തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും മോശപ്രകടനം കാഴ്ചവയ്ക്കുന്നത് ആരോഗ്യവകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ വിമർശനത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ്. പൊതുജനങ്ങൾക്ക് അതിവേഗ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം വകുപ്പുതല യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങളെ വളച്ചൊടിച്ച് മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

ഓഗസ്‌റ്റോടെ ആരോഗ്യവകുപ്പിൽ പൂർണമായും ഇ--ഗവേണൻസ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ- ഓഫിസ്, സ്പാർക്കുവഴിയുള്ള ജീവനക്കാര്യം, പഞ്ചിങ്, ഓൺലൈൻ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സീനിയോറിറ്റി പട്ടിക തയ്യാറാക്കൽ, അവധി ക്രമപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ പരാതികൾ, അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള വകുപ്പുതല നിർദ്ദേശങ്ങളും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്.

ജീവനക്കാരുടെ പ്രവർത്തനവീര്യം കെടുത്തുന്ന ഒരു നിർദ്ദേശവും ഇതിന്റെ ഭാഗമായി നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രശംസകൾ നിരന്തരം ലഭിക്കുന്ന ആരോഗ്യവകുപ്പ് നിപാ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികളെ പിടിച്ചുകെട്ടിയും ആർദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും മികച്ച സേവനം ജനങ്ങൾക്ക് നൽകുന്നുണ്ട്- ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഏറ്റവും മോശപ്രകടനം കാഴ്ചവയ്ക്കുന്നത് ആരോഗ്യവകുപ്പെന്നാണ് ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമർശനം. സ്ഥലംമാറ്റവും കോടതി വ്യവഹാരങ്ങളും അടക്കമുള്ള ഭരണപരമായ കാര്യങ്ങളിൽ ആരോഗ്യവകുപ്പിന് കടുത്ത അനാസ്ഥയെന്നും വിലയിരുത്തൽ. വകുപ്പ് തലവന്മാരുടെ സംസ്ഥാനതല യോഗത്തിലാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസിന്റെ വിമർശനം. ഇതിനെതുടർന്ന് ആരോഗ്യവകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളിലെ മേധാവികൾക്ക് ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡേ കത്തയച്ചു.

ട്രാൻസ്ഫറുകൾ, പ്രൊബേഷൻ ഡിക്ലറേഷൻ, സ്ഥാനക്കയറ്റം, അച്ചടക്കനടപടികൾ, സിനിയോരിറ്റി ലിസ്റ്റ്, പെൻഷൻ സംബന്ധിച്ച വിഷയങ്ങൾ, ലീവ് സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഗുരുതരവീഴ്ചകളുണ്ടായി എന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തലെന്ന് കത്തിൽ പറയുന്നു. കോടതി കേസുകളിലും വിധികളിലും സമയബന്ധിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. 30-40 വർഷം മുമ്പുള്ള കേസുകൾ ഇപ്പോഴും വലിച്ചിഴക്കുന്നു. അവധി സംബന്ധിച്ച് 1980 മുതൽ നടക്കുന്ന കേസ്, നിയവിരുദ്ധമായ പിരിച്ചുവിടൽ എന്നിവയടക്കം നിരവധി കേസുകൾ ഇത്തരത്തിലുണ്ട്. കോടതിയലക്ഷ്യ കേസുകൾ ക്ഷണിച്ചുവരുത്തുന്നു, കൃത്യമായി നോക്കാത്തതിനാൽ കേസുകൾ തോറ്റ് വലിയതുക നഷ്ടപരിഹാരം നൽകേണ്ടിവരുന്നു, തുടങ്ങി വലിയ വീഴ്ചകളാണ് ഉണ്ടാകുന്നത്.

നിയസഭാ കമ്മിറ്റികൾ, വിവിധ കമ്മീഷനുകൾ, മറ്റ് ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയിൽ കൃത്യമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഹെൽത്ത് ഡയറക്ടറേറ്റിലും ജില്ലാ ആസ്ഥാനങ്ങളിലും ഇ ഓഫീസ് സംവിധാനം, ജനസൗഹൃദ ഓഫീസുകൾ എന്നിവ നടപ്പിലാക്കുന്നതിലും ഏറെ പിന്നിലാണെന്ന രൂക്ഷവിമർശനവും കത്തിലുണ്ട്. ചീഫ് സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങളിൽ എത്രയും പരിഹാരം ഉണ്ടാക്കണമെന്നാണ് ആരോഗ്യസെക്രട്ടറിയുടെ നിർദ്ദേശം. വീഴ്ചകളുണ്ടായ വിഷയങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകാനും ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അയ്യായിരത്തോളം ഫയലുകൾ കാണാതായതും മരണക്കണക്കുകൾ മറച്ച് വച്ചതും ഏറെ വിവാദമായിരുന്നു. ഡോക്ടർമാർക്ക് അർഹമായ ഗ്രേഡ് പേ, റേഷ്യോ പ്രമോഷൻ, ലീവ് സറണ്ടർ എന്നിവ നിഷേധിച്ചതിനെ തുടർന്ന് കെജിഎംഒഎ കൊവിഡിന്റെ ഒന്നാം തരംഗം മുതൽ സമരത്തിലാണ്. ഇതുവരെ പ്രശ്നപരിഹാരം കാണാനായിട്ടില്ല.

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന തെറ്റായ ഉത്തരം നിയമസഭയിൽ ആരോഗ്യമന്ത്രിക്ക് തയാറാക്കി നൽകിയതും വിവാദമായിരുന്നു.