രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. 2020 ജനുവരി 30ന് കേരളത്തിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് ബാധ കണ്ടെത്തിയത്. ഈ വേളയിൽ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിശദമായി ചൂണ്ടിക്കാട്ടുകയാണ് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. വിശ​ദമായ ഫേസ്‌ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കോവിഡ് പടരാനുള‌ള കാരണങ്ങളും അവയ്‌ക്കുള‌ള പ്രതിരോധവും അതിന് സംസ്ഥാനം നേരിടേണ്ടി വന്ന വെല്ലുവിളികളും ആരോഗ്യമന്ത്രി എടുത്ത് പറയുന്നുണ്ട്. ഇവയ്‌ക്കൊപ്പം രോഗ പ്രതിരോധത്തിനായി സംസ്ഥാനം ഒരുക്കിയ ശക്തമായ മുൻകരുതലുകളും നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് ഏ‌റ്റവുമധികം ജനസാന്ദ്രതയുള‌ള സംസ്ഥാനം കേരളമാണ്. ഒരു ചതുരശ്ര കിലോമീ‌റ്ററിൽ 860 ആണ് കേരളത്തിലെ ജനസാന്ദ്രത. ഇന്ത്യയിൽ ഇത് 430 മാത്രമാണ്. വയോജനങ്ങളുടെ ജനസംഖ്യയും കേരളത്തിൽ വളരെ കൂടുതലാണ്. ആകെയുള‌ള ജനസംഖ്യയുടെ 14 ശതമാനം പ്രമേഹ രോഗികളുള‌ള, ജീവിതശൈലി രോഗികൾ ധാരാളമുള‌ളതും സംസ്ഥാനത്തിന് ഭീഷണിയാണ്.

ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവൽ കൊറോണ വൈറസ് 2019 n-COV) കൊറോണ കുടുംബത്തിൽപ്പെട്ട (സാർസ്, മെർസ് SARS MERS) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകർച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണ കാരണമാകുമെന്ന് ഡബ്ല്യു.എച്ച്.ഒ. മുന്നറിയിപ്പ് നൽകിയിരുന്നു. ഇങ്ങനെയൊരു മുന്നറിയിപ്പ് ജനുവരി രണ്ടാം വാരത്തോടെ കണ്ടതോടെ കേരളത്തിൽ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ തുടങ്ങിയിരുന്നു.കൺട്രോൾ റൂമുകൾ തുറക്കുകയും വിപുലമായ പരിശീലന പരിപാടികൾ ആരംഭിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷി ഒരുക്കിക്കൊണ്ട് പ്രതിരോധനിര തീർക്കുകയും ചെയ്തു. ഈ മുന്നൊരുക്കങ്ങൾ ഒന്നാംഘട്ടത്തിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായകമായി.

പകർച്ചവ്യാധി പ്രതിരോധത്തിന് മുന്നിൽ പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് കേരളം. ഒന്ന് നമ്മുടെ വളരെ ഉയർന്ന ജനസാന്ദ്രതയാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 860 ആണ് കേരളത്തിൽ. അതേസമയം ഇന്ത്യയുടെ ശരാശരി 430 ആണ്. രണ്ടാമതായി പ്രായം ചെന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. ആകെ ജനസംഖ്യയുടെ 14 ശതമാനം. കേരളത്തിന്റെ ജീവിതശൈലീ രോഗ വ്യാപനമാണ് മറ്റൊന്ന്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. പല മാനവ വികസന സൂചികകളിലും നാം ഒന്നാമതെത്തിയെങ്കിലും ആരോഗ്യ ശീലങ്ങളിലും ജീവിതശൈലിയിലും ഉണ്ടായ അശാസ്ത്രീയമായ പ്രവണതകളാണ് ജീവിതശൈലീ രോഗങ്ങൾ വർധിക്കാൻ കാരണം.ഏറെ വ്യാപനശേഷിയുള്ള ഒരു വൈറസിന്റെ പകർച്ച ഉണ്ടാകുമ്പോൾ മരണനിരക്ക് വർധിക്കാൻ ഇത് കാരണമാകുന്നു. അതിനാൽ കോവിഡ്19 വ്യാപനത്തിൽ ഏറ്റവും കൂടുതൽ മരണനിരക്ക് കേരളത്തിലാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറക്കാൻ സാധിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യ രംഗത്തെ മറ്റേജൻസികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോൾ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാൻ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിന് പാത്രമാകാൻ സഹായിച്ചത്. ലോക് ഡൗൺ എടുത്ത് കളഞ്ഞപ്പോൾ യാത്ര വിലക്ക് നീങ്ങുകയും ആളുകളുടെ സഞ്ചാരവും കൂട്ടായ്മയുമെല്ലാം വർധിക്കുകയും ചെയ്തു.

ഈ ഘട്ടത്തിൽ അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാൻ ഓരോ വ്യക്തിയും തയ്യാറായാൽ മാത്രമേ രോഗ പകർച്ച തടയാൻ കഴിയുമായിരുന്നുള്ളൂ. ആയത് വേണ്ടത്ര പാലിക്കാത്തതിന്റെ ഫലമായാണ് രോഗപ്പകർച്ച കൂടിയത്. എന്നാൽ സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും സമയോചിതവും സാഹസികവുമായ ഇടപെടലിലൂടെയാണ് കേസുകൾ ഇത്രയേറെ വർധിച്ചിട്ടും മരണ നിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തിൽ നിന്നും 0.4 ശതമാനമായി കുറയ്ക്കാൻ സാധിച്ചത്. കോവിഡ് മഹാമാരി പിന്മാറുമ്പോൾ ഒരു ചോദ്യമാണ് പ്രധാനമായി അവശേഷിക്കുക. എത്ര പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത്.ഒരു ചെറിയ അശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിന് ഇതേവരെയുണ്ടായിട്ടുള്ള നേട്ടം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സമയബന്ധിതമായിട്ടുള്ള പ്രവർത്തനങ്ങളുമാണ് ഇതിന് സാധ്യമാക്കിയത്.

വളരെ നേരത്തെയുള്ള പ്ലാനിങ്: ആദ്യ കേസ് ജനുവരി 30ന്

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ജനുവരിയിൽ ലഭിച്ചയുടൻ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 2020 ജനുവരി 24 മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഒരു കൺട്രോൾ റൂം സ്ഥാപിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 18 ടീമുകൾ സജ്ജമാക്കി. സംസ്ഥാന കൺട്രോൾ റൂമിന് സമാനമായ രീതിയിൽ ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും സ്ഥാപിച്ചു. ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിയിലൂടെ കേരളത്തിലാണ്. ജനുവരി 25 മുതൽ മാർച്ച് 5 വരെയുള്ള ആദ്യഘട്ടത്തിൽ ആകെ മൂന്ന് പേർക്കാണ് രോഗം ബാധിച്ചത്. കേരളം നടത്തിയ മുന്നൊരുക്കത്തിലൂടെ അവരിൽ നിന്നും മറ്റാരിലേക്കും വൈറസ് പകരാതെ തടയാൻ സാധിച്ചു.

രണ്ടാംഘട്ടം മാർച്ച് 6 മുതൽ മെയ് 4 വരെ

മാർച്ച് 6 മുതൽ മെയ് 4 വരെ വരെയുള്ളതാണ് രണ്ടാം ഘട്ടം. മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർപ്പോഴും പിടിച്ച് നിൽക്കാൻ നമുക്കായി. മാർച്ച് 8ന് വിദേശത്തുനിന്നു വന്ന പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേർക്കാണ് രണ്ടാം ഘട്ടത്തിൽ ആദ്യം രോഗമുണ്ടായത്. രണ്ടാം ഘട്ടത്തിൽ ആകെ 499 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 3 പേർ മരിച്ചു.

കോവിഡിനെ ശക്തമായി പ്രതിരോധിക്കാൻ വലിയ ആസൂത്രണമാണ് രണ്ടാം ഘട്ടത്തിൽ നടത്തിയത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കി. ഐസൊലേഷനായി വെന്റിലേറ്റർ പിന്തുണയുള്ള ഐസിയു സൗകര്യം എല്ലാ മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികളിൽ എന്നിവിടങ്ങളിൽ ക്രമീകരിച്ചിരിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ കേരളത്തിലേക്ക് മടങ്ങിയെത്തിയവരെ ഉൾക്കൊള്ളുന്നതിനായി എല്ലാ ജില്ലകളിലും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിച്ചു. നിരീക്ഷണത്തിലുള്ള തീവ്രതയില്ലാത്ത രോഗലക്ഷണമുള്ള എല്ലാവർക്കും ചികിത്സ നൽകുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള കോവിഡ് ആശുപത്രികൾ ആരംഭിച്ചു. എല്ലാ പ്രാഥമിക ആശുപത്രികളിലും അധിക മാനവ വിഭവശേഷി നൽകി ഒപി സമയം വൈകുന്നേരം 6 മണി വരെ നീട്ടി.

മാർച്ച് 24 ന് രാജ്യവ്യാപക ലോക്ക്ഡൗൺ

രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 2020 മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചു. ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്ത വ്യക്തികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. എൻസിഡി രോഗികൾക്ക് അവരുടെ വീടുകളിൽ ഒരു മാസത്തെ മരുന്നുകൾ വിതരണം ചെയ്തു. തടസമില്ലാത്ത സേവനം ഉറപ്പാക്കുന്നതിന് എല്ലാ ഡയാലിസിസ് കേന്ദ്രങ്ങൾക്കും സാധ്യമായ പരമാവധി ഷി്ര്രഫുകളിൽ പ്രവർത്തിക്കാനും ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് പ്രത്യേക ഡയാലിസിസ് സൗകര്യം നൽകാനും നിർദ്ദേശം നൽകി. വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിനായി ആരോഗ്യ പ്രവർത്തകർ സ്ഥിരമായി അവരുടെ വീട് സന്ദർശിക്കുകയും റിവേഴ്സ് ക്വാറന്റൈൻ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു.

ഐസൊലേഷനിൽ കഴിയുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിനും ഹോം ഐസൊലേഷന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി പഞ്ചായത്ത് തലത്തിലുള്ള സന്നദ്ധ സംഘങ്ങൾ വീട് സന്ദർശനം ആരംഭിച്ചു. ഭക്ഷണം തയ്യാറാക്കുന്നതിനായി സംസ്ഥാനത്തുടനീളം കമ്മ്യൂണിറ്റി അടുക്കളകൾ ആരംഭിച്ച് ഭക്ഷണം ഉറപ്പു വരുത്തി. ബിവറേജ് ഔട്ട്ലറ്റുകൾ പൂട്ടിയ സാഹചര്യത്തിൽ മദ്യം ഉപയോഗിക്കുന്നവർക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ള ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഡീ അഡിക്ഷൻ സേവനങ്ങൾ ഉറപ്പുവരുത്തി. ചികിത്സയിലും നിരീക്ഷണതിലുമിരിക്കുന്ന വ്യക്തികൾക്ക് മനഃശാസ്ത്രപരമായ പിന്തുണ നൽകാൻ കൗൺസിലിങ് സേവനം ഉറപ്പുവരുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ നൽകി

4 മെയ് മുതൽ ഇതുവരെ

മെയ് 4 മുതൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുടുങ്ങിയവർക്ക് അന്തർസംസ്ഥാന അതിർത്തികളിലൂടെ സംസ്ഥാനത്തേക്ക് മടങ്ങാൻ അനുവാദം നൽകി. മെയ് 7 മുതൽ 'വന്ദേ ഭാരത് മിഷന്റെ' ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചു. രാജ്യത്തേക്ക് വൻതോതിൽ പ്രവാസികൾ എത്തിയതിനെത്തുടർന്ന് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് സംസ്ഥാനത്തിനകത്ത് കോവിഡ് നിയന്ത്രിക്കുന്നതിനും സാമൂഹിക വ്യാപനം തടയുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചു.

ആശുപത്രികളെ സുസജ്ജമാക്കി

മികച്ച കോവിഡ് ചികിത്സയ്ക്കായി 29 കോവിഡ് ആശുപത്രികളും 41 മറ്റാശുപത്രികളും ഉൾപ്പെടെ സർക്കാർ മേഖലയിൽ 70 ആശുപത്രികളിലായി 11,640 കിടക്കകൾ സജ്ജമാക്കിയിരുന്നു. 1286 സ്വകാര്യ ആശുപത്രികളിലായി 5757 കിടക്കകൾ സജ്ജമാക്കി. ഇതിൽ 116 ആശുപത്രികൾ കാസ്പ് ചികിത്സാ പദ്ധതിയിൽ പങ്കാളികളായി. രോഗികളുടെ എണ്ണം വർധിപ്പിക്കുന്നതിനനുസരിച്ച് കോവിഡ് ആശുപത്രികൾക്ക് അധിക മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും നൽകി. കോവിഡ് ആശുപത്രികളിലെ ഓക്സിജൻ ഉത്പാദന ശേഷിയും ഓക്സിജന്റെ ഉപയോഗവും നിരീക്ഷിക്കുന്നതിന് ഓക്സിജൻ ഓഡിറ്റും ദിവസേന നടത്തി.

ഐസിയുകളും വെന്റിലേറ്ററുകളും

ആശുപത്രികളിൽ കൂടുതൽ ഐസിയു കിടക്കകളും വെന്റിലേറ്റർ സൗകര്യങ്ങളും ഒരുക്കി. സർക്കാർ ആശുപത്രികളിൽ 2665 ഐസിയു കിടക്കകളും സ്വകാര്യ ആശുപത്രികളിൽ 7085 ഐസിയു കിടക്കകളും ഉൾപ്പെടെ ആകെ 9750 ഐസിയു കിടക്കകളും സർക്കാർ ആശുപത്രികളിൽ 2225 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിൽ 1523 വെന്റിലേറ്ററുകളും ഉൾപ്പെടെ ആകെ 3748 വെന്റിലേറ്ററുകളും സജ്ജമാക്കിയിരുന്നു. ഇവയിൽ തന്നെ 50 ശതമാനത്തോളം ഐസിയു കിടക്കകളും 25 ശതമാനത്തോളം വെന്റിലേറ്ററുകളും മാത്രമേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം

കോവിഡ് പ്രതിരോധത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പിച്ചു. സ്വകാര്യ ആശുപത്രികളുമായുള്ള ഇടപഴകൽ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്‌പി) വഴി നടത്തി.

ആശുപത്രി നിറയാതിരിക്കാൻ പ്രത്യേക സേവനങ്ങൾ

സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് കെയർ സെന്ററുകളുടെ എണ്ണവും സെന്ററുകളിലെ കിടക്കകളുടെ എണ്ണവും വർദ്ധിപ്പിച്ചു. എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും ഈ കേന്ദ്രങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായിരുന്നു. രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സയ്ക്കായി ഡൊമിസിലിയറി കെയർ സെന്ററുകൾ (ഡിസിസി) സ്ഥാപിച്ചു. വീട്ടിൽ ഐസൊലേഷൻ മതിയായ സൗകര്യങ്ങൾ ഉണ്ടെങ്കിൽ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ അനുവദിച്ചു. തീവ്രതയില്ലാത്ത രോഗലക്ഷണമുള്ള (കാറ്റഗറി എ) രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) സ്ഥാപിച്ചു. തീക്ഷ്ണ ലക്ഷണങ്ങളുള്ള (കാറ്റഗറി ബി) രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ (സിഎസ്എൽടിസി) സ്ഥാപിച്ചു. സിഎഫ്എൽടിസി, സിഎസ്എൽടിസി, ഡിസിസികളിലായി ആകെ 1427 കേന്ദ്രങ്ങളിലായി 1,24,282 കിടക്കകളാണ് സജ്ജമാക്കിയത്.

പരിശോധന 70,000 വരെ ആക്കി ഉയർത്തി

പരിശോധനാശേഷി പ്രതിദിനം 70,000 ടെസ്റ്റുകളായി ഉയർത്തി. ഇനിയും കൂട്ടാനാണ് ശ്രമിക്കുന്നത്. എല്ലാ ജില്ലകൾക്കും ജനസംഖ്യ, കേസ് ലോഡ് എന്നിവ അടിസ്ഥാനമാക്കി ദൈനംദിനം നടത്തേണ്ട പരിശോധനയുടെ എണ്ണം നൽകി. കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് എൻ.ഐ.വി. ആലപ്പുഴ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാനത്തുടനീളം സർക്കാർ സ്വകാര്യ ലാബുകൾ ഉൾപ്പെടെ 2231 ലാബുകൾ സ്ഥാപനങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നു.

കോവിഡ് ബ്രിഗേഡ്

സിഎഫ്എൽടിസികളിൽ പ്രവർത്തിക്കുന്നതിന് വളരെയേറെ ആരോഗ്യ പ്രവർത്തകർ ആവശ്യമായിരുന്നു. സർക്കാർ സർവീസിലുള്ളവരെ കൊണ്ട് മാത്രം അതിന് സാധിക്കില്ല. അതുകൊണ്ടു തന്നെ ആരോഗ്യ ആയുഷ് മേഖലകളിൽ നിന്നും സമാഹരിക്കുന്ന ആളുകളോടൊപ്പം മറ്റ് ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ളവരും സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്നവരേയും ചേർത്താണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്.

സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ

കോവിഡ്19 സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിച്ചു.

റിവേഴ്സ് ക്വാറന്റൈൻ

പ്രായം ചെന്നവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ ഭിശേഷിക്കാർ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ കൊറോണ ബാധിത മേഖലകളിൽ നിന്ന് വരുന്നവരിൽ നിന്നും പൂർണമായി മാറ്റി നിർത്തുന്നതിനും സമ്പർക്കം ഒഴിവാക്കുന്നതിനും വേണ്ടി റിവേഴ് ക്വാറന്റൈൻ പദ്ധതി നടപ്പിലാക്കി. ആരോഗ്യ വകുപ്പിന് പുറകെ പൊലീസ്, സാമൂഹ്യനീതി വകുപ്പ്, അങ്കണവാടി വർക്കർമാർ, ആശ വർക്കർമാർ വോളന്റിയർമാർ തുടങ്ങിയവർ ഈ വിഭാഗത്തിൽപ്പെട്ട ആളുകളുള്ള ഓരോ വീടുമായും ബന്ധപ്പെട്ട് അവരുടെ സമ്പർക്ക വിലക്ക് ഉറപ്പാക്കി.

ഇസഞ്ജീവനി മുതൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വരെ

കോവിഡ് കാലത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽ ചികിത്സ ഉറപ്പാക്കാൻ ഇസഞ്ജീവീനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. മികച്ച സേവനങ്ങളുടെ ഉപയോഗം ഉറപ്പാക്കുന്നതിന് ജില്ലാതലത്തിൽ ഇന്റൻസിവിസ്റ്റുകളുടെയും ക്രിട്ടിക്കൽ കെയർ വിദഗ്ധരുടെയും ജില്ലാ പൂൾ സ്ഥാപിച്ചു. കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം പോസ്റ്റ് കോവിഡ് ലക്ഷണങ്ങളുള്ള രോഗികളുടെ ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചു. പിഎച്ച്സി, സിഎച്ച്സി, എഫ്എച്ച്സി തലത്തിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും ടിഎച്ച്ക്യു, ഡിഎച്ച്, ജിഎച്ച്, മെഡിക്കൽ കോളേജുകളിൽ റഫറൽ ക്ലിനിക്കുകളും ആരംഭിച്ചു.

കോവിഡ്19 സ്‌റ്റെപ്പ് കിയോസ്‌കുകൾ

വിമാനത്താവളങ്ങൾ, അതിർത്തി പ്രദേശങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, മറ്റ് ട്രാൻസിറ്റ് പോയിന്റുകൾ, ഷോപ്പിങ് മാളുകൾ, ശബരിമല തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ്19 സ്‌റ്റെപ്പ് കിയോസ്‌കുകൾ (സ്‌ക്രീനിങ്, ടെസ്റ്റിങ്, വിദ്യാഭ്യാസം, പ്രതിരോധം) സ്ഥാപിച്ചു.

ഡിലേയിങ് ദ പീക്ക്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിൽ കേരളം ആകെ ഉണർന്നു പ്രവർത്തിച്ചു. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടി. ഏറ്റവും ശരിയായ പരിശോധനാ രീതിയും നിയന്ത്രണ രീതിയുമാണ് കേരളം അവലംബിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് സംസ്ഥാനം കാര്യങ്ങൾ നിയന്ത്രിച്ചത്. ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതി ശരിയെന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ ക്വാറന്റൈൻ രീതിയും സിഎഫ്എൽടിസിയും ഹോം ക്വാറന്റൈനുമെല്ലാം ലോകം ചർച്ച ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും വളരെയധികം കുറയ്ക്കാൻ നമുക്ക് സാധിച്ചു. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതൽ 10 ശതമാനമായപ്പോൾ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് എല്ലായിപ്പോഴും 0.4 ശതമാനത്തിന് താഴെയാക്കാൻ സാധിച്ചു. മരണനിരക്ക് കുറച്ച് നിർത്തിയിരിക്കുന്നത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. വിദേശ രാജ്യങ്ങളുടെ പോലും പ്രശംസയ്ക്ക് കാരണമായതും ഇതുതന്നെയാണ്.ഇന്ത്യയിൽ ഏറ്റവുമാദ്യം കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് ഇപ്പോൾ അവസാനം ഉച്ഛസ്ഥായിലെത്തുന്നത്. ഇതിലൂടെ രോവ്യാപന വേഗത, നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ വളർച്ചയുടെ വേഗതയെക്കാൾ താഴെ നിർത്താൻ നമുക്ക് സാധിച്ചു. ലോകത്തു തന്നെ ഏറ്റവും നല്ല ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലി പോലുള്ള രാജ്യങ്ങളിലും ഇന്ത്യയിലെ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പെട്ടന്ന് കേസുകൾ വർധിച്ചപ്പോൾ വെന്റിലേറ്ററുകളും ഐസിയുകളും ലഭ്യമാകാതെ ചികിത്സ കിട്ടാത്ത അവസ്ഥയുണ്ടായി. എന്നാൽ കേരളത്തിൽ രോഗവ്യാപനത്തിന്റെ വേഗത കുറച്ചു നിർത്തിയതു കൊണ്ടുതന്നെ ആരോഗ്യ മേഖലയുടെ കപ്പാസിറ്റി മറികടക്കാതെ എല്ലാവർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചു.ഒരു ഘട്ടത്തിൽ പോലും നമ്മുടെ 50 ശതമാനത്തിൽ കൂടുതൽ ഐസിയുകളും 25 ശതമാനത്തിലധികം വെന്റിലേറ്ററുകളും ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നത് ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇത് നമുക്ക് നൽകിയ നേട്ടമെന്ന് പറയുന്നത് അനേകം ജീവനുകൾ രക്ഷിക്കാൻ സാധിച്ചു. അതേസമയം പീക്ക് ഡിലേ ചെയ്യിക്കുന്നതിന്റെ മറ്റൊരു വശം സമൂഹത്തിന്റെ രോഗം ബാധിക്കാൻ ബാക്കിയുള്ളവരുടെ ശതമാനം കൂടുതലായതിനാൽ ഇളവുകൾ കൊടുക്കുമ്പോൾ കേസുകൾ സ്വാഭാവികമായും വർധിക്കുക തന്നെ ചെയ്യും. ആ സാഹചര്യത്തിൽ വാക്സിൻ ലഭ്യമാകുന്നത് വരെ ജാഗ്രത വർധിപ്പിക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള പരിഹാരം.

ബ്രേക്ക് ദ ചെയിൻ

കൊറോണയുടെ കണ്ണികളെ പൊട്ടിക്കാൻ ബ്രേക്ക് ദ ചെയിൻ നടപ്പിലാക്കി. സർക്കാർ ആവിഷ്‌ക്കരിച്ച ബ്രേക്ക് ദ ചെയിൻ കോവിഡ് പ്രതിരോധത്തിൽ വലിയ പങ്കു വഹിച്ചു. തുപ്പരുത് തോറ്റുപോകും, ജീവന്റെ വിലയുള്ള ജാഗ്രത എന്നിവ അവബോധത്തിന് വളരെയേറെ സഹായിച്ചു.

ഓണംമുതൽ ഇതുവരെ

മൂന്നാം ഘട്ടത്തിൽ ലോക് ഡൗൺ മാറിയതോടെ രോഗികളുടെ എണ്ണം ഉയർപ്പോൾ കൃത്യമായ ആസൂത്രണത്തോടെ രോഗം നിയന്ത്രിച്ചു. പിന്നീട് ഓണം കഴിഞ്ഞുള്ള ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണം കൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. ഒക്‌ടോബർ മാസത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബർ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാൻ സാധിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവർത്തനങ്ങളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്. തുടർന്നിങ്ങോട്ട് പല നിയന്ത്രണങ്ങളും ഒഴിവാക്കി. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയെങ്കിലും നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയാണുള്ളത്.

ഇനിയും തുടരണം ജീവന്റെ വിലയുള്ള ജാഗ്രത

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നെങ്കിലും ഇനിയും നമ്മൾക്ക് ലോക്ഡൗണിലേക്ക് പോകാൻ സാധിക്കില്ല. അങ്ങനെ പതിയെ പതിയെ കോവിഡിനോടൊപ്പം ജാഗ്രതയോടെ ജീവിക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. എങ്കിലും ആരും ജാഗ്രത വെടിയരുത്. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം.

പ്രതീക്ഷയേറി കോവിഡ് വാക്സിൻ

കോവിഡ് വാക്സിന് അനുമതി ലഭിച്ചതോടെ ഈ വർഷം പ്രതീക്ഷ നൽകുന്നു. കേന്ദ്രം വാക്സിൻ എത്തിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിൻ എത്തിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും മറ്റ് വിവിധ വിഭാഗങ്ങളിലെ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. എല്ലാവരിലും വാക്സിൻ എത്തുന്നതുവരെ ഇനിയും ഈ പോരാട്ടം കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്. അതിനായി എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.

ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ കൊറോണ വൈറസ്...

Posted by K K Shailaja Teacher on Friday, January 29, 2021