പെക്ടർ, 20 സ്റ്റാഫ് നഴ്സുമാർ, 1 നഴ്സിങ് അസിസ്റ്റന്റ്, 2 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്നീഷ്യന്മാർ, 2 റേഡിയോ ഗ്രാഫർമാർ, 2 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, ആശുപത്രി അറ്റൻഡർ, തുടങ്ങിയവരെയാണ് പിരിച്ചുവിടുന്നത്
തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന ഘട്ടത്തിൽ പോലും സഹകരിക്കാൻ ഈ ഡോക്ടർമാർ അടക്കമുള്ളവർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുറത്താക്കൽ നടപടിയുമായി മുന്നോട്ടു നീങ്ങിയത്. ഈ സമയത്ത് ആരോഗ്യ മേഖലയിൽ നിന്നും ജീവനക്കാർ മാറി നിൽക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കൂടുതൽ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങൾ നിർവഹിക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുന്നത്. സർവീസിൽ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നൽകി സർക്കുലർ പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളിൽ നൽകുകയും ചെയ്തു. എന്നാൽ മറുപടി നൽകിയതും ജോലിയിൽ പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്.
ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ജനങ്ങൾക്ക് അർഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ