പത്തനംതിട്ട: ഉൽസവത്തിനിടെയുണ്ടായ ഒരു നിസാര കൈയബദ്ധത്തിന്റെ പേരിൽ പഞ്ചായത്ത് കമ്മറ്റി നടപടിയെടുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത ഹെൽത്ത് ഇൻസ്‌പെക്ടർ തൂങ്ങിമരിച്ചു. പകപോക്കലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുമ്പോൾ അത്താണിയില്ലാതെ പോയത് മൂന്നുമാസം ഗർഭിണിയായ ഭാര്യയ്ക്കും വയോധികമാതാപിതാക്കൾക്കുമാണ്.

ഏഴംകുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പുത്തൂർ പവിത്രേശ്വരം ദേവലോകം വീട്ടിൽ അജിത്ത് (37) ആണ് വിഷുദിനത്തിൽ വീടിന് സമീപം ജീവനൊടുക്കിയത്. കഴിഞ്ഞ മാസം നടന്ന ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടെ അജിത്തിന്റെ കൈയിൽ നിന്നും ഐസ്‌ക്രീം ഒരു പെൺകുട്ടിയുടെ മാറിടത്തിൽ വീണിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അജിത്തിന് മർദനമേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു പരാതിയും സംഭവം സംബന്ധിച്ച് ആരിൽ നിന്നുമുണ്ടായിരുന്നില്ല. ഇതിന് ശേഷം നടന്ന ശുചീകരണവുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ ചിലർ ഈ വിഷയം ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 16,19 വാർഡുകളിലെ ശുചീകരണ ജോലിയിൽ നിന്ന് അജിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി.

അജിത്തിനെതിരേ ആരോഗ്യവകുപ്പിലോ പഞ്ചായത്തിലോ പരാതി ലഭിക്കാത്ത സാഹചര്യത്തിൽ ചുമതലയിൽ നിന്ന് മാറ്റി നിർത്തേണ്ട കാര്യമില്ലെന്ന് യോഗത്തിൽ താൻ പറഞ്ഞിരുന്നുവെന്ന് മെഡിക്കൽ ഓഫീസർ ജയലാൽ പറയുന്നു. തുടർന്നുള്ള കമ്മറ്റിയിലൊന്നും അജിത്ത് പങ്കെടുത്തില്ല. ഒരു കൈയബദ്ധം മൂലമുണ്ടായ പേരുദോഷത്തിൽ അജിത്ത് മനപ്രയാസത്തിലായിരുന്നു. ഇതിനിടെ അജിത്തിന്റെ ആത്മഹത്യാക്കുറിപ്പും പുറത്തു വന്നു. ഇല്ലാത്ത പരാതിയുടെ പേരിൽ കൈതപ്പറമ്പ് പി.എച്ച്.സിയിലെ ഡോക്ടറെയും ഹെൽത്ത് ഇൻസ്‌പെക്ടറെയും ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവത്രേ. മഴക്കാലപൂർവ ശുചീകരണ ആലോചനായോഗത്തിൽ തന്നെ കൈയേറ്റം ചെയ്യാനാണ് അധികാരികൾ ശ്രമിച്ചത്.

ആക്ഷേപിക്കപ്പെട്ടതിൽ മനംനൊന്താണ് താൻ യാത്രയാകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യവകുപ്പ് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമാണ് ആത്മഹത്യയ്ക്ക് കാരണക്കാരെന്നും ഇവർ ശിക്ഷിക്കപ്പെടണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. അജിത്ത് ആത്മഹത്യ ചെയ്തത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പീഡനം മൂലമാണെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണനെ ഉപരോധിച്ചു. ആരോഗ്യവിഭാഗം ജീവനക്കാർ ഏഴംകുളം കവലയിൽ പ്രകടനവും ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിൽ യോഗവും നടത്തി.

മൃതദേഹ സംസ്‌കാര ചടങ്ങിൽ പഞ്ചായത്തിലെ ഒരു മെമ്പർ മാത്രമാണ് പങ്കെടുത്തത്. ഒരുവർഷം മുമ്പാണ് അജിത്തിന്റെ സഹോദരൻ മരിച്ചത്. വയോധികരായ മാതാപിതാക്കളുടെയും സഹോദരന്റെ കുടുംബത്തിന്റെയും ഏക തുണയായിരുന്നു അജിത്ത്. ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അജിത്തിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടേയും സഹപ്രവർത്തകരുടേയും ആവശ്യം.