ജിദ്ദ: രാജ്യത്ത് താമസിക്കുന്ന വിദേശീയരുൾപ്പെടെയുള്ളവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കാൻ ഹെൽത്ത് ഇൻഷ്വറൻസ് കൗൺസിൽ പദ്ധതി തയാറാക്കുന്നു. ഫാമിലി വിസയുള്ള വിദേശീയരുടെ കുടുംബാംഗങ്ങളെയെല്ലാം ഉൾപ്പെടുത്തുന്ന ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയാണ് കൗൺസിൽ വിഭാവനം ചെയ്യുന്നത്.

സെപ്റ്റംബർ ആദ്യം മുതൽ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയുടെ നടപ്പാക്കാനായി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗൺസിൽ വക്താവ് നൈഫ് അൽ റീഫി അറിയിച്ചു. എല്ലാ മേഖലകളിലുമുള്ള തൊഴിലുടമകൾ ഹെൽത്ത് ഇൻഷ്വറൻസ് അടയ്ക്കാൻ ബാധ്യസ്ഥരാണെന്നാണ് കൗൺസിൽ അറിയിക്കുന്നത്. കൃത്യസമയത്ത് തൊഴിലാളികളുടെ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുമെന്നും പിഴ സഹിതം പിന്നീട് തുക അടയ്‌ക്കേണ്ടി വരുമെന്നും അൽറീഫ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്‌കീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആരുടെയെങ്കിലും ഇൻഷ്വറൻസിൽ എന്തെങ്കിലും വീഴ്ച വരുത്തുന്ന കോ ഓപ്പറേറ്റീവ് ഇൻഷ്വറൻസ് കമ്പനിയും 5,000 റിയാൽ പിഴ നേരിടേണ്ടി വരുമെന്നും വക്താവ് ചൂണ്ടിക്കാട്ടി.