റിയാദ്: സൗദിയിൽ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താത്ത കമ്പനികൾക്ക് നിയമന നിരോധനം ഏർപ്പെടുത്താൻ നീക്കം. നിയമന നിരോധനം ഏർപ്പെടുത്തുന്ന കാര്യം കൗൺസിൽ ഓഫ് കോ -ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് വക്താവ് യാസിർ അൽ മആരിക് ആണ് അറിയിച്ചത്.

രാജ്യത്ത് ജൊലി ചെയ്യുന്ന തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും അവരുടെ ഭാര്യമാർക്കും 25 വയസുവരെയുള്ള ആൺമക്കൾക്കും വിവാഹിതരാകുന്നത് വരെ പെൺമക്കൾക്കും ഇൻഷ്വറൻസ് പരിരക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇൻഷ്വറൻസ് ഉറപ്പുവരുത്തുന്നുണ്ടോയെന്നറിയാൻ കമ്പനികളിൽ മിന്നൽ പരിശോധനകൾ നടത്തും. പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ച് കഴിഞ്ഞു. ഇൻഷ്വറൻസ് ഏർപ്പെടുത്താത്ത തൊഴിലുടമയിൽ നിന്ന് പിഴ ഈടാക്കും. ഒരു വർഷത്തെ ഇൻഷ്വറൻസ് തുകയാണ് പിഴയായി ഈടാക്കുക. ഇൻഷ്വറൻസ് ഉണ്ടായിട്ടും കാർഡ് ലഭിക്കാത്തവർക്ക് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തും.