യൂക്കാലിപ്റ്റസ് ഇലകൾക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിവിധ രോഗങ്ങളെ ചെറുക്കാനും ഇവയ്ക്ക് കഴിവുണ്ട്. കൂടാതെ, ഇവയുടെ ശക്തമായ ഗന്ധം വീടിനുള്ളിൽ സുഗന്ധം പരത്താനും കീടങ്ങളെ അകറ്റാനും സഹായിക്കുന്നു.

യൂക്കാലിപ്റ്റസ് ഇലകളിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുത്ത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ക്യാൻസർ, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും. പനി, ചുമ, സൈനസ്, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങൾക്കും യൂക്കാലിപ്റ്റസ് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഗന്ധം ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകും.

വരണ്ട ചർമ്മത്തിനും താരനും സോറിയാസിസ് പോലുള്ള പ്രശ്നങ്ങൾക്കും യൂക്കാലിപ്റ്റസ് ഇലകൾ ഉപയോഗിക്കാം. വേദന കുറയ്ക്കാനും യൂക്കാലിപ്റ്റസിന് കഴിവുണ്ട്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള വേദനയുള്ള അവസ്ഥകളിൽ ഇത് ശ്വസിക്കുന്നത് ആശ്വാസം നൽകുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, നാഡീവ്യവസ്ഥയെ ശാന്തമാക്കി സമ്മർദ്ദം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

വായയുടെ ശുചിത്വം മെച്ചപ്പെടുത്താനും യൂക്കാലിപ്റ്റസ് സഹായിക്കും. ഇതിന്റെ ആൻറിബാക്ടീരിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് പോലുള്ള ബാക്ടീരിയകളെ ചെറുക്കുകയും മോണരോഗങ്ങൾ, വായ്നാറ്റം എന്നിവ തടയുകയും ചെയ്യുന്നു.