കുവൈത്ത്: കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് തുക വിമാന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെടുത്താൻ സാധ്യത. രാജ്യത്ത് സന്ദർശക വിസയിൽ എത്തുന്നവരിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് തുക ഈടാക്കുന്നതിനായി വിവിധ മാർഗങ്ങൾ പരിഗണിക്കുന്നതായി ഭാഗമായാണ് ആരോഗ്യമന്ത്രാലയം ഇത്തരമൊരു നീക്കം നടത്തുന്നത്.

കുവൈത്തിൽ എത്തുന്ന വിദേശികളിൽ പലരും രാജ്യത്തെ ആരോഗ്യ സംവിധാനം സൗജന്യമായി ഉപയോഗിക്കുന്ന സാഹചര്യം വർധിച്ചതിനെ തുടർന്നാണ് ഈ നടപടി. മിക്ക രാജ്യങ്ങളും സന്ദർശക വിസയിൽ എത്തുന്നവരിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് ഈടാക്കുന്നുണ്ട്. സന്ദർശകവിസയിൽ കുവൈത്തിൽ എത്തുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് തുക വിമാന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെടുത്തിയാൽ എയർപോർട്ട് നികുതി, ട്രാവൽ ഇൻഷുറൻസ് എന്നിവയെക്കൂടാതെ ആരോഗ്യ ഇൻഷുറൻസും ഈടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.

വിമാനത്താവളം, തുറമുഖം, റോഡ് മാർഗമുള്ള അതിർത്തികൾ തുടങ്ങിയ ഇടങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് തുക അടയ്ക്കുന്നതിനുള്ള സംവിധാനം നിലവിൽ വരും. രാജ്യത്ത് താമസാനുമതി രേഖയുള്ളവർക്ക് നിലവിൽ ആരോഗ്യ ഇൻഷുറൻസ് അടച്ചില്ലെങ്കിൽ ഇഖാമ പുതുക്കാനാകില്ല. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ.