വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമായ സീതപ്പഴം ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒരു ഉത്തമ ഫലമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പഴം ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് കാര്യമായ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ.

സീതപ്പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രശ്നങ്ങളെയും മലബന്ധത്തെയും തടയാൻ ഫലപ്രദമാണ്. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷൻ & ഫുഡ് സേഫ്റ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായകമാണ്.

ഈ പഴത്തിലെ വിവിധ ബയോആക്ടീവ് സംയുക്തങ്ങൾക്ക് കാൻസർ വിരുദ്ധ ​ഗുണങ്ങളുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ചിലതരം കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിൻ സി നിർണായക പങ്ക് വഹിക്കുന്നു. 100 ഗ്രാം സീതപ്പഴത്തിന്റെ പൾപ്പിൽ 91 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പഴത്തിലെ ഉയർന്ന വിറ്റാമിൻ സി അംശം പല രോഗങ്ങളെയും ചെറുക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് സീതപ്പഴം. 100 ഗ്രാം കസ്റ്റാർഡ് ആപ്പിളിൽ 53 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജല സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, സന്ധികളിൽ നിന്ന് ആസിഡുകൾ നീക്കം ചെയ്യുകയും വാതം, ആർത്രൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനാൽ സന്ധി സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് സീതപ്പഴം വളരെ ​പ്രയോജനകരമാണ്.

സീതപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, മഗ്നീഷ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ കൊളാജൻ മെച്ചപ്പെടുത്തുകയും ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുകയും ചെയ്യും. ഈ പോഷകസമൃദ്ധമായ പഴം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് കാര്യമായ സംഭാവന നൽകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.