"തണുത്ത വെള്ളം കുടിക്കരുത്, ജലദോഷം വരും..." ഈ ഉപദേശം കേൾക്കാത്തവർ ഉണ്ടാകില്ല, പ്രത്യേകിച്ച് കുട്ടിക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലും. എന്നാൽ, തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടോ എ.സി.യിൽ ഇരിക്കുന്നതുകൊണ്ടോ ജലദോഷം വരില്ലെന്ന് ഡോക്ടർമാർ പറയുന്നു.

ജലദോഷം വരാനുള്ള യഥാർത്ഥ കാരണം റൈനോവൈറസ് ഉൾപ്പെടെയുള്ള 200-ൽ അധികം തരം വൈറസുകളാണ്. തൊണ്ട, സൈനസുകൾ, ശ്വാസനാളം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ജലദോഷം. തണുത്ത വെള്ളം, എ.സി. അല്ലെങ്കിൽ മഴ എന്നിവ ശരീരത്തിൽ വൈറസ് ബാധയുണ്ടാക്കുകയോ അണുബാധക്ക് കാരണമാവുകയോ ചെയ്യുന്നില്ല.

തണുപ്പ് എങ്ങനെ ബാധിക്കുന്നു?

എങ്കിലും തണുത്ത അന്തരീക്ഷം ജലദോഷത്തിൻ്റെ നിലവിലുള്ള ലക്ഷണങ്ങളെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥ മൂക്കിലെ പാളികളെ വരണ്ടതാക്കുന്നു. ഇത് വൈറസുകൾ പടരാൻ എളുപ്പമൊരുക്കും. തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ തൊണ്ടയിലെ സെൻസിറ്റീവായ ഭാഗങ്ങളിൽ അസ്വസ്ഥത കൂടുകയും വേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ വർധിക്കുകയും ചെയ്യും. എന്നാൽ ഇത് അണുബാധയല്ല, മറിച്ച് അസ്വസ്ഥത മാത്രമാണ്. പനി, ശരീരവേദന, മൂക്കൊലിപ്പ് എന്നിവയുടെ യഥാർത്ഥ കാരണം വൈറസ് തന്നെയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജലദോഷം അകറ്റിനിർത്താൻ, എ.സി.യെയോ ഫ്രിഡ്ജിനെയോ കുറ്റപ്പെടുത്തുന്നതിന് പകരം പ്രതിരോധ ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം:

വ്യക്തിശുചിത്വം, പ്രത്യേകിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക.

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല ഉപയോഗിക്കുക.

മുഖത്ത് ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.