- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡും മറാ രോഗങ്ങളും മലയാളിക്ക് വില്ലനാകുമ്പോഴും ആരോഗ്യ വകുപ്പിലെ താക്കോൽ സ്ഥാനത്ത് നാഥനില്ലാ അവസ്ഥ; ഡയറക്ടറുടെ കസേരയിൽ താൽക്കാലികക്കാരൻ ഇരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നായി; അതിവിശ്വസ്തരെ കിട്ടാത്തതു കൊണ്ട് ഡയറക്ടർ നിയമനം വൈകിപ്പിച്ച് സർക്കാർ; കേരളാ ആരോഗ്യ മോഡലിന് ഇതും നാണക്കേട്
തിരുവനന്തപുരം: ഇത് കേരളത്തിലെ ആരോഗ്യ മോഡലിന് നാണക്കേട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തി ഒരു വർഷത്തിൽ ഏറെയായി. ഇതിൽ ഒരു കൊല്ലവും സുപ്രധാന ഉദ്യോഗസ്ഥ കസേരയിൽ ആളില്ലാ അവസ്ഥ. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. കോവിഡും പകർച്ച വ്യാഥികളും തകർത്താടുമ്പോഴാണ് ഈ ഗതികേട്. ഏകോപനം നന്നായി പോകാത്തത് കാരണം രോഗ പ്രതിരോധത്തേയും ബാധിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിരന്തര വീഴ്ചകളുടെ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അഭാവം ചർച്ചയാകുന്നത്. മെഡിക്കൽ കോളേജുകളെ നോക്കുന്നത് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആരോഗ്യ സംവിധാനം നയിക്കുന്നത് ആരോഗ്യ വകുപ്പ് ഡയറക്ടറാണ്. ഇവിടെയാണ് സ്ഥിരം ആളില്ലാ അവസ്ഥ എത്തുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.സരിത കഴിഞ്ഞ വർഷം ഏപ്രിലിൽ സ്വയം വിരമിച്ചശേഷം ഡയറക്ടറെ നിയമിച്ചിട്ടില്ല. സർക്കാരിന് അതിവിശ്വസ്തരെ കിട്ടാത്തതാണ് ഇതിന് കാരണം.
അഡി. ഡയറക്ടർക്കാണ് കഴിഞ്ഞ ഒരുവർഷത്തിലധികമായി ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡയറക്ടറെ നിയമിക്കാത്തതിനാൽ ഫണ്ടുകൾ സ്വതന്ത്രമായി ചെലവഴിക്കാനോ നയപരമായ തീരുമാനമെടുക്കാനോ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പുറമെ വകുപ്പിലെ സുപ്രധാനമായ രണ്ട് അഡി. ഡയറക്ടർമാരുടെയും തിരുവനന്തപുരം ഡിഎംഒയുടെയും തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. ഇതെല്ലാം പ്രതിസന്ധി കൂട്ടുന്നു. താൽകാലിക ചുമതലയിലുള്ളവർ പലരും വിരമിച്ചു. ഇതെല്ലാം ആരോഗ്യ വകുപ്പിൽ പ്രതിസന്ധിയായി.
ആരോഗ്യവകുപ്പ് സ്ഥാനത്തുനിന്ന് ഡോ. സരിത സ്വയം വിരമിച്ചപ്പോൾ ഡോ. രമേശിന് താൽക്കാലിക ചുമതല നൽകുകയാണ് ചെയ്തത്. ഒന്നര മാസത്തിനുശേഷം ഡോ. രാജുവിന് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. രാജു വിരമിച്ചതിനെ തുടർന്ന് ഡോ. പ്രീതയ്ക്കാണ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. അഡി.ഡയറക്ടർ (മെഡിക്കൽ), അഡി.ഡയറക്ടർ (വിജിലൻസ്), തിരുവനന്തപുരം ഡിഎംഒ എന്നീ തസ്തികളാണ് ഒഴിഞ്ഞ് കിടക്കുന്ന മറ്റ് സുപ്രധാന ചുമതലകൾ.
അഡി. ഡയറക്ടർമാർക്ക് പകരം ഡപ്യൂട്ടി ഡയറക്ടർമാർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. തിരുവനന്തപുരം ഡിഎംഒയുടെ തസ്തികയിലും താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. കോവിഡിന് മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഇടപെടൽ കാര്യക്ഷമമായിരുന്നു. പിന്നീട് ചില ഉദ്യോഗസ്ഥ- രാഷ്ട്രീയ ഇടപെടൽ ഡയറക്ടറുടെ സ്ഥാനം അപ്രധാനമാക്കി മാറ്റി. ഇതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റേത് മോശം പ്രകടനമാണെന്ന് ചിഫ് സെക്രട്ടറി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഭരണപരമായ കാര്യങ്ങളിൽ ഡയറക്ടറേറ്റിന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയും നിർദ്ദേശിച്ചിരുന്നു. അതിനു പകരം ഡയറക്ടർ, അഡി. ഡയറക്ടർ, ഡിഎംഒ തുടങ്ങി സുപ്രധാന സ്ഥാനങ്ങളിൽ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതലകൾ നൽകി മുന്നോട്ടുപോയാൽ പ്രകടനം ഇനിയും മോശമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ