കുളി മനുഷ്യന്റെ ജീവിതത്തിലെ അവിഭാജ്യമായ ഘടകമാണ്. ഒരു ദിവസം പോലും കുളിക്കാതിരിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമ്മള്‍ കുളിക്കുന്നത് ശരിയായ രീതിയിലാണോ എന്ന് എത്ര പേര്‍ ചിന്തിക്കാറുണ്ട്. കുളിക്കും അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലപ്പോള്‍ നമ്മളില്‍ പലരും തെറ്റായ രീതിയിലാണോ ഇത്രയും കാലം കുളിച്ചത് എന്ന് ഇവരുടെ വിശദീകരണം കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുകയും ചെയ്യും.

നമ്മള്‍ കുളിക്കേണ്ടതിന്റെ ശരിയായ ക്രമമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുളിക്കുന്നവരില്‍ 86 ശതമാനം പേരെങ്കിലും ഇതിലെ ഏതെങ്കിലും രീതിയായിരിക്കും സ്വീകരിച്ചിട്ടുള്ളത് എന്നാണ് കരുതപ്പെടുന്നത്. ഷവര്‍ ജെല്‍ ബ്രാന്‍ഡ് പറയുന്നത് പ്രകാരം നമ്മള്‍ ആദ്യം കഴുകേണ്ടത് മുടിയാണ്. ആദ്യം ഷാംപൂ ഉപയോഗിച്ചും തുടര്‍ന്ന് കണ്ടീഷണര്‍ ഉപയോഗിച്ചുമാണ് കഴുകേണ്ടത്. മുടി നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ശരീരം കഴുകാന്‍ പാടുള്ളൂ.

നിസ്സാരമെന്ന് തോന്നാമെങ്കിലും, ഇത് വലിയ മാറ്റമുണ്ടാക്കും എന്നാണ് റിപ്പോര്‍ട്ട്. തലയില്‍ എണ്ണയുടേയോ ജെല്ലിന്റെയോ അവശിഷ്ടങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ഇതല്ലെങ്കില്‍ ഇവ ശരീരത്തില്‍ അടിഞ്ഞുകൂടി ത്വ്ക്കിന് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നത് ഉറപ്പാണ്.

ഇതിനെ കുറിച്ച് പഠനം നടത്തിയ ഒറിജിനല്‍ സോഴ്സ് എന്ന സ്ഥാപനം ബ്രിട്ടനിലെ രണ്ടായിരത്തോളം പേര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞ കാര്യം നാല്‍പ്പത്തിനാല് ശതമാനം ബ്രി്ട്ടീഷുകാരും ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നതിന് മുമ്പ് ഷവര്‍ ജെല്‍ ഉപയോഗിക്കുന്നു എന്നാണ്. ഇവരില്‍ ഏഴ് ശതമാനം പേരും ആദ്യം ഷവര്‍ ജെല്ലും തുടര്‍ന്ന് കണ്ടീഷണറും ഷാംപൂവും ഉപയോഗിക്കുന്നവരാണ്. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത ഇരുപത്തി രണ്ട് ശതമാനം പേരും ആദ്യം ഷാമ്പുവും പിന്നീട് ഷവര്‍ ജെല്ലും കണ്ടീഷണറുമാണ് ഉപയോഗിക്കുന്നത്.

ഇവരില്‍ പതിനാല് ശതമാനം പേര്‍ മാത്രമേ കൃത്യമായ രീതിയില്‍ ആദ്യം ഷാമ്പുവും പിന്നെ കണ്ടീഷണറും തുടര്‍ന്ന് ഷവര്‍ ജെല്ലും ഉപയോഗിക്കുന്നുള്ളൂ. എപ്പോഴും മികച്ചൊരു കുളിയോടെ നമ്മള്‍ പ്രഭാതം ആരംഭിച്ചാല്‍ ആ ദിവസം മുഴുവന്‍ അതിന്റെ ഉന്‍മേഷം നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രകൃതിദത്തമായ സുഗന്ധമുള്ള ഷവര്‍ ജെല്‍ ഉപയോഗിക്കുന്നതും നമ്മുടെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കൂടാതെ പലരും കുളിക്കാന്‍ വളരെ കുറിച്ച് ജലം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്. സറേ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. എന്നാല്‍ പൊതുജനങ്ങളില്‍ പലരും കൂടുതല്‍ സമയമെടുത്ത് തന്നെയാണ് കുളിക്കുന്നതെന്നാണ് സര്‍വ്വേ നടത്തിയവര്‍ പറയുന്നത്.