ജിദ്ദ: സൗദിയിൽ മെർസ് (കൊറോണ വൈറസ്) രോഗം പടരുന്നതായി റിപ്പോർട്ട്. ഫെബ്രുവരി മാസത്തിൽ മാത്രം രാജ്യത്ത് 11 പേർ മെർസ് രോഗം ബാധിച്ച് ചികിൽസ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച 11 പേർ ഉൾപ്പെടെ രാജ്യത്ത് നിലവിൽ 15 പേരാണ് അപൂർവ വൈറസ് രോഗം ബാധിച്ച് ചികിൽസയിലുള്ളത്.

വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ രോഗം മൂലം മരിക്കുന്ന ആരോഗ്യ ജീവനക്കാരുടെ കുടുംബത്തിന് അഞ്ച്് ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ മന്ത്രാലയം തീരുമാനിച്ചു. സൗദിയിലെ സർക്കാർ-സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ മെർസ് മൂലം മരണപ്പെടുകയാണെങ്കിൽ കുടുംബത്തിന് അഞ്ച് ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സൗദി ആരോഗ്യ, സിവിൽ സർവീസ്, ധന മന്ത്രാലയങ്ങൾ പഠനം നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്.ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശി മെർസ് ബാധിച്ച് മരിച്ചാലും കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകും.

റിയാദിൽ അഞ്ചു പേർക്കും ഹുഫൂഫ്, അൽ ഖർജ് എന്നിവിടങ്ങളിൽ രണ്ടു പേർക്കും ദമ്മാം, നജ്‌റാൻ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം കണെ്ടത്തിയത്. കാർഷിക മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹായത്തോടെ രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള ടപടികളും മുൻകരുതൽ നടപടികളും ആരോഗ്യ മന്ത്രാലയം തുടരുകയാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.