- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടാ...അവൻ അടിച്ചുഫിറ്റായി നിൽക്കുന്നത്; കുടിച്ചിട്ടില്ലെന്ന് പറഞ്ഞാലും ആരും..വിശ്വസിക്കില്ല; ഇതെന്തൊരു അവസ്ഥ; മദ്യപിക്കാതെ തന്നെ ലഹരിയുടെ പാതി ബോധത്തിൽ പോകുന്ന ചിലർ; ഇവരുടെ ശരീരത്തിൽ നടക്കുന്നത് തീർത്തും വിചിത്രമായ കാര്യങ്ങൾ; ഞെട്ടിപ്പിക്കുന്ന പഠനങ്ങൾ പുറത്ത്

ചില വ്യക്തികളിൽ മദ്യപിക്കാതെ തന്നെ ശരീരത്തിൽ ലഹരിയുണ്ടാക്കുന്ന അപൂർവ രോഗാവസ്ഥയായ 'ഓട്ടോ ബ്രൂവറി സിൻഡ്രോമിന് (എബിഎസ്)' പിന്നിൽ കുടലിലെ ചില ബാക്ടീരിയകളാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ അവസ്ഥയ്ക്ക് പ്രധാനമായും ഈസ്റ്റുകളാണ് കാരണമെന്ന മുൻധാരണ തിരുത്തുന്നതാണ് പുതിയ പഠനം. എബിഎസ് രോഗനിർണയത്തിലും ചികിത്സയിലും ഈ കണ്ടെത്തൽ ഒരു വഴിത്തിരിവായി മാറുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
എബിഎസ് ഉള്ളവരുടെ കുടലിലെത്തുന്ന കാർബോഹൈഡ്രേറ്റുകളെ പ്രത്യേകതരം ബാക്ടീരിയകൾ എഥനോൾ അഥവാ മദ്യമാക്കി മാറ്റുകയും അത് രക്തത്തിൽ കലർന്ന് ലഹരിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. മദ്യം കഴിച്ചിട്ടില്ലെങ്കിലും ആ വ്യക്തിക്ക് ലഹരിയുടെ എല്ലാ ലക്ഷണങ്ങളും അനുഭവപ്പെടും. നേരത്തെ, കാൻഡിഡ ആൽബിക്കൻസ്, കാൻഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്സിസ് ഗ്ലബ്രാറ്റ തുടങ്ങിയ ഈസ്റ്റുകളുടെ അമിതസാന്നിധ്യമാണ് എബിഎസിന് കാരണമായി കരുതപ്പെട്ടിരുന്നത്.
പുതിയ പഠനത്തിനായി, എബിഎസ് രോഗികളിൽ നിന്നും രോഗമില്ലാത്ത അവരുടെ കുടുംബാംഗങ്ങളിൽ നിന്നും കുടൽ ബാക്ടീരിയകൾ ശേഖരിച്ച് പരിശോധിച്ചു. എബിഎസ് രോഗികളുടെ മലപരിശോധനകളിൽ മറ്റുള്ളവരിലേക്കാൾ ഉയർന്ന അളവിൽ എഥനോൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ക്ലെബ്‌സിയല്ല ന്യൂമോണിയ, എസ്‌ഷെറിച്ച കോളി എന്നിവയുൾപ്പെടെയുള്ള ചില ബാക്ടീരിയകളെയും തിരിച്ചറിഞ്ഞു. ഈ ബാക്ടീരിയകളാണ് ഫെർമെൻ്റേഷന് കാരണമാകുന്ന എൻസൈമുകളുടെ വർദ്ധനവിന് പിന്നിലെന്ന് ഗവേഷകർ അനുമാനിക്കുന്നു.
കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയ്ക്ക് എബിഎസ് രോഗാവസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും ഈ സന്തുലിതാവസ്ഥ തടസ്സപ്പെടുമ്പോഴാണ് സാധാരണയായി ഈ അവസ്ഥ ഉണ്ടാകുന്നതെന്നുമാണ് കണ്ടെത്തൽ. മുൻകാല ചികിത്സകൾ ഫലിക്കാതെയിരുന്ന ഒരു എബിഎസ് രോഗിയിൽ നടത്തിയ ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാൻ്റ് (എഫ്എംടി - കുടൽ ബാക്ടീരിയകളെ പുനഃസ്ഥാപിക്കുന്ന ചികിത്സ) കാര്യമായ പുരോഗതി കാണിച്ചു. ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഒന്നര വർഷത്തോളം രോഗിക്ക് എബിഎസ് ലക്ഷണങ്ങൾ കാണപ്പെട്ടില്ല എന്നതും ഈ കണ്ടെത്തലിന് ബലം നൽകുന്നു. ഈ പുതിയ വിവരങ്ങൾ എബിഎസ് ചികിത്സാരീതികളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
ഈ രോഗം തിരിച്ചറിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പലപ്പോഴും ഈ രോഗബാധിതർക്ക് പോലീസിൽ നിന്നും വീട്ടുകാരിൽ നിന്നും കടുത്ത പീഡനങ്ങൾ നേരിടേണ്ടി വരാറുണ്ട്. മദ്യപിച്ചിട്ടില്ല എന്ന് ഇവർ സത്യം ചെയ്താലും ശ്വസന പരിശോധനയിലോ (Breathalyzer) രക്തപരിശോധനയിലോ ആൽക്കഹോളിന്റെ സാന്നിധ്യം തെളിയും. പലരും ഇവരെ രഹസ്യമായി മദ്യപിക്കുന്നവരായി മുദ്രകുത്തുന്നു. മാനസികരോഗമാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകുന്ന സാഹചര്യവുമുണ്ട്.
എല്ലാവരിലും ഈ അവസ്ഥ ഉണ്ടാകില്ല. താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ഇതിന് സാധ്യത കൂടുതലാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഫംഗസുകൾക്ക് മദ്യം നിർമ്മിക്കാൻ എളുപ്പമാകും. കരളിലെ കൊഴുപ്പും കുടലിലെ ബാക്ടീരിയകളുടെ മാറ്റവും ഇതിന് കാരണമാകും.
കുടലിനെ ബാധിക്കുന്ന വീക്കങ്ങൾ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. ആന്റിബയോട്ടിക്കുകൾ കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുമ്പോൾ ഫംഗസുകൾ അമിതമായി വളരാൻ അവസരമൊരുങ്ങുന്നു.
കൃത്യമായ പരിശോധനകളിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാൻ സാധിക്കും. പഞ്ചസാരയും അന്നജവും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശീലമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചികിത്സ. കുടലിലെ ഫംഗസ് ബാധ നീക്കം ചെയ്യാനുള്ള ആന്റി-ഫംഗൽ മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിക്കും. കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താനുള്ള ഭക്ഷണങ്ങളും മരുന്നുകളും നൽകുന്നു.
ഓട്ടോ ബ്രൂവറി സിൻഡ്രോം എന്നത് വെറുമൊരു ശാസ്ത്ര കൗതുകമല്ല, മറിച്ച് ഒരാളുടെ സാമൂഹിക ജീവിതത്തെയും ജോലിയെയും തകർക്കുന്ന ഗുരുതരമായ അവസ്ഥയാണ്. ഇത്തരം ലക്ഷണങ്ങൾ കാണുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം വിദഗ്ധമായ വൈദ്യസഹായം ഉറപ്പാക്കുകയാണ് വേണ്ടത്. വിദേശരാജ്യങ്ങളിൽ ഈ രോഗാവസ്ഥ മൂലം ട്രാഫിക് കേസുകളിൽ അകപ്പെട്ടവർ കോടതിയിൽ ഈ ശാസ്ത്രീയ സത്യം തെളിയിച്ച് രക്ഷപ്പെട്ട സംഭവങ്ങൾ ധാരാളമുണ്ട്.


