- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനരോഷത്തിന് മുൻപിൽ മുട്ടുമടക്കി എല്ലാം തുറന്നു കൊടുത്തത് വിനയായി; ലോകത്തൊരിടത്തും സംഭവിക്കാത്ത പോലെ കോവിഡ് പടരുന്നു; മാർച്ചിന് മുൻപ് പത്തുലക്ഷം പേരെങ്കിലും മരിച്ചേക്കും; കോവിഡിൽ തളർന്ന് അവശയായി ചൈന
കോവിഡ് എന്ന മഹാവ്യാധിയുടെ പ്രഭവകേന്ദ്രമായിരുന്നു ചൈന. സമയത്ത് കാര്യങ്ങൾ ലോകത്തെ അറിയിക്കാതെയും, ഏറെ നുണകൾ പറഞ്ഞും ഒരുപക്ഷെ ഒരു പ്രദേശത്ത് ഒതുങ്ങുമായിരുന്ന മഹാമാരിയെ ലോകം മുഴുവൻ പരത്തിയതിൽ ചൈനക്ക് ഗണ്യമായ പങ്കുണ്ട് എന്നു തന്നെയാണ് ഇപ്പോഴും ഒരു കൂട്ടം വിദഗ്ദ്ധർ വിശ്വസിക്കുന്നത്. ഇപ്പോഴിതാ, മഹാവ്യാധിയുടെ നീരാളിപ്പിടുത്തത്തിൽ വലയുകയാണ് ചൈന. രാജ്യത്തെ 1.4 ബില്യണോളം വരുന്ന ജനങ്ങളിൽ പ്രതിരോധ ശേഷി കുറവായതിനാൽ, വരുന്ന മാസങ്ങളിൽ 10 ലക്ഷത്തോളം പേരെങ്കിലും ഈ മഹാവ്യാധിയൽ മരണപ്പെടും എന്നാണ് കരുതപ്പെടുന്നത്.
വരുന്ന മാർച്ച് മാസത്തിനു മുൻപായി രാജ്യത്തെ 60 ശതമാനം ജനങ്ങളേയും കോവിഡ് ബാധിക്കും എന്നാണ് ഇമ്മ്യുണോളജിസ്റ്റുകൾ പറയുന്നത്. മരണ സംഖ്യ അതിഭീമമാകാനും സാധ്യതയുണ്ടെന്ന് മറ്റു ചില വിദഗ്ദ്ധർ പറയുന്നു. തിങ്ങി നിറഞ്ഞ ആശുപത്രികളിൽ പലരും നിലത്ത് കിടക്കാൻ നിർബന്ധിതമായതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വന്നിട്ടുണ്ട്. റെസ്പിരേറ്ററുകളിൽ ജീവിക്കുന്ന രോഗികളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ക്ഷീണിതനായ ഒരു ഡോക്ടർ ബോധരഹിതനായി വീഴുന്നതിന്റെയും, ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഇടമില്ലെന്ന് അധികൃതർ വിലപിക്കുന്നതിന്റെയും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ദൃശ്യമാണ്. വക്സിനുകൾ നൽകിക്കഴിഞ്ഞിട്ടും ദീർഘകാലം നടപ്പിലാക്കിയ പ്രസിഡണ്ട് ഷീ ജിൻപിംഗിന്റെ സീറോ കോവിഡ് നയം തന്നെയാണ് ഇപ്പോഴത്തെ ഈ ദുരവസ്ഥക്ക് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കർശനമായ ഈ നയം, ചൈനാക്കാരുടെ സ്വാഭാവിക പ്രതിരോധശേഷി തകർത്തു കളയുകയായിരുന്നു.
ഇതിന് നേർ വിപരീതമായി ബ്രിട്ടൻ ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ കോവിഡിനൊപ്പം ജീവിക്കുവാൻ ആരംഭിച്ചതോടെ കോവിഡിന്റെ ഭീഷണി താരതമ്യേന ദുർബലമാവുകയായിരുന്നു. അതോടൊപ്പം വാക്സിൻ നൽകുന്ന പ്രതിരോധ ശേഷിയും കൊവിഡിനെ വലിയൊരു പരിധിവരെ തടുത്തു നിർത്താൻ സഹായിച്ചു. ചൈനീസ് വാക്സിന്റെ കാര്യക്ഷമതാ കുറവും, ചൈനയുടെ വാക്സിൻപദ്ധതി പാളിയതും ഇപ്പോഴുള്ള കോവിഡ് വ്യാപനത്തിന് മറ്റു കാരണങ്ങളാണ്.
അതേസമയം ഔദ്യോഗിക കണക്കുകൾ കാണിക്കുന്ന്ത് ചൈനയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് എന്നാണ്. ഡിസംബർ 20 ലെ കണക്ക് പ്രകാരം പ്രതിദിനം 1,801 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ട് മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 47 ശതമാനം കുറവാണിത്. നവംബർ 29 നായിരുന്നു രോഗവ്യപനം മൂർദ്ധന്യഘട്ടത്തിൽ എത്തിയത് എന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ കണക്കുകൾ തീരെ വിശ്വാസയോഗ്യമല്ല. സീറോ കോവിഡ് നയത്തിൽ നിന്നുള്ള മലക്കം മറിച്ചിലിന്റെ ഭാഗമായി വ്യാപകമായ പരിശോധന ചൈനീസ് സർക്കാർ നിർത്തലാക്കി എന്നത് തന്നെയാണ് കാരണം.
മഹാമാരിയുടെ സുനാമി എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തെ ഒരു ചൈനീസ് ഡോക്ടർ വിശേഷിപ്പിച്ചത്. ചൈനയിലെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയും ആശങ്കപ്പെടുകയാണെന്ന് ഡയറക്ടർ ജനറൽ ട്രെഡോസ് അദനോം ഗബ്രിയേസുസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ചൈനയിലെ ആശുപത്രികൾ നിറഞ്ഞു കവിയുകയാണെന്ന് ഡോ. എറിക് ഫെജി-ഡിങ് എന്ന ഇമ്മ്യുണോളജിസ്റ്റ് ട്വീറ്ററിൽ കുറിച്ചു.
വരുന്ന 90 ദിവസങ്ങൾക്കുള്ളിൽ ചൈനയിലെ 60 ശതമാനം പേരും മൊത്തം ലോകത്തെ 10 ശതമാനം പേരും ഈ രോഗത്തിന് അടിമപ്പെടും എന്നാണ് പകർച്ചവ്യാധി വിദഗ്ദ്ധർ വിലയിരുത്തുന്നത്. മരണ സംഖ്യ ലക്ഷങ്ങളിൽ എത്തി നിൽക്കുമെന്നും ഇവർ വിലയിരുത്തുന്നു. ഇപ്പോൾ കാണുന്നത് ഒരു ആരംഭം മാത്രമാണെന്നാണ് അവർ പറയുന്നത്. രോഗവ്യാപനം വർദ്ധിക്കുന്നതിനിടയിലുംഇന്നലെ ചൈനയിൽ നിന്നും കോവിഡ് മൂലമുള്ള മരണം ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് അൽപം ആശ്വാസം നൽകുന്ന ഒരു കാര്യമാണ്.
അതേസമയം, മൊത്തം മരണസംഖ്യയിൽ നിന്നും ഒന്ന് ഇന്നലെ കുറച്ചിട്ടുമുണ്ട്. ഈ മരണം കോവിഡ് മൂലമുള്ളതല്ല എന്ന് തീരുമാനിക്കാനുള്ള കാരണം പക്ഷെ കണക്കുകൾ പുറത്തു വിട്ട നാഷണൽ ഹെൽത്ത് കമ്മീഷൻ തയ്യാറായിട്ടില്ല. അതേസമയം, അതേ അശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം തലവൻ പറയുന്നത്, കോവിഡ് ബാധിച്ചവർക്ക് മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ, അവരുടെ മരണം കോവിഡ് മരണമായി കണക്കാക്കില്ല എന്നാണ്. അതേസമയം, യു എസ്, യു കെ പോലുള്ള രാജ്യങ്ങൾ പിന്തുടരുന്ന മാനദണ്ഡങ്ങൾ പ്രകാരം മരണത്തിന്റെ ഒരു ഘടകം കോവിഡ് ആയാൽ അത് കോവിഡ് മരണമായി കണക്കാക്കണം എന്നതാണ്.
ചൈനയിൽ ജനസംഖ്യ കൂടുതലാണ് എന്നതും, പ്രായമായവരിൽ വക്സിൻ എടുത്തവർ കുറവാണ് എന്നതിനാലും മരണ സംഖ്യ വർദ്ധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ എം ആർ എൻ എ വാക്സിനു വിഭിന്നമായി ചൈനയിലേത് വോൾ വൈറസ് വാക്സിൻ ആണ്. ഇത് മരണനിരക്ക് കുറയ്ക്കുന്നതിന് അത്ര ഫലപ്രദമല്ല എന്നാണ് കഴിഞ്ഞ വസന്തകാലത്തെ ഹോങ്കോംഗിന്റെ അനുഭവം തെളിയിക്കുന്നത്.സൈനോവാക്, സൈനോഫാം എന്നെ ചൈനയുടെ രണ്ട് വാക്സിനുകളും മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന എം ആർ എൻ എ വാക്സിനുകളോളം ഫലപ്രദമല്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
മറ്റു രാജ്യങ്ങളിൽ നൽകിയിരുന്നത് പോലെ ബൂസ്റ്റർ ഡോസ് ചൈനയിൽ നൽകിയിരുന്നില്ല, അതിനു പകരമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും, വ്യാപകമായി പരിശോധനകൾ നടത്തിയും രോഗവ്യാപനം നിയന്ത്രിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചത്. എന്നാൽ, ജനരോഷം തടയുവാനായി നിയന്ത്രണങ്ങൾ മാറ്റിയതോടെ വൈറസ് വ്യാപനം ശക്തിപ്രാപിക്കുകയായിരുന്നു. സീറോ കോവിഡ് നയം എടുത്തുകളഞ്ഞതല്ല, വ്യാപനത്തിനു കാരണം മറിച്ച് വാക്സിനേഷൻ കഴിഞ്ഞിട്ടും ആ നയം എടുത്തുമാറ്റാൻ ഇത്രയും വൈകിയതാണ് കാരണം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ