മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ തന്നെ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന പേവിഷബാധ (Rabies) പ്രതിരോധിക്കാൻ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ ചികിത്സ തേടുന്നത് നിർണായകമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നായ്ക്കൾ, വവ്വാലുകൾ തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്യുന്നതിലൂടെയാണ് പേവിഷബാധ പടരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മാസങ്ങളോളം നിശബ്ദമായി നിലനിൽക്കുമെന്നതിനാൽ, പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന ചൊറിച്ചിലും വേദനയും പേവിഷബാധയുടെ ആദ്യ സൂചനകളിലൊന്നാണ്. ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് പലപ്പോഴും ഈ ലക്ഷണങ്ങൾ പ്രകടമാകുന്നതെങ്കിലും, നിസ്സാരമായി കാണരുത്. പനി, ക്ഷീണം, തലവേദന, ശരീര വേദന തുടങ്ങിയ സാധാരണ ലക്ഷണങ്ങളും വൈറസ് ശരീരത്തിൽ പ്രവേശിച്ച് ദിവസങ്ങൾക്കു ശേഷം കണ്ടുതുടങ്ങാം. കടിയേറ്റതിന് ശേഷമാണ് ഇത്തരം ലക്ഷണങ്ങളെങ്കിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

പേവിഷബാധ നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ ഭക്ഷണം വിഴുങ്ങുന്നതിനും വെള്ളം കുടിക്കുന്നതിനും തടസ്സങ്ങളുണ്ടാകാം. വായിൽ നിന്ന് അമിതമായി ഉമിനീർ വരിക, പതയുക, ചെറിയ അളവിൽ പോലും വെള്ളം കുടിക്കാൻ ഭയക്കുക എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. വെള്ളത്തോടുള്ള ഈ ഭയം (Hydrophobia) പേവിഷബാധയുടെ സവിശേഷതയാണ്. തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് ഇതിന് കാരണം.

വൈറസ് തലച്ചോറിലെത്തുമ്പോൾ ആശയക്കുഴപ്പം, ഉത്കണ്ഠ, മാനസിക സംഘർഷം, ഭ്രമാത്മകത (Hallucinations) തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ചിലരിൽ ആക്രമണ സ്വഭാവവും പ്രകടമാകാറുണ്ട്. ഈ ലക്ഷണങ്ങളെല്ലാം അവഗണിക്കാതെ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടത് ജീവൻ രക്ഷിക്കാൻ അനിവാര്യമാണ്.